'വൈദ്യുതി ബില്ല് കുടിശിക'; മെസേജ് അയച്ച് തട്ടിയത് ലക്ഷങ്ങള്‍, ജാർഘണ്ഡ് സ്വദേശിയെ പൊക്കി പൊലീസ്

Published : Nov 13, 2022, 07:04 PM IST
'വൈദ്യുതി ബില്ല് കുടിശിക'; മെസേജ് അയച്ച് തട്ടിയത് ലക്ഷങ്ങള്‍, ജാർഘണ്ഡ് സ്വദേശിയെ പൊക്കി പൊലീസ്

Synopsis

2022 സെപ്തംബർ 26 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിയുടെ 2,49,997 രൂപയാണ് ഇയാൾ തട്ടിയെടുത്തത്.

ആലപ്പുഴ: ഓൺലൈൻ തട്ടിപ്പിലൂടെ മലയാളിയില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത ജാർഘണ്ഡ് സ്വദേശിയായ യുവാവ് അറസ്റ്റില്‍. കെ എസ് ഇ ബി ബിൽ കുടിശിക പണമടയ്ക്കാൻ ഓൺലൈനിലൂടെ സന്ദേശം അയയ്ക്കുകയും ഇതിന് പ്രതികരിക്കുന്ന ആളുകളെ വഞ്ചിച്ച് വൻതുകകൾ തട്ടിയെടുക്കുകയും ചെയ്തു വന്ന സംഘത്തിലെ പ്രധാനിയായ ജാർഘണ്ഡ് ജാംതാരയിലെ കിഷോർ മഹതോ (22 ) ആണ് പിടിയിലായത്. ജാർഘണ്ഡിലെ ജാംതാര ജില്ലയിലെ ബിൻദാപത്തർ എന്ന സ്ഥലത്തുള്ള ജാംദേഹി വനമേഖലയിൽ നിന്നുമാണ് ഇയാള്‍ പിടിയിലായത്. 

2022 സെപ്തംബർ 26 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിയുടെ 2,49,997 രൂപയാണ് ഇയാൾ തട്ടിയെടുത്തത്.  കെ എസ് ഇ ബി ബിൽ കുടിശ്ശികയുണ്ടെന്നും വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാതിരിക്കുവാൻ ഇതോടൊപ്പം നൽകുന്ന നമ്പരിൽ വിളിക്കുവാനും കെ എസ് ഇ ബി യുടെ ലോഗോ പ്രൊഫൈൽ ചിത്രമാക്കിയിട്ടുള്ള വാട്ട്സ്ആപ് നമ്പരിൽ നിന്നും ഫോൺ സന്ദേശം അയച്ചു. തുടർന്ന് ഈ ഫോൺ നമ്പരിലേക്ക് വിളിച്ചപ്പോള്‍ കെ എസ് ഇ ബി സെൻട്രൽ ഓഫീസാണ് എന്ന് തമിഴ് കലർന്ന മലയാളത്തിൽ പരിചയപ്പെടുത്തിയ ശേഷം റിക്വസ്റ്റ് ഫോം എന്ന വ്യാജേന ഒരു ലിങ്ക് മൊബൈലിലേക്ക് അയച്ച് കൊടുത്ത് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. 

ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തയുടൻ പല തവണകളായി 2,49997 രൂപ തന്റെ അക്കൗണ്ടിൽ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായി ചെട്ടിക്കുളങ്ങര സ്വദേശിക്ക് മെസേജ് വന്നു. അപ്പോഴാണ് ഇയാള്‍ തട്ടിപ്പ് തിരിച്ചറിഞ്ഞത്.  തുടർന്ന് ജില്ലാ പോലീസ് മേധാവി ജി ജയ്ദേവിന് പരാതി നൽകുകയായിരുന്നു. കേസ് അന്വേഷിക്കാന്‍ സൈബർ സെല്ലിലെ എക്സ്പർട്ടുകളുമടങ്ങിയ സ്പെഷ്യൽ ടീമിനെ എസിപി  ചുമതലപ്പെടുത്തി. ഇത്തരം കുറ്റ കൃത്യങ്ങൾ ചെയ്യുന്നതിനായി പ്രതി പല നമ്പരുകളിലുള്ള സിംകാർഡുകളും വ്യസ്ത്യസ്ത തരം മൊബൈൽ ഫോണുകളും ഉപയോഗിച്ചിരുന്നു. ഒരു കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോണും, സിം നമ്പറും പിന്നീട് പ്രതി ഉപയോഗിക്കാറില്ല. 

ജാർഘണ്ഡിലെ വനമേഖലയായ ജാംദേഹിയിൽ താമസിച്ചു വന്ന പ്രതിക്ക് പല സംസ്ഥാനങ്ങളിലായി ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുണ്ടായിരുന്നു. ഈ അക്കൗണ്ടുകൾ എല്ലാം ഓൺലൈനിലൂടെ എടുത്തിട്ടുള്ളവയും ഓൺലൈനിലൂടെ മാത്രം പണം കൈമാറ്റം നടത്തുന്നവയുമായതിനാൽ പ്രതിയുടെ ലൊക്കേഷൻ കണ്ടെത്തുന്നതിന് അന്വേഷണസംഘത്തിന് വളരെയധികം ബുദ്ധിമുട്ടേണ്ടിവന്നു. പ്രതിയുടെ ഫോൺ രേഖകൾ, ഇന്റർനെറ്റ് ഉപയോഗം, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാൻ കാർഡ് - ആധാർ വിവരങ്ങൾ, വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ അനലൈസ് ചെയ്തതിന് ശേഷമാണ് പ്രതിയിലേക്ക് എത്തിചേർന്നത്. 

അന്യസംസ്ഥാനത്ത് അന്വേഷണത്തിനായി പുറപ്പെട്ട പ്രത്യേക സംഘം ആലപ്പുഴയിൽ നിന്നും 2500 കിലോമീറ്റർ ട്രയിൻ മാർഗ്ഗവും 64 കിലോമീറ്റർ റോഡിലൂടെയും സഞ്ചരിച്ച് ജാംതാരയിലെത്തുകയും അവിടെ നിന്നും 40 കിലോമീറ്റർ ഗ്രാമവഴിയിലൂടെ സഞ്ചരിച്ച് ബിൻദാപത്തർ എന്ന സ്ഥലത്ത് എത്തിയ ശേഷം 24 കിലോമീറ്ററോളം വനമേഖലയിലൂടെ സഞ്ചരിച്ചാണ് ജാംദേഹി എന്ന ഒറ്റപ്പെട്ട ചേരിപ്രദേശത്ത് എത്തിയത്. ഇവിടെ പൊലീസ് എത്തിയ വിവരമറിഞ്ഞ് ചെറുത്ത് നിന്ന ചേരി നിവാസികൾക്കിടയിൽ നിന്നും കാട്ടിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ  ബിൻദാപത്തർ പൊലീസിന്റെ സഹായത്താൽ അതിസാഹസികമായി കീഴ്പ്പെടുത്തി കസ്റ്റഡിൽ എടുക്കുകയായിരുന്നു.

Read More : പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിന് ലീക്ക്; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം