മിശ്രവിവാഹം: മൂന്നൂറോളം വരുന്ന സംഘം ദളിത് കോളനി ആക്രമിച്ചു

By Web TeamFirst Published Mar 4, 2019, 12:16 AM IST
Highlights

മിശ്രവിവാഹത്തിന്‍റെ പേരില്‍ തമിഴ്നാട്ടിലെ വില്ലുപുരത്തെ ദളിത് കോളനി ഒരു വിഭാഗം ആളുകള്‍ അക്രമിച്ചു. സ്ത്രീകള്‍ ഉള്‍പ്പടെ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ വില്ലുപുരത്ത് പൊലീസ് വിന്യാസം ശക്തമാക്കി. ദമ്പതികള്‍ പൊലീസ് സംരക്ഷണയിലാണ്.

ചെന്നൈ: മിശ്രവിവാഹത്തിന്‍റെ പേരില്‍ തമിഴ്നാട്ടിലെ വില്ലുപുരത്തെ ദളിത് കോളനി ഒരു വിഭാഗം ആളുകള്‍ അക്രമിച്ചു. സ്ത്രീകള്‍ ഉള്‍പ്പടെ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ വില്ലുപുരത്ത് പൊലീസ് വിന്യാസം ശക്തമാക്കി. ദമ്പതികള്‍ പൊലീസ് സംരക്ഷണയിലാണ്.

വണ്ണിയാര്‍ സമുദായത്തില്‍പ്പെട്ട ജയപദ്രയെ ദളിത് വിഭാഗക്കാരനായ തിരുമൂര്‍ത്തി വിവാഹം ചെയ്തതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം.വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് രജിസ്റ്റര്‍ വിവാഹം ചെയ്തത്. പെണ്‍കുട്ടിയുടെ സമുദായക്കാരുടെ ആക്രമണം മുന്‍കൂട്ടി ഭയന്ന് ഇവര്‍ വില്ലുപുരത്ത് നിന്ന് മാറി കുടലൂര്‍ എത്തിയാണ് രജിസ്റ്റര്‍ ചെയ്തത്.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ഇരുവരെയും വിളിച്ചുവരുത്തിയ പൊലീസ് ജില്ലാ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. എന്നാല്‍ തിരുമൂര്‍ത്തിക്കൊപ്പം തന്നെ പോകണമെന്ന ജയപ്രദ ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാരും വണ്ണിയാര്‍ സമുദായത്തിലെ മുന്നൂറോളം ആളുകളും ഇരച്ച് എത്തി ദളിത് കോളനി ആക്രമിച്ചത്.

അമ്പതോളം വീടുകളും നിരവധി വാഹനങ്ങളും തല്ലിത്തകര്‍ത്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ പതിനഞ്ച് പേര്‍ ആശുപത്രിയിലാണ്. ആക്രമണം ഭയന്ന് ദമ്പതികള്‍ എസ്പി ഓഫീസില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട് വണ്ണിയര്‍ സമുദായത്തില്‍പ്പെട്ട അഞ്ച് പേരെ പൊലീസ് കസ്റ്റിഡിയിലെടുത്തു. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ കനത്ത പൊലീസ് കാവലിലാണ് വില്ലുപുരത്തെ ദളിത് കോളനി. 

click me!