കാട്ടാക്കടയിലെ ഗൃഹനാഥനെ ജെസിബി കൊണ്ട് അടിച്ച് കൊന്ന സംഭവം: ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി

By Web TeamFirst Published Jan 25, 2020, 8:57 PM IST
Highlights

കേസിൽ മുഖ്യപ്രതിയെന്ന് കരുതുന്ന ചാരുപാറ സ്വദേശി സജു, വനംവകുപ്പുദ്യോഗസ്ഥൻ എന്ന് സ്വയം പരിചയപ്പെടുത്തിയ മറ്റൊരാൾ, ഉത്തമൻ എന്ന ടിപ്പർ ലോറിയുടമ എന്നിവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

തിരുവനന്തപുരം: കാട്ടാക്കടയില്‍ മണ്ണെടുക്കുന്നത് തടഞ്ഞ ഗൃഹനാഥനെ ജെസിബി കൊണ്ട് അടിച്ചു കൊന്ന കേസില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലുള്‍പ്പെട്ട ടിപ്പർ ലോറി ഡ്രൈവർ വിജിനാണ് അറസ്റ്റിലായത്. വിജിൻ ഇന്നലെ രാത്രി പൊലീസിന് മുമ്പാകെ കീഴ‍ടങ്ങിയിരുന്നു. കേസിൽ മുഖ്യപ്രതിയെന്ന് കരുതുന്ന ചാരുപാറ സ്വദേശി സജു, വനംവകുപ്പുദ്യോഗസ്ഥൻ എന്ന് സ്വയം പരിചയപ്പെടുത്തിയ മറ്റൊരാൾ, ഉത്തമൻ എന്ന ടിപ്പർ ലോറിയുടമ എന്നിവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

കാട്ടാക്കട അമ്പലത്തിൻകാല കാഞ്ഞിരവിളയിൽ സംഗീതിനെയാണ് ഇന്നലെ മണ്ണ് മാഫിയ കൊലപ്പെടുത്തിയത്. നേരത്തേ സംഗീതിന്‍റെ പുരയിടത്തിൽ നിന്ന് മണ്ണെടുപ്പ് അനുമതിയോടെ നടന്നിരുന്നതാണ്. ഇതിന്‍റെ മറവിൽ ഒരു സംഘം മണ്ണ് മാഫിയ വീണ്ടും അർദ്ധരാത്രി സ്ഥലത്ത് മണ്ണെടുക്കാൻ എത്തുകയായിരുന്നു. എന്നാൽ അനുമതിയില്ലാതെ മണ്ണെടുക്കരുതെന്ന് പറഞ്ഞ സംഗീത് ജെസിബി തടഞ്ഞു. ഇതോടെ സംഘം ജെസിബിയുടെ മണ്ണുമാന്തുന്ന ഭാഗമുപയോഗിച്ച് സംഗീതിനെ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

അർദ്ധരാത്രിയോടെ ലോറിയും വലിയ ജെസിബിയുമായാണ് സംഘമെത്തിയത്. എന്തിനാണ് അർദ്ധരാത്രി മണ്ണെടുക്കാൻ വന്നതെന്ന് ഇവരെ സംഗീത് ചോദ്യം ചെയ്തു. അപ്പോഴേക്ക് ലോറിയിൽ മണ്ണ് കയറ്റിത്തുടങ്ങിയിരുന്നു. മണ്ണെടുപ്പ് ഇപ്പോൾ നിർത്തണമെന്നും ഇനി മേലാൽ മണ്ണെടുക്കരുതെന്നും സംഗീത് ഇവരെ താക്കീത് ചെയ്തതാണ് പ്രകോപനമായത്.

മണ്ണെടുപ്പ് സംഗീത് തടഞ്ഞപ്പോൾ സ്ഥലത്ത് വൻ ബഹളമായി. നാട്ടുകാർ പലരും ഓടിക്കൂടി. ഇവിടെ ഗുണ്ടായിസം സമ്മതിക്കില്ലെന്നും രാത്രി മണ്ണെടുപ്പ് സമ്മതിക്കില്ലെന്നും നാട്ടുകാരും നിലപാടെടുത്തു. ആളുകൾ കൂടിയതോടെ ജെസിബി സംഘം മണ്ണെടുപ്പ് നിർത്താമെന്ന് സമ്മതിച്ചു. ഇതിനിടെ ലോറിയും ജെസിബിയും കൊണ്ടുപോവുകയാണെന്ന് ഈ സംഘം പറഞ്ഞു. അത് സമ്മതിക്കില്ലെന്നും, മണ്ണുള്ള ലോറി ഇവിടെ നിന്ന് കൊണ്ടുപോകാനാകില്ലെന്നും സംഗീത് വ്യക്തമാക്കി. വണ്ടി കൊണ്ടുപോകുന്നത് തടയാനായി സംഗീത് സ്വന്തം വാഹനം സ്ഥലത്ത് നിന്ന് പുറത്ത് പോകാനുള്ള ഗേറ്റിന് മുന്നിൽ നിർത്തിയിട്ടു. പൊലീസിനെ വിളിക്കുകയും ചെയ്തു.

നാട്ടുകാർ സംഗീത് പറയുന്നത് കേൾക്കണമെന്ന് ഇവരോട് പറഞ്ഞതിനെത്തുടർന്ന് ജെസിബിയും ലോറിയും സ്ഥലത്ത് തന്നെ നിർത്തിയിട്ട് പോകാമെന്ന് ഇവർ സമ്മതിച്ചു. തുടർന്ന് തർക്കം തീർന്നെന്ന് കരുതി നാട്ടുകാർ പിരിഞ്ഞുപോയി. കുടുംബവും അകത്ത് കയറി കതകടച്ചു. 

ഇതിനിടെയാണ് വണ്ടി വീണ്ടും സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം സംഗീത് കേട്ടത്. ഉടൻ പുറത്തിറങ്ങി സംഗീത് ലോറിയെടുക്കുന്നത് തടയാനായി അതിന് മുന്നിൽ നിന്നു. ഇത് കണക്കാക്കാതെ ജെസിബി കൊണ്ട് വണ്ടി ഇടിച്ചിടുകയും ജെസിബിയുടെ ബക്കറ്റ് കൊണ്ട് സംഗീതിന്‍റെ തലയ്ക്ക് സംഘം അടിക്കുകയും വണ്ടി നിർത്താതെ എടുത്തുകൊണ്ട് പോവുകയും ചെയ്യുകയായിരുന്നുവെന്നാണ് സംഗീതിന്‍റെ ഭാര്യയുടെ മൊഴി.

സംഭവത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് കൊലപ്പെട്ട സംഗീതിന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു. സംഗീതിന്‍റെ കൊലപാതകത്തെക്കുറിച്ച് പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും ഇന്നലെ പുലര്‍ച്ചെ വിവരമറിയിച്ചപ്പോള്‍ തന്നെ കാട്ടാക്കട പൊലീസ് സ്ഥലത്ത് എത്തിയിരുന്നുവെങ്കില്‍ സംഗീത് കൊലപ്പെട്ടിലായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

പൊലീസ് സമയബന്ധിതമായി ഇടപെട്ടിരുന്നുവെങ്കില്‍ സംഗീതിന്‍റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ ഭാര്യയും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. സംഘര്‍ഷം ഒരുപാട് നേരം നീണ്ടു നില്‍ക്കുകയും പിന്നീട് ജെസിബിയുടെ അടിയേറ്റ് വീണ സംഗീതിനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്ത ശേഷമാണ് കാട്ടാക്കട പൊലീസ് എത്തിയതെന്നും സംഗീതിന്‍റെ ഭാര്യ ആരോപിച്ചിരുന്നു.

click me!