കളമശേരി ബസ് കത്തിക്കല്‍ കേസ്: വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും

By Web TeamFirst Published May 10, 2019, 2:25 AM IST
Highlights

കളമശേരി ബസ് കത്തിക്കല്‍ കേസിന്‍റെ വിചാരണ നടപടികള്‍ കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയില്‍ ഇന്ന് ആരംഭിക്കും.

കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസിന്‍റെ വിചാരണ നടപടികള്‍ കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയില്‍ ഇന്ന് ആരംഭിക്കും. പിഡിപി നേതാവ് അബ്ദുല്‍ നാസർ മദനിയുടെ ഭാര്യ സൂഫിയ മദനിയടക്കം 13 പ്രതികള്‍ക്കെതിരെയാണ് ദേശീയ അന്വേഷണ ഏജന്‍സി കേസില്‍ കുറ്റപത്രം നല്‍കിയിട്ടുള്ളത്.

2005 സപ്റ്റംബർ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡില്‍നിന്ന് സേലത്തേക്ക് പോകുന്ന തമിഴ്നാട് ട്രാന്‍സ്പോർട്ട് ബസ് ആണ് രാത്രി 9.30ന് പ്രതികള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

കോയന്പത്തൂർ സ്ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍നാസർ മദനിയെ ജയിലില്‍നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതികള്‍ കുറ്റകൃത്യം ചെയ്തത്. നിരവധി തീവ്രവാദ കേസുകളില്‍ പ്രതിയായ തടിയന്‍റവിട നസീറാണ് കേസിലെ ഒന്നാം പ്രതി. ബസ് തട്ടിയെടുക്കാന്‍ നസീർ ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെടുക്കാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല.

പിന്നീട് കാശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റുമരിച്ച പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അബ്ദുല്‍ റഹീമിനെയും കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മദനിയുടെ ഭാര്യ സൂഫിയ കേസില്‍ പത്താം പ്രതിയാണ്. 

ബസ് ഡ്രൈവറുടെയടക്കം എട്ടു പേരുടെ മൊഴി കുറ്റപത്രത്തിനൊപ്പം ചേർത്ത് 2010 ഡിസംബറിലാണ് എന്‍ഐഎ കുറ്റപത്രം സമർപ്പിച്ചത്. ബസ് യാത്രക്കാരായ 31 പേരുടെ മൊഴി പോലീസ് നേരത്തെ വിശദമായി രേഖപ്പെടുത്തിയിരുന്നെങ്കിലും ഫയലുകള്‍ പിന്നീട് കാണാതായി. കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയിലാണ് ഇന്ന് വിചാരണ നടപടികള്‍ ആരംഭിക്കുക.

click me!