
തൃശൂർ: ചാലക്കുടിയിൽ ഗൃഹനാഥനേയും ഭാര്യയേയും വീട് കയറി ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ അന്തർ സംസ്ഥാന ക്രിമിനൽ പിടിയിൽ. പിടിയിലായത് കർണ്ണാടകയിലും തമിഴ്നാട്ടിലും കേരളത്തിലും കൊലപാതകങ്ങടക്കം ഇരുന്നൂറോളം കേസുകളിലെ പ്രതി. സാമ്പത്തിക ഇടപാടുകളുടെ പേരിൽ കൊടകര ഇത്തുപ്പാടം സ്വദേശിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും ഭാര്യയുടെ ആഭരങ്ങളും പണവും കൊള്ളയടിക്കുകയും ചെയ്ത കേസിലാണ് എറണാകുളം കുറുമാശ്ശേരി സ്വദേശി ഹരികൃഷ്ണൻ പിടിയിലായത്.
വർഷങ്ങൾക്കു മുൻപ് യുവാവിനെ കൊന്ന് ചാക്കിൽക്കെട്ടി കുതിരാൻ മലയിൽ തള്ളിയതടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഹരികൃഷ്ണൻ. ഇപ്പോൾ തൃശ്ശൂർ കോടാലിയിൽ താമസക്കാരനുമായ ഹരികൃഷ്ണൻ ആളുകളെ മയക്കി കൊള്ളയടിക്കാൻ വിരുതനായതിനാൽ അരിങ്ങോടർ ഹരി എന്ന പേരിലാണ് അറിയപ്പെടുന്നത്.
രണ്ടു പതിറ്റാണ്ടു മുൻപ് വിവിധ ജില്ലകളിലായി മോഷണം, പിടിച്ചു പറി, ദേശീയ പാതയിൽ യാത്രക്കാരെ കൊള്ളയടിക്കൽ, വധശ്രമം, കൊലപാതകമടക്കം ഇരുന്നുറിലേറെ കേസുകളിൽ പ്രതിയാണ്. കേരള തമിഴ്നാട് കർണ്ണാടക പോലീസിന് തലവേദന സൃഷ്ടിച്ച സംഘത്തിലെ പ്രധാനിയായിരുന്നു ഹരി.
മൂന്നു സംസ്ഥാനങ്ങളിലേയും വിവിധ പോലീസ് സംഘങ്ങൾ ഇയാളെ തേടി നടക്കുകയായിരുന്നു. അടുത്ത കാലങ്ങളിൽ നടന്ന നിരവധി ക്ഷേത്രമോഷണങ്ങളി ലും ഹരിക്കും സംഘത്തിനും പങ്കുള്ള തായും സംശയിക്കുന്നു. എറണാകുളം - തൃശ്ശൂർ ജില്ലാതിർത്തിയിലെ ഒരു ജ്വല്ലറിയിൽ മോഷണത്തിന് പദ്ധതിയിട്ടിരുന്നതായി ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
പോലീസ് പിന്തുടരുന്നത് മനസിലാക്കി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ അതിസാഹസികമായാണ് ഹരിയെ പിടികൂടിയത്.പിടിയിലായപ്പോൾ ചെങ്ങമനാട് സ്വദേശി മോഹനൻ എന്ന വിലാസം നൽകി പിടികൂടിയ പോലീസ് സംഘത്തെ തെറ്റിദ്ധരിപ്പിക്കാനും ഹരി ശ്രമിച്ചിരുന്നു.