
മുംബൈ: കാന്തിവ്‌ലിയിൽ പ്ലേ സ്കൂൾ കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച കേസിൽ പ്രതികളായ രണ്ട് അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷ ദിൻദോഷി സെഷൻസ് കോടതി തള്ളി. അധ്യാപകരായ ജിനാൽ ചേദ സഹായി ഭക്തി ഷാ എന്നിവര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പൊലീസിന്റെ നിഷ്‌ക്രിയത്വം കുറ്റവാളികളെ രക്ഷിക്കുകയാണെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.
ജിനാൽ ഛേദയും ഭക്തി ഷായും ചേര്‍ന്ന് പ്ലേ സ്കൂളിലുള്ള പിഞ്ചു കുട്ടികളെ മര്‍ദ്ദിക്കുകയും ചവിട്ടുകയും ചെയ്തെന്നാണ് പരാതി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പരാതിയുമായി രക്ഷിതാക്കൾ പൊലീസിനെ സമീപിച്ചത്. എന്നാൽ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യാൻ തയ്യാറാകുന്നില്ലെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. ജാമ്യം നിരസിച്ചിത്തിന് പിന്നാലെ സ്റ്റേഷനിലെത്തി അന്വേഷിച്ചപ്പോൾ, ഉത്തരവ് ലഭിച്ചില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് ഉത്തരവുമായി എത്തിയപ്പോൾ ഐജിയുടെ ഒപ്പ് വേണമെന്നായി. ഇപ്പോൾ അവര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് സംഘം അധ്യാപകരുടെ വീടുകളിലേക്ക് പോയിരുന്നുവെങ്കിലും അവർ അവിടെ ഉണ്ടായിരുന്നില്ലെന്നും, ഒളിവിലാണെന്നും, കാന്തിവ്ലി പൊലീസിലെ സീനിയർ ഇൻസ്‌പെക്ടർ ദിനകർ ജാദവ് പറഞ്ഞു. അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഗുരുതരമായ കുറ്റമാണ് നടന്നതെന്നാണ് ജാമ്യാപേക്ഷകൾ നിരസിച്ചുകൊണ്ട് അഡീഷണൽ സെഷൻസ് ജഡ്ജി എൻഎൽ കാലെ പറഞ്ഞത്. പ്രതികൾ, രണ്ടു മുതൽ നാല് വയസ്സ് വരെ പ്രായമുള്ള വളരെ ചെറിയ കുട്ടികളോട് ക്രൂരവും നിന്ദ്യവുമായ പ്രവൃത്തിയാണ് ചെയ്തതത്. എഫ്‌ഐആര്‍ ഇക്കാര്യം വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ, അപേക്ഷകരുടെ പ്രവൃത്തികൾ കുട്ടികൾക്ക് മാനസിക ആഘാതം ഉണ്ടാക്കിയെന്ന ആരോപണങ്ങൾ വിശ്വസനീയമാണ്. അതുപോലെ, ക്രൂരമായ പെരുമാറ്റം മൂലം, ആ കുട്ടികൾ വിഷാദത്തിലാണെന്നും ഇപ്പോൾ അവർ സ്കൂളിൽ പോകാൻ തയ്യാറാകുന്നില്ല എന്നതും ഗൗരവത്തോടെ കാണേണ്ടതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ജാമ്യാപേക്ഷ തള്ളിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam