18-ാം വയസില്‍ പ്രണയവിവാഹം, മൂന്ന് വര്‍ഷത്തിനിപ്പുറം മകന്‍റെ ഘാതകി: നാടകീയം ശരണ്യയുടെ ജീവിതം

By Web TeamFirst Published Feb 19, 2020, 1:36 PM IST
Highlights

പഠിച്ചുകൊണ്ടിരിക്കെ പ്രണയം, ഭർത്താവുമൊത്തുള്ള ജീവിതം ശരണ്യ സ്വയം തെരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് ഭർത്താവ് വിദേശത്ത് പോയപ്പോൾ തുടങ്ങിയ ഭര്‍ത്താവിന്‍റെ കൂട്ടുകാരനുമായുള്ള അടുപ്പം ദാമ്പത്യത്തിലെ അസ്വാരസ്യത്തിലും മകന്റെ കൊലപാതകത്തിലും എത്തി എന്നുമാണ് പൊലീസ് കണ്ടെത്തൽ.

കണ്ണൂര്‍: സ്വന്തം കുഞ്ഞിനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യയെ കുറിച്ച് കേട്ടതൊന്നും വിശ്വസിക്കാനാകാതെ ഞെട്ടലിലും രോഷത്തിലുമാണ് ബന്ധുക്കളും നാട്ടുകാരും. ശരണ്യയെ പൂർണമായും തള്ളിപ്പറഞ്ഞുള്ള വൈകാരിക പ്രതികരണമാണ് തെളിവെടുപ്പിനിടെ ശരണ്യയുടെ അച്ഛനടക്കമുള്ളവര്‍ നടത്തിയത്. ഭർത്താവുമായുള്ള പ്രണയ വിവാഹത്തിലടക്കം എതിർപ്പുകൾ മാറ്റി വെച്ച് ശരണ്യയെ അംഗീകരിച്ച വീട്ടുകാർ, ഒരു തരത്തിലുള്ള പ്രശ്നങ്ങളും ശരണ്യ തങ്ങളെ അറിയിച്ചില്ലെന്നും വ്യക്തമാക്കുന്നു.

പഠിച്ചുകൊണ്ടിരിക്കെ പ്രണയം. ഭർത്താവുമൊത്തുള്ള ജീവിതം ശരണ്യ സ്വയം തെരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് ഒരു വർഷത്തിന് ശേഷം പിണക്കം മറന്ന് ഇരുവരെയും ശരണ്യയുടെ വീട്ടുകാർ സ്വീകരിച്ചു. സ്വന്തം വീട്ടിലാണ് തുടർന്ന് ശരണ്യ താമസിച്ചിരുന്നത്. ഭർത്താവ് വിദേശത്ത് പോയപ്പോൾ തുടങ്ങിയ ഭര്‍ത്താവിന്‍റെ കൂട്ടുകാരനുമായുള്ള അടുപ്പം ദാമ്പത്യത്തിലെ അസ്വാരസ്യത്തിലും മകന്റെ കൊലപാതകത്തിലും എത്തി എന്നുമാണ് പൊലീസ് കണ്ടെത്തൽ. ഈ കൊച്ചുവീട്ടിൽ ജനിച്ച് തങ്ങൾക്കൊപ്പം വളർന്ന മകൻ വിയന്റെ മരണം മത്സ്യത്തൊഴിലാളി കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

പിണക്കത്തിലായിരുന്ന ഭർത്താവിനെ വിളിച്ചു വരുത്തി, മുൻകൂട്ടി ആസൂത്രണം ചെയ്താണ് ശരണ്യ കൊല നടത്തിയതെന്നും തീരത്തുള്ളവർക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഇത്തരത്തിൽ ഒന്നും ശരണ്യയുടെ പെരുമാറ്റത്തിൽ കാണാൻ കഴിഞ്ഞിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ശരണ്യയുടെ ഈ നീക്കം മകന്‍റെ കൊലപാതക കേസില്‍ ഭർത്താവിനെ കുടുക്കാനായിരുന്നു എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. പ്രണത്തിനൊടുവില്‍ സ്വയം തെരഞ്ഞെടുത്ത വിവാഹ ജീവിതം, പിന്നീട് കാമുകനൊപ്പം ജീവിക്കാൻ മകനെ കൊലപ്പെടുത്തിയെന്ന കേസിൽ ശരണ്യ അറസ്റ്റിലാകുമ്പോൾ അതിലേക്ക് ശരണ്യയെ നയിച്ച കടുത്ത സാഹചര്യത്തെക്കുറിച്ചുള്ള ചോദ്യം ഇനിയും ബാക്കിയാണ്. 

വലിയ പ്രതിഷേധത്തിനിടെ തെളിവെടുപ്പ്

ശരണ്യയുമായി പൊലീസ് വീട്ടിലും കടൽത്തീരത്തും നടത്തിയ തെളിവെടുപ്പിനിടെ വലിയ പ്രതിഷേധമാണ് ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഉയര്‍ന്നത്. ശരണ്യക്ക് നേരെ കൊലവിളികളുമായി ജനക്കൂട്ടം പാഞ്ഞടുത്തതോടെ തെളിവെടുപ്പ് പൂർത്തിയാക്കാനാകാതെ പൊലീസ് മടങ്ങി. റിമാൻഡിലായ ശേഷം ശരണ്യയെ  കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് നീക്കം. കാമുകനടക്കം മറ്റാർക്കും കൊലപാതകത്തിൽ പങ്കില്ലെന്നാണ് നിലവിലെ പൊലീസ് സ്ഥിരീകരണം. 

Also Read: സ്വന്തം മകനെ കൊന്ന വിധം വിവരിച്ച് ശരണ്യ; അസഭ്യവര്‍ഷവുമായി നാട്ടുകാര്‍, കുഴഞ്ഞു വീണ് പിതാവ്

അവളെ തൂക്കിക്കൊല്ലണമെന്ന് ശരണ്യയുടെ അച്ഛൻ

കൊച്ചുമകനെ കണ്ടും ഓമനിച്ചും ലാളിച്ചും കൊതിതീർന്നിട്ടില്ല വത്സരാജിന്. മകളുടെ കൈകൊണ്ട് തന്നെയാണ് കൊച്ചുമകൻ മരിച്ചതെന്ന വാർത്ത ആ മനുഷ്യന്‍റെ നെഞ്ച് തകർത്തു. ക്രൂരകൃത്യം ചെയ്തവൾ തന്റെ മകളായിപ്പോയല്ലോ എന്ന ദു:ഖത്തിലാണ് വത്സരാജ്. കണ്ണൂരിൽ ഒന്നര വയസുകാരൻ വിവാനെ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ ശരണ്യയെ തൂക്കിക്കൊല്ലണമെന്ന് ശരണ്യയുടെ അച്ഛൻ വത്സരാജ് പറഞ്ഞു. അവൾക്ക് മരണശിക്ഷ വിധിച്ചാലും എനിക്കും അവളുടെ അമ്മയ്ക്കും സന്തോഷം മാത്രമേയുള്ളൂ. കുഞ്ഞിനെ കൊന്ന അവൾ നാളെ എന്നെ കൊല്ലില്ലെന്ന് എന്താണ് ഉറപ്പ് എന്നാണ് വത്സരാജിന്‍റെ ചോദ്യം.

Also Read: 'അവളെ തൂക്കിക്കൊല്ലണം', നെഞ്ച് പൊട്ടിക്കരഞ്ഞ് ശരണ്യയുടെ അച്ഛൻ

ദുരൂഹ നിറഞ്ഞ അന്വേഷണത്തില്‍ 'ദൈവം കയ്യൊപ്പിട്ട തെളിവ്'

തിങ്കളാഴ്ച രാവിലെയാണ് കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുകാരന്‍ വിവാനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലേദിവസം അമ്മയുടെ വീട്ടില്‍ അച്ഛന്‍ പ്രണവിനൊപ്പം കിടന്നുറങ്ങിയതായിരുന്നു കുട്ടി. രാവിലെ കുഞ്ഞിനെ കാണാതായതോടെ പ്രണവ് പൊലീസില്‍ പരാതി നല്‍കുകയും പിന്നീട് നാട്ടുകാരും പൊലീസും കൂടി നടത്തിയ തെരച്ചിലിനൊടുവില്‍ കുഞ്ഞിന്‍റെ അമ്മയായ ശരണ്യയുടെ വീട്ടില്‍ നിന്നും അന്‍പത് മീറ്റര്‍ അകലെയുള്ള കടല്‍ ഭിത്തിയില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കേറ്റ പരിക്ക് മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് വ്യക്തമായതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇതിനിടെ, കുട്ടിയുടെ അച്ഛന്‍ പ്രണവിനെതിരെ ശരണ്യയുടെ ബന്ധു പൊലീസില്‍ പരാതി നല്‍കി. ശരണ്യക്കെതിരെ പ്രണവും പൊലീസിന് മൊഴി നല്‍കി. ഇതോടെ ഇരുവരെയും കസ്റ്റഡിയിലെടുത്ത പൊലീസ് ഒരു ദിവസം മുഴുവന്‍ നീണ്ട മാരത്തണ്‍ ചോദ്യം ചെയ്യല്ലിനൊടുവിലാണ് ശരണ്യയാണ് കൊലയാളിയെന്ന് കണ്ടെത്തിയത്. തുടക്കത്തില്‍ രണ്ട് പേരേയും കൊലപാതകത്തില്‍ സംശയിച്ച പൊലീസ് സംഭവദിവസം രാത്രി ഇരുവരും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനയില്‍ ശരണ്യയുടെ വസ്ത്രങ്ങളില്‍ കടല്‍ വെള്ളത്തിന്‍റെ ഉപ്പിന്‍റേയും മണലിന്‍റേയും അംശങ്ങള്‍ കണ്ടെത്തിയതാണ് കേസില്‍ നിര്‍ണായകമായത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് കുട്ടിയുടെ അമ്മ ശരണ്യ കൊടും ക്രൂരകൃത്യം ചെയ്തത്.

ഒന്നരവയസുകാരനെ കൊന്ന ക്രൂരത; ശരണ്യയുടെ വസ്ത്രത്തിലെ 'ഉപ്പുവെള്ളം' അന്വേഷണത്തില്‍ 'ദൈവം കയ്യൊപ്പിട്ട തെളിവായി'

click me!