1 വര്‍ഷത്തെ ഇടവേളയില്‍ അതേ ദിവസം വീണ്ടും കൊലപാതകം; 14 കാരിയുടെ മരണത്തിലും പ്രതികള്‍ അമ്മയും മകനും

Published : Jan 16, 2022, 09:25 AM ISTUpdated : Jan 16, 2022, 09:36 AM IST
1 വര്‍ഷത്തെ ഇടവേളയില്‍ അതേ ദിവസം വീണ്ടും കൊലപാതകം; 14 കാരിയുടെ മരണത്തിലും പ്രതികള്‍ അമ്മയും മകനും

Synopsis

കഴിഞ്ഞ ദിവസം ശാന്തകുമാരിയെ തലക്കടിച്ചു കൊന്ന അതേ ചുറ്റിക കൊണ്ടാണ് പെൺകുട്ടിയുടെ തലയിലും ഷെഫീക്ക് അടിച്ചത്. മകൻ കാരണം ഒരു പെണ്ണ് ചത്തുവെന്ന് റഫീക്ക ഒരിക്കൽ പറഞ്ഞിരുന്നതായുള്ള സാക്ഷിമൊഴിയെ തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ഒരു വര്‍ഷം മുന്‍പ് നടന്ന കൊലപാതകം തെളിയുന്നത്

ഒരു വർഷം മുമ്പ് വിഴിഞ്ഞത്ത് (Vizhinjam) 14 കാരിയുടെ കൊല്ലപ്പെട്ട (Murder Case) സംഭവത്തിലും വഴിത്തിരിവ്. വിഴിഞ്ഞത് അയൽവാസിയെ കൊന്ന് തട്ടിന്‍ പുറത്ത് വച്ച കേസിൽ അമ്മയും കാമുകനും മകനും ഇന്നലെ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്യുമ്പോഴാണ് ഒരു വര്‍ഷം മുന്‍പ് 14കാരിയുടെ കൊലപാതക വിവരം പുറത്തുവരുന്നത്. പ്രതികൾ വാടക്ക് താമസിച്ചിരുന്ന വീട്ടുടമയുടെ മൊഴിയാണ് പതിനാലുകാരിയുടെ കൊലപാതകത്തില്‍ നിർണായകമായത്. മകൻ കാരണം ഒരു പെണ്ണ് ചത്തുവെന്ന് റഫീഖ ഒരിക്കൽ പറഞ്ഞിരുന്നതായി സാക്ഷി മൊഴി നൽകിയിരുന്നു. ഇതേ തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം തെളിഞ്ഞത്. ഒരുവര്‍ഷത്തെ ഇടവേളയില്‍ ഈ രണ്ട് കൊലപാതകങ്ങളും നടന്നിരിക്കുന്നത് ഒരേ മാസത്തിലും ഒരേ തീയതികളിലും ആണെന്നതും കേസിലെ പ്രത്യേകതയാണ്.

മകൻ പീഡിപ്പിച്ച വിവരം പുറത്തു പറയാതിരിക്കാനാണ് 14കാരിയെ കൊലപ്പെടുത്തിയതെന്നാണ് ഇന്നലെ അറസ്റ്റിലായ റഫീഖ ബീവി വിശദമാക്കുന്നത്. കഴിഞ്ഞ ദിവസം ശാന്തകുമാരിയെ തലക്കടിച്ചു കൊന്ന അതേ ചുറ്റിക കൊണ്ടാണ് പെൺകുട്ടിയുടെ തലയിലും ഷെഫീക്ക് അടിച്ചത്. നേരത്തെ റഫീഖ ബീവിയുടെ അയൽവാസിയായിരുന്ന പെൺകുട്ടിയെയാണ് കൊലപ്പെടുത്തിയത്. ഒരുവര്‍ഷം മുന്‍പ് വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടത്തിയ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാനായി മുന്നില്‍ നിന്നത് റഫീഖ ബീവിയായിരുന്നു.

പതിനാലുകാരിയായ പെണ്‍കുട്ടിയുടെ വീടിനോട് ചേർന്നുള്ള വാടക വീട്ടിൽ റഫീഖ ബീവിയും മകനും രണ്ട് വർഷത്തോളമാണ് താമസിച്ചത്. കഴിഞ്ഞ ജനുവരി 13 നാണ് പെണ്‍കുട്ടിയെ അവശ നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 30ല്‍ അധികം പേരെ അന്ന് പൊലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും കേസില്‍ തുമ്പൊന്നും ലഭിച്ചിരുന്നില്ല. മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്ന പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വീണ്ടും നടന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥലം മാറിപ്പോയത് കേസിനെ കാര്യമായി ബാധിച്ചിരുന്നു. കുട്ടിയുടെ കാലിന് വീക്കമല്ലാതെ മറ്റ് അസുഖങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നെന്ന് വീട്ടുകാർ അന്ന് മൊഴി നൽകിയിരുന്നു. മരിക്കുന്നതിന് തലേന്ന് രാത്രിയിൽ കുട്ടി ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. കൂടാതെ അന്ന് തന്നെ കുട്ടി സമീപവീടുകളിൽ ചെന്നിരുന്നതായി പ്രദേശവാസികളും മൊഴി നൽകിയിരുന്നു.  ഇതിനിടയിൽ ഇവിടെ നിന്നും റഫീഖാ ബീവിയും മകനും വീട് മാറി പോവുകയായിരുന്നു.

കഴിഞ്ഞ ദിവസം വിഴിഞ്ഞം മുല്ലൂർ കലുങ്ക് നട സ്വദേശിനി ശാന്തകുമാരി (75)യെയാണ് അയൽവാസിയുടെ വീട്ടിലെ മച്ചിന് മുകളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിലെ അന്വേഷണമാണ് പതിനാലുകാരിയുടെ മരണത്തിലും വഴിത്തിരിവായത്. 75കാരിയുടെ കൊലപാതകത്തില്‍ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന വിഴിഞ്ഞം ടൗൺ ഷിപ്പ് സ്വദേശിനി റഫീഖ ബീവി(48), മകൻ ഷഫീഖ് (25) റഫീഖയുടെ സുഹൃത്ത് പാലക്കാട് പട്ടാമ്പി സ്വദേശി അൽഅമീൻ (26) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോവളം തീരത്ത് ജോലിക്കെത്തിയ അൽഅമീൻ ഷഫീഖുമായി സൗഹൃദത്തിൽ ആകുകയും തുടർന്ന് റഫീഖയെ പരിചയപ്പെടുകയും ഇവർക്ക് ഒപ്പം മുല്ലൂരിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഒരാഴ്ച മുൻപ് റഫീഖയും അൽഅമീനും തമ്മിൽ വഴക്കിടുകയും തുടർന്ന് വീടിൻറെ വാതിലും മറ്റും കേടുപാടുകൾ വരുത്തിയിരുന്നു. ഇതോടെ വീട്ടുടമ ഇവരോട് വീട് ഒഴിയാൻ ആവശ്യപ്പെട്ടു. വീട് ഒഴിയുന്നതിന് മുന്നോടിയായി വീട്ടിലുണ്ടായിരുന്ന പാത്രങ്ങൾ ഉൾപ്പടെയുള്ള സാധനങ്ങൾ കൊല്ലപ്പെട്ട ശാന്തകുമാരിക്ക് റഫീഖ വിറ്റിരുന്നു. ഇതിൻറെ കാശ് കൊടുക്കാൻ വീട്ടിൽ എത്തിയ ശാന്തകുമാരിയെ പ്രതികൾ കഴുത്തിൽ ഷാൾ മുറുക്കി തലയ്ക്ക് ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവ ശേഷം ശാന്തകുമാരിയുടെ സ്വർണാഭരണങ്ങൾ കവർന്ന പ്രതികൾ മൃതദേഹം വീടിൻറെ മച്ചിനു മുകളിൽ ഒളിപ്പിച്ചു. വീട്ടിൽ തനിച്ചായിരുന്നു ശാന്തകുമാരി താമസിച്ചിരുന്നത്. സമീപത്ത് പിഎസ്സി പഠിക്കാൻ എത്തിയ വാടക വീടിൻറെ ഉടമസ്ഥൻറെ മകൻ വീടിൻറെ വാതിലിൽ താക്കോൽ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് ഉള്ളിൽ കയറി നോക്കവെയാണ് തട്ടിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്നത് കാണുന്നതും പൊലീസില്‍ വിവരം അറിയിക്കുന്നതും. 

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം