യുഎപിഎ ചുമത്തിയ സംഭവം: വിമർശനവുമായി കാനം

By Web TeamFirst Published Nov 2, 2019, 4:09 PM IST
Highlights

 മുഖ്യമന്ത്രി കോഴിക്കോടുള്ള സമയത്തു തന്നെ യുഎപിഎ ചുമത്തിയത് സംശയാസ്പദമാണ്. യുഎപിഎ കരിനിയമം തന്നെ എന്ന നിലപാടിൽ മാറ്റമില്ല. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപിയോട് വിശദീകരണം തേടിയിരുന്നു.

തിരുവനന്തപുരം: കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് പേർക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുഖ്യമന്ത്രി കോഴിക്കോട് ഉള്ള സമയത്ത് തന്നെ യുഎപിഎ ചുമത്തിയത് സംശയാസ്പദമാണ്. യുഎപിഎ കരി നിയമം തന്നെ എന്ന നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ താഹ ഫസൽ, അലൻ ഷുഹൈബ് എന്നിവരെയാണ് ഇന്നലെ വൈകിട്ട് കോഴിക്കോട് പന്തീരാങ്കാവ് വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൂടെയുണ്ടായിരുന്ന മൂന്നാമൻ ഓടി രക്ഷപ്പെട്ടു. അറസ്റ്റ് ചെയ്തതിന് പിറകെ ഇവരുടെ പേരിൽ യുഎപിഎ ചുമത്തി. മാവോയിസ്റ്റ് അനുകൂല നിലപാടുള്ള ലഘുലേഖകൾ ഇവരുടെ കൈയിൽ നിന്ന് പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു. പാലക്കാട്ടെ മാവോയിസ്റ്റ് വേട്ടയെ അതിശക്തമായി എതിർക്കുന്ന ലഘുലേഖയിൽ സംസ്ഥാന സർക്കാറിനെതിരെയും രൂക്ഷമായ വിമർശനമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ‍ഡിജിപി ലോക്നാഥ് ബെഹ്റയോട് വിശദീകരണം തേടിയിരുന്നു. പിറകെ ‍ഉത്തരമേഖല ഐജി അശോക് യാദവിനോട് വിഷയം പഠിക്കാൻ ഡിജിപി ആവശ്യപ്പെട്ടു. തുടർന്ന് ഐജി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി.

യുവാക്കളെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് സിപിഐഎം ജില്ലാ നേതൃത്വം കേസിൽ ഇടപെട്ടിരുന്നു. കോഴിക്കോട് നഗരത്തിലുണ്ടായിരുന്ന മുഖ്യമന്ത്രിയെ ജില്ലാ സെക്രട്ടറി പി മോഹനൻ, കെ അജിത എന്നിവർക്കൊപ്പം അറസ്റ്റിലായ അലന്‍ ശുഹൈബിന്‍റെ മാതാപിതാക്കൾ കണ്ടിരുന്നു.

അലന്‍റെ പിതാവ് ശുഹൈബ് മുന്‍ സിപിഐഎം മീഞ്ചന്ത മിനി ബൈപ്പാസ് ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു. അഞ്ച് വർഷമായി അലന്‍ ശുഹൈബ് സിപിഐഎം ബ്രാഞ്ച് അംഗമാണെന്ന് മാതാവ് സബിത മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ  പൊലീസ് കള്ളക്കേസാണ് ചുമത്തിയതെന്ന് പ്രതികൾ പറയുന്നു. പൊലീസ് ലഘുലേഖ പിടിച്ചെടുത്തിട്ടില്ലെന്നും ഇവർ പറഞ്ഞു. കേസിൽ യുഎപിഎ ചുമത്താൻ തക്ക തെളിവുകൾ ലഭ്യമാണെന്ന് ഐജി അശോക് യാദവ് മാധ്യമങ്ങളെ അറിയിച്ചു. 

click me!