കൂടത്തായി കൊലപാതക പരമ്പര: നോട്ടറി അഭിഭാഷകനെ പ്രതിചേര്‍ത്ത് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘം

Published : Mar 27, 2020, 12:57 AM IST
കൂടത്തായി കൊലപാതക പരമ്പര: നോട്ടറി അഭിഭാഷകനെ പ്രതിചേര്‍ത്ത് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘം

Synopsis

കൂടത്തായി കൊലപാതക പരമ്പരയില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങി അന്വേഷണസംഘം. റോയ് തോമസ് വധക്കേസില്‍ നോട്ടറി അഭിഭാഷകന്‍ വിജയകുമാറിനെ പ്രതിയാക്കിയാണ് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നത്.  


കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങി അന്വേഷണസംഘം. റോയ് തോമസ് വധക്കേസില്‍ നോട്ടറി അഭിഭാഷകന്‍ വിജയകുമാറിനെ പ്രതിയാക്കിയാണ് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നത്. ആറ് കുറ്റപത്രങ്ങളാണ് ഇതുവരെ സമര്‍പ്പിച്ചിരിക്കുന്നത്.

കൂടത്തായി കേസില്‍ വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയതിനാണ് കുന്ദമംഗലത്തെ നോട്ടറി അഭിഭാഷകനായ സി.വിജയകുമാറിനെ പ്രതി ചേര്‍ത്ത് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നത്. റോയ് തോമസ് വധക്കേസില്‍ ഇതോടെ ഇയാള്‍ അഞ്ചാം പ്രതിയാകും. നോട്ടറി എന്ന നിലയില്‍ നിയമ സംരക്ഷണം ഉള്ളതിനാല്‍ നിയമ സെക്രട്ടറിയില്‍ നിന്ന് അന്വേഷണ സംഘം അനുമതി വാങ്ങിയിട്ടുണ്ട്. കൊവിഡ് കാലാവധി കഴിഞ്ഞാലുടന്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും.

റോയ് തോമസ് വധക്കേസില്‍ ജോളിയാണ് ഒന്നാം പ്രതി. ജോളിയുടെ സുഹൃത്ത് എംഎസ് മാത്യു, സ്വര്‍ണ്ണപ്പണിക്കാരനായ പ്രജുകുമാര്‍ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. വ്യാജ ഒസ്യത്തുണ്ടാകാന്‍ സഹായിച്ച മനോജ് നാലാം പ്രതി. ഭര്‍തൃപിതാവ് ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാന്‍ ജോളിയാണ് വ്യാജ ഒസ്യത്ത് തയ്യാറാക്കിയത്. ഇതാണ് നോട്ടറി അഭിഭാഷനായ വിജയകുമാര്‍ സാക്ഷ്യപ്പെടുത്തിയത്.

നോട്ടറി രജിസ്റ്ററില്‍ ടോം തോമസിന്റേതെന്ന പേരില്‍ ഒപ്പിട്ടത് ജോളിയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ രജിസ്റ്റര്‍ അന്വേഷണ സംഘം പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധന നടത്തിയ ശേഷമാണ് വിജയകുമാറിനെതിരെ കേസെടുക്കാന്‍ തീരുമാനിച്ചത്. നിയമ സെക്രട്ടറിയില്‍ നിന്ന് ഈ മാസം ആറിന് നോട്ടറിക്കെതിരെ കേസെടുക്കാന്‍ അനുമതി ലഭിച്ചതോടെയാണ് അന്വേഷണ സംഘം വിജയകുമാറിനെതിരെ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഇതിനകം തന്നെ ജില്ലാ സെഷന്‍സ് കോടതിയില്‍ എത്തിച്ചിട്ടുണ്ട്. താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സൂക്ഷിച്ചിരുന്ന കുറ്റപത്രവും തൊണ്ടിമുതലുകളുമാണ് കോഴിക്കോട്ടെ കോടതിയില്‍ എത്തിച്ചത്.

PREV
click me!

Recommended Stories

14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ