ജീവനെടുത്തത് ആഭിചാരമോ? പേരൂർക്കട ലോ അക്കാദമിയിലെ അധ്യാപകന്റെ ആത്മഹത്യയിൽ കാരണം തേടി പൊലീസ്

By Web TeamFirst Published Aug 20, 2021, 7:18 AM IST
Highlights

പേരൂർക്കട ലോ അക്കാദമിയിലെ അധ്യാപകന്റെ ആത്മഹത്യ പൊലീസിനെ കുഴയ്ക്കുന്നു. കാര്യമായ പ്രശ്നങ്ങളില്ലാത്ത സുനിൽകുമാർ എന്തിന് ആത്മഹത്യ ചെയ്തെന്ന സംശയമാണ് അന്വേഷണത്തെ വഴിമുട്ടിക്കുന്നത്. ഇന്നലെ വൈകീട്ട് സുനിൽകുമാറിന്റെ സംസ്കാരം നടന്നു.

തിരുവനന്തപുരം: പേരൂർക്കട ലോ അക്കാദമിയിലെ അധ്യാപകന്റെ ആത്മഹത്യ പൊലീസിനെ കുഴയ്ക്കുന്നു. കാര്യമായ പ്രശ്നങ്ങളില്ലാത്ത സുനിൽകുമാർ എന്തിന് ആത്മഹത്യ ചെയ്തെന്ന സംശയമാണ് അന്വേഷണത്തെ വഴിമുട്ടിക്കുന്നത്. ഇന്നലെ വൈകീട്ട് സുനിൽകുമാറിന്റെ സംസ്കാരം നടന്നു.

എപ്പോഴും ഉന്മേഷവാനായ അധ്യാപകൻ. കോളേജിലെ മറ്റ് അധ്യാപകരും വിദ്യാർത്ഥികളുമായും അടുത്ത ബന്ധം. സുഹൃത്തുക്കൾക്ക് ഏറെ പ്രിയപ്പെട്ടവൻ. എല്ലാ കാര്യത്തിനും മുൻപന്തിയിലുള്ളയാൾ. സന്തോഷകരമായ കുടുംബ ജീവിതം. പിന്നെയും എന്തിന് സുനിൽകുമാർ ആത്മഹത്യ ചെയ്തെന്ന ചോദ്യമാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒപ്പം പൊലീസിനെയും കുഴക്കുന്നത്.

ലോ അക്കാദമിയിലെ 2004 ബാച്ച് വിദ്യാർത്ഥിയായിരുന്ന സുനിൽകുമാർ സഹപാഠികളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. പക്ഷെ കഴിഞ്ഞ കുറച്ച് മാസങ്ങളിലായി അകലം പാലിച്ചിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. അടുത്ത സുഹൃത്തുക്കളോട് പോലും പലപ്പോഴും സംസാരിച്ചിരുന്നില്ല. എന്നാൽ കാര്യമായ പ്രശ്നങ്ങളൊന്നും ആർക്കും അറിയില്ല. 

ആഭിചാരചിന്തകളോട് സുനിൽകുമാറിന് താത്പര്യമുണ്ടായിരുന്നതായാണ് ചിലരിൽ നിന്നായി പൊലീസിന് കിട്ടിയ സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത സുഹൃത്തുക്കളോടും വിദ്യാർത്ഥികളോടും പൊലീസ് വിവരങ്ങൾ തേടുന്നുണ്ട്. നന്നായി വായിക്കുകയും, പുതിയ കാര്യങ്ങൾ പഠിക്കാൻ താത്പര്യപ്പെടുകയും ചെയ്യുന്ന പ്രകൃതമായിരുന്നു സുനിലിന്റേത്. ഇൻസ്റ്റഗ്രാമിൽ മരണത്തെ സൂചിപ്പിക്കുന്ന പോസ്റ്റുകളും സുനിൽ പങ്കുവച്ചിരുന്നു.

സുനിൽകുമാറിന്റെ മൊബൈൽ കണ്ടെത്താനായുമായിട്ടില്ല. തീപ്പിടുത്തതിൽ മൊബൈലും ഉരുകിപോയിട്ടുണ്ടാകാമെന്നാണ് പൊലീസ് വിലയിരുത്തൽ. ബുധനാഴ്ച ഉച്ചയ്ക്കാണ് കോളെജ് ഗ്രൗഡിൽ പെട്രോൾ ഒഴിച്ച് കത്തിച്ച് സുനിൽകുമാർ ആത്മഹത്യ ചെയ്തത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!