യാത്രക്കാരെ ആക്രമിച്ചെന്ന് സമ്മതിച്ച് കല്ലട; തിരികെയും ആക്രമിച്ചെന്ന് ആരോപണം

By Web TeamFirst Published Apr 22, 2019, 9:15 PM IST
Highlights

വൈറ്റിലയിൽ യാത്രക്കാരെ ആക്രമിച്ച ജീവനക്കാരെ സസ്പെൻഡ് ചെയ്തതായും തങ്ങളുടെ ജീവനക്കാർക്ക് നേരെയും ആക്രമണമുണ്ടായെന്നും കല്ലട ട്രാവൽസ് വിശദീകരണക്കുറിപ്പിൽ പറഞ്ഞു

തിരുവനന്തപുരം: യാത്രക്കാരെ ബസ് ജീവനക്കാർ ആക്രമിച്ചെന്ന് സമ്മതിച്ച് സുരേഷ് കല്ലട. തങ്ങളുടെ ജീവനക്കാർക്ക് നേരെയും ആക്രമണമുണ്ടായെന്ന് പറഞ്ഞ് കല്ലട ട്രാവൽസ് വിശദീകരണക്കുറിപ്പ് ഇറക്കി. വൈറ്റിലയിൽ നടന്ന ആക്രമണത്തിൽ ഖേദം പ്രകടിപ്പിച്ച കല്ലട ട്രാവൽസ് വൈറ്റിലയിൽ യാത്രക്കാരെ ആക്രമിച്ച ജീവനക്കാരെ സസ്പെൻഡ് ചെയ്തതായും വിശദീകരണക്കുറിപ്പിൽ പറഞ്ഞു. 

കഴിഞ്ഞ ദിവസം രാത്രി ഹരിപ്പാട് പിന്നിട്ട ബസ് തകരാറായി വഴിയിൽ കിടന്നിരുന്നു. ദീർഘനേരം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് യാത്രക്കാർക്ക് ബസ് ജീവനക്കാർ യാതൊരു മറുപടിയും നൽകിയില്ല. യാത്രക്കാരായ രണ്ട് യുവാക്കൾ ഇത് ചോദ്യം ചെയ്തിരുന്നു. ബസ് പിന്നീട് വൈറ്റിലയിലെത്തിയപ്പോൾ കൂടുതൽ ബസ് ജീവനക്കാർ ബസിലേക്ക് ഇരച്ച് കയറുകയും യുവാക്കളെ മർദ്ദിക്കുകയുമായിരുന്നു. 15 അംഗ സംഘം ബസിലേക്ക് ഇരച്ചുകയറിയാണ് വയനാട്, പാലക്കാട് സ്വദേശികളെ ക്രൂരമായി മർദ്ദിച്ചത് ബസിലെ യാത്രക്കാരനായ ജേക്കബ് ഫിലിപ്പ് തന്റെ ഫോണിൽ ഈ വീഡിയോ ദൃശ്യം പകർത്തുകയും പിന്നീട് ഫെയ്സ്ബുക്കിൽ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. 

വൈറ്റിലയിൽ വച്ച് മർദ്ദിച്ചവശരാക്കിയ ശേഷം യുവാക്കളെയും അജയ് ഘോഷ് എന്ന മറ്റൊരാളെയും ഇവർ ഇറക്കിവിട്ടു. മർദ്ദനമേറ്റത് പാലക്കാട് സ്വദേശിക്കും വയനാട് സുൽത്താൻ ബത്തേരി സ്വദേശിക്കുമാണ്. ഇരുവരും ഈറോഡ് പഠിക്കുന്ന വിദ്യാർത്ഥികളാണ്. അതേസമയം യുവാക്കളാണ് ആദ്യം പ്രശ്നം ഉണ്ടാക്കിയതെന്നാണ് സുരേഷ് കല്ലട ബസ് ജീവനക്കാരുടെ ആരോപണം. യുവാക്കൾ മദ്യപിച്ചിരുന്നതായി സംശയിക്കുന്നുവെന്ന് സുരേഷ് കല്ലട ബസിന്റെ തിരുവനന്തപുരത്തെ മാനേജർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചിരുന്നു. 

സംഭവത്തിൽ സുരേഷ് കല്ലട ബസ്  സർവ്വീസിലെ 2 ജീവനക്കാർ അറസ്റ്റിലാണ്. ബസ് പിടിച്ചെടുത്ത  പൊലീസ് , ബസ് ഉടമയായ സുരേഷ് കല്ലടയോട് അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിടുണ്ട്. സമൂഹ മാധ്യമങ്ങളിലെ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് കൂടുതൽ പേർക്കെതിരെ കേസെടുക്കാനാണ്  തീരുമാനം.  

click me!