കണ്ണൂർ സെന്‍ട്രൽ ജയിലിലെ മോഷണം; പ്രതിയെ മംഗലാപുരം പൊലീസ് പിടികൂടി

By Web TeamFirst Published May 29, 2021, 1:22 AM IST
Highlights

ജയിൽ ശിക്ഷ കഴിഞ്ഞ പുറത്തിറങ്ങിയ അന്തേവാസികളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്. സിസിടിവി ദൃശ്യവും വിരലടയാളവും പൊലീസ് വിശദമായി പരിശോധിച്ചു. 

കണ്ണൂർ: സെന്‍ട്രൽ ജയിലിലെ ഫ്രീഡം ഫുഡ് ഫാക്ടറി ഓഫീസിൽ മോഷണം നടത്തിയ ആൾ പിടിയിൽ. ആലക്കോട് സ്വദേശി തങ്കച്ചനെയാണ് മംഗലാപുരം പൊലീസ് പിടികൂടിയത്. മോഷണ കുറ്റത്തിന് ശിക്ഷ അനുഭവിച്ച് സെന്‍ട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ആളാണ് തങ്കച്ചൻ. ഏപ്രിൽ 21ന് രാത്രിയാണ് കണ്ണൂർ സെന്‍ട്രൽ ജയിലിലെ പ്രധാന കവാടത്തിനടുത്തുള്ള ഓഫീസിന്‍റെ പൂട്ട് തകർത്ത് പണം കവർന്നത്.

ഒരു ലക്ഷത്തി തൊണ്ണൂറ്റി നാലായിരം രൂപയാണ് നഷ്ടമായത്. സെന്‍ട്രൽ ജയിൽ പരിസരത്തെ കുറിച്ച് നല്ല അറിവുള്ള ആളാണ് മോഷണത്തിന് പിന്നിലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഇതിനെ തുടർന്നാണ് ജയിൽ ശിക്ഷ കഴിഞ്ഞ പുറത്തിറങ്ങിയ അന്തേവാസികളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്. സിസിടിവി ദൃശ്യവും വിരലടയാളവും പൊലീസ് വിശദമായി പരിശോധിച്ചു. 

ഇതിനിടെ കണ്ണൂർ മാർക്കറ്റിലെ ഒരു കടയിലും മോഷണം നടന്നു. ഈ കേസിലെ പ്രതിയെ അന്വേഷിക്കുമ്പോൾ കിട്ടിയ മൊബൈൽ ഫോണാണ് ജയിൽ മോഷണ കേസിൽ നി‍ർണായക തെളിവായത്. മൊബൈൽ നമ്പർ പരിശോധിച്ച പൊലീസിന് പ്രതി മംഗലാപുരത്ത് ഉണ്ടെന്ന സൂചന കിട്ടി. ജയിലിലെ സിസിടിവി ദൃശ്യവും, കണ്ണൂർ മാർക്കറ്റിൽ നിന്ന് കിട്ടിയ ദൃശ്യയും പരിശോധിച്ചതിൽ നിന്ന് പ്രതി ഒരേ ആളെന്നും വ്യക്തമായി.

മംഗലാപുരം പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ കണ്ണൂർ ടൗണ്‍ പൊലീസ് ഓണ്‍ലൈനായി ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ചിട്ടില്ല. വിശദമായി ചോദ്യം ചെയ്യാനായി പ്രത്യേക സംഘം മംഗലാപുരത്തേക്ക് തിരിച്ചു. ജയിൽ മോഷണ സമയത്ത് ഇയാളെ സഹായിക്കാൻ കൂടെ ആളുണ്ടായിരുന്നെന്നാണ് പൊലീസ് കരുതുന്നത്.

click me!