'ആ വാഹനാപകടവും ഒരു കൊലപാതകം'; ക്രൂരകൃത്യത്തിന്‍റെ ചുരുളഴിച്ച് തൊഴിയൂർ പ്രതികളുടെ ചോദ്യം ചെയ്യൽ

By Web TeamFirst Published Oct 16, 2019, 4:35 PM IST
Highlights

വാഹനാപകടം എന്ന് കരുതിയിരുന്ന മരണം കൊലപാതകമായിരുന്നുവെന്ന് കണ്ടെത്തിയത് 27 വർഷങ്ങൾക്കിപ്പുറം തൊഴിയൂർ കൊലക്കേസ് പ്രതികളുടെ ചോദ്യം ചെയ്യലിൽ...ആ കൊലപാതകത്തിന് പിന്നിലും തൊഴിയൂർ കേസിലെ പ്രതികൾ തന്നെ... പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

തിരൂ‍ർ: 27 വർഷം മുമ്പ് മലപ്പുറം പാലൂരിൽ ബിജെപി പ്രവർത്തകനായ മോഹനചന്ദ്രൻ വാഹനാപകടത്തിൽ മരിച്ചത് കൊലപാതകമായിരുന്നുവെന്ന് കണ്ടെത്തൽ. തൊഴിയൂർ കേസിൽ കസ്റ്റഡിയിലായ പ്രതികളെ ചോദ്യം ചെയ്തതിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. ഈ കൊലപാതകത്തിന് പിന്നിലും ഇതേ പ്രതികൾ ആയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അന്വേഷണ  ഉദ്യാേഗസ്ഥനായ തിരൂർ ഡിവൈഎസ്പി കെ എ സുരേഷ് ബാബു ആണ് പ്രതികളെ ചോദ്യം ചെയ്തത്. തൊഴിയൂർ കൊലപാതകക്കേസിൽ പ്രതികളായ യൂസഫ് അലി, ഉസ്മാൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

1992 ആഗസ്റ്റിലാണ് മലപ്പുറം പാലൂരിലെ ആർഎസ്എസ് പ്രവർത്തകനായ മോഹനചന്ദ്രൻ വാഹനാപകടത്തിൽ മരിക്കുന്നത്. രാത്രി 11  മണിയോടെ കടയടച്ച് സൈക്കിളിൽ വീട്ടിലേക്ക് വരികയായിരുന്ന മോഹനനെ ജീപ്പിടിച്ച് വീഴ്ത്തുകയായിരുന്നു. ശേഷം ജീപ്പിൽ നിന്നിറങ്ങി നാലംഗ സംഘം അടിച്ചും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നുവെന്നും പ്രതികളായ യൂസഫ് അലി, സ്വദേശി ഉസ്മാൻ എന്നിവർ തിരൂർ ഡിവൈഎസ്പിക്ക് മൊഴി നൽകി. ഈ മരണത്തിന് പിന്നിലും ജംഇയ്യത്തുൽ ഹിസാനിയയുടെ പ്രവർത്തകരായ നാലംഗ സംഘമെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി. 

രാവിലെ വഴിയരികിൽ മോഹനചന്ദ്രൻ മരിച്ചു കിടക്കുന്നത് കണ്ട നാട്ടുകാരും പിന്നീട് ബന്ധുക്കളും ഇത് അപകടമരണമാണെന്നാണ് കരുതിയത്. അതിനാൽ ഇത് വരെയും മരണത്തിൽ അന്വേഷണം നടത്തിയിരുന്നില്ല. എന്നാൽ ഇത് കൊലപാതകമെന്ന് വെളിവായ സാഹചര്യത്തിൽ കേസിൽ പുനരന്വേഷണം നടത്താനും തീരുമാനമായി. 

1994 ഡിസംബർ നാലിന് പുലർച്ചെയാണ് തൊഴിയൂർ സുനിൽ എന്ന ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊല്ലുന്നത്. ലോക്കൽ പൊലീസ് കേസന്വേഷിച്ചപ്പോൾ, സിപിഎം പ്രവർത്തകരായ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. കേസിലാദ്യം ലോക്കൽ പൊലീസ് ഒമ്പത് പേരെ പ്രതികളാക്കി കേസെടുത്തു. ഇതിൽ നാല് പേരെ, 1997 മാർച്ചിൽ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചു. മുതുവട്ടൂർ സ്വദേശികളായ വി ജി ബിജി, രായംമരയ്ക്കാർ വീട്ടിൽ റഫീഖ്, തൈക്കാട് ബാബുരാജ്, ഹരിദാസൻ എന്നിവർ ജയിലിലായി. എന്നാൽ 2012-ൽ ഈ ശിക്ഷ റദ്ദാക്കി പുനരന്വേഷണത്തിന് ഉത്തരവിട്ടത് ഹൈക്കോടതിയാണ്.

Read More: ആർഎസ്എസ് പ്രവർത്തകനായ തൊഴിയൂർ സുനിലിന്‍റെ വധം: രണ്ട് പേർ കൂടി കസ്റ്റഡിയിൽ

കേസ് പിന്നീട് അന്വേഷിച്ച ക്രൈംബ്രാഞ്ച് 25 വർഷത്തിന് ശേഷം പ്രതികളെ കണ്ടെത്തി. തീവ്രവാദ സംഘടനയായ ജംഇയ്യത്തുൽ ഹിസാനിയയുടെ പ്രവർത്തകരായിരുന്നു യഥാർത്ഥ പ്രതികൾ. രണ്ട് വർഷത്തോളം നിരീക്ഷിച്ച ശേഷമാണ് പ്രതികളെ പൊലീസ് പിടികൂടുന്നത്. നേരത്തേ കേസിലെ മുഖ്യപ്രതിയായ മൊയിനുദ്ദീൻ അറസ്റ്റിലായിരുന്നു. വിദേശത്തായിരുന്ന യൂസഫ് അലി നാട്ടിലെത്തിയപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചാണ് അറസ്റ്റിലായത്. കേസിലാകെ എട്ട് പ്രതികളാണുള്ളത്. മുഖ്യപ്രതിയായ മൊയിനുദ്ദീനും മറ്റ് രണ്ട് പേരും അറസ്റ്റിലായതോടെ, ഇനി അഞ്ച് പേരെയാണ് ക്രൈംബ്രാഞ്ചിന് പിടികൂടാനുള്ളത്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഊർജിതമാക്കിയിട്ടുണ്ട്. 
 

click me!