ബിസിനസുകാരനെ കൊല്ലുമ്പോൾ ക്വട്ടേഷൻ നൽകിയ മരുമകൾ നിശാപാർട്ടിയിൽ; 'നീ സുന്ദരൻ', വീട്ടുജോലിക്കാരനുമായി അടുപ്പമുണ്ടാക്കി അരുംകൊല

Published : Sep 11, 2026, 09:16 AM IST
kanpur vineet minocha murder shalu

Synopsis

സെപ്റ്റംബർ അഞ്ചിന് രാത്രിയാണ് കാൻപുരിലെ ആഡംബര ഫ്ളാറ്റിൽവെച്ച് വിനീത് മിനോച്ച കൊല്ലപ്പെട്ടത്. വിനീതിന്റെ മുൻ വീട്ടുജോലിക്കാരനായ വിശാലും കൂട്ടാളിയായ രാജ് കിഷോറും ചേർന്നാണ് കൊലപാതകം നടത്തിയത്. ഇവരുടെ അറസ്റ്റിന് പിന്നാലെയാണ് സംഭവം മരുമകളുടെ ക്വട്ടേഷനാണെന്ന് കണ്ടെത്തിയത്. ഇതോടെ മരുമകൾ ഷാലുവിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കാൻപുർ: ഫാർമസ്യൂട്ടിക്കൽ ബിസിനസുകാരനായ വിനീത് മിനോച്ച(63)യുടെ കൊലപാതകത്തിൽ മകനും നിരീക്ഷണത്തിൽ. വിനീതിന്റെ മകൻ സുഭ്രതിന്റെ ഭാര്യ ഷാലു(36)വാണ് ക്വട്ടേഷൻ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് കണ്ടെത്തുകയും ഷാലുവിനെ പിടികൂടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വിനീതിന്റെ മകനും ഷാലുവിന്റെ ഭർത്താവുമായ സുഭ്രതിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നത്. കൊലപാതകത്തിന്റെ ആസൂത്രണത്തിൽ സുഭ്രതിന് പങ്കുണ്ടോ എന്നതാണ് പൊലീസ് പരിശോധിക്കുന്നത്.

സെപ്റ്റംബർ അഞ്ചിന് രാത്രിയാണ് കാൻപുരിലെ ആഡംബര ഫ്ളാറ്റിൽവെച്ച് വിനീത് മിനോച്ച കൊല്ലപ്പെട്ടത്. വിനീതിന്റെ മുൻ വീട്ടുജോലിക്കാരനായ വിശാലും കൂട്ടാളിയായ രാജ് കിഷോറും ചേർന്നാണ് കൊലപാതകം നടത്തിയത്. ഇവരുടെ അറസ്റ്റിന് പിന്നാലെയാണ് സംഭവം മരുമകളുടെ ക്വട്ടേഷനാണെന്ന് കണ്ടെത്തിയത്. ഇതോടെ മരുമകൾ ഷാലുവിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഷാലു സ്ഥിരമായി നിശാപാർട്ടികളിൽ പങ്കെടുക്കാൻ പോകുന്നതിനെയും രാത്രി വൈകി വീട്ടിലെത്തുന്നതിനെയും വിനീത് എതിർത്തിരുന്നു. മാത്രമല്ല, മരുമകളുടെ നീക്കങ്ങൾ അറിയാനായി വീട്ടിലാകെ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു. മരുമകൾക്കും മകനും ആവശ്യമുള്ള പണം നൽകിയിരുന്നതും വിനീതായിരുന്നു. ഓരോ ആവശ്യത്തിനും ഭർതൃപിതാവിനോട് പണം ചോദിക്കേണ്ട സാഹചര്യവും മരുമകളുടെ പകയ്ക്ക് കാരണമായി. ഇതെല്ലാമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. തുടർന്നാണ് വീട്ടിലെ മുൻജോലിക്കാരനായ വിശാലുമായി അടുപ്പം സ്ഥാപിച്ച് ഷാലു കൊലപാതകം ആസൂത്രണംചെയ്തത്. കൃത്യം നടത്തിയാൽ ആറുലക്ഷം രൂപ നൽകാമെന്നും ഷാലു വാ​ഗ്ദാനംചെയ്തിരുന്നു.

ശനിയാഴ്ച രാത്രി ഷാലുവും ഭർത്താവും ഹോട്ടലിലെ പാർട്ടിക്ക് പോയതിന് പിന്നാലെയാണ് പ്രതികൾ ഫ്ളാറ്റിൽ കയറി വിനീതിനെ കൊലപ്പെടുത്തിയത്. ഫ്ളാറ്റിൽ കയറാനായി ഫ്ളാറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഷാലു നേരത്തേ തന്നെ പ്രതിക്ക് കൈമാറിയിരുന്നു. തുടർന്ന് ഡെലിവറി ജീവനക്കാരെന്ന വ്യാജേനയാണ് പ്രതികൾ ഫ്ളാറ്റിലെത്തിയത്. തലയണ കൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താനായിരുന്നു ആദ്യം പദ്ധതിയിട്ടത്. ഫ്ളാറ്റിൽ കയറി ഒളിച്ചിരുന്ന പ്രതികൾ വിനീതിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 26 തവണയാണ് വിനീതിന് കുത്തേറ്റത്. പിന്നീട് രാത്രി വൈകി മകനും മരുമകളും പാർട്ടി കഴിഞ്ഞ് തിരിച്ചെത്തിയതോടെയാണ് വിനീതിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.

ആരോപണം നിഷേധിച്ച് കുടുംബം...

വിനീത് മിനോച്ചയുടെ കൊലപാതകത്തിൽ ഷാലുവിന് പങ്കില്ലെന്നാണ് ഇവരുടെ കുടുംബത്തിന്റെ പ്രതികരണം. ഷാലുവാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ടെന്ന് ഷാലുവിന്റെ സഹോദരൻ ധീരജ് അരോറയും സഹോദരി സോണിയയും മാധ്യമങ്ങളോട് പറഞ്ഞു. ഷാലുവും ഭർതൃപിതാവും തമ്മിൽ വളരെ നല്ല ബന്ധത്തിലായിരുന്നു. അദ്ദേഹത്തിന് ഭക്ഷണവും മരുന്നും ഉൾപ്പെടെ നൽകിയിരുന്നതെല്ലാം ഷാലുവായിരുന്നു. അതിനാൽ പൊലീസിന്റെ കണ്ടെത്തൽ വിശ്വസിക്കാൻ പ്രയാസമുണ്ട്. മാത്രമല്ല, സംഭവത്തിന് പിന്നാലെ ഷാലുവിന്റെ ഭർത്താവ് സുഭ്രത് ഒന്നും സംസാരിച്ചിട്ടില്ലെന്നും ഇദ്ദേഹത്തെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും ഷാലുവിന്റെ കുടുംബം പറഞ്ഞു.

വീട്ടുജോലിക്കാരനുമായി ഫോൺവിളി, തെളിവുകൾ നിരവധി...

കൊലപാതകം ആസൂത്രണംചെയ്തതിന് ഷാലുവിനെതിരേ ശക്തമായ ഡിജിറ്റൽ തെളിവുകളടക്കം കണ്ടെത്തിയതായാണ് പൊലീസിന്റെ വിശദീകരണം. ഷാലുവും വീട്ടുജോലിക്കാരനായിരുന്ന വിശാലും തമ്മിൽ മേയ് ഒന്നാം തീയതി മുതൽ സെപ്റ്റംബർ അഞ്ചുവരെ 309 തവണയാണ് ഫോണിൽ വിളിച്ചത്. ഇരുവരും പരസ്പരം കൈമാറിയ സന്ദേശങ്ങളും ഫോണിൽനിന്ന് വീണ്ടെടുത്തിട്ടുണ്ട്. വിനീതിന്റെ വീട്ടിൽനിന്ന് ജോലിവിട്ട ശേഷം വിശാൽ ഷാലുവിന് സ്ഥിരമായി ​ഗുഡ്മോണിങ്, ​ഗുഡ്നൈറ്റ് സന്ദേശങ്ങൾ അയച്ചിരുന്നു. എന്നാൽ, ആദ്യമൊന്നും ഷാലു ഇതിന് മറുപടി നൽകിയില്ല. പിന്നീട് ഷാലു വിശാലിന് മറുപടി നൽകാൻ തുടങ്ങി. ഇയാളുമായി സൗ​​ഹൃദം സ്ഥാപിച്ചു. വിശാൽ സ്മാർട്ട് ആയിരുന്നുവെന്നും കാണാൻ സുന്ദരനാണെന്നും പറഞ്ഞ് അഭിനന്ദിച്ചു. ഇത്രയും സുന്ദരനായിട്ടും എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്നും ഷാലു ചോദിച്ചിരുന്നു. ഇത്തരത്തിൽ വിശാലുമായി അടുപ്പം സ്ഥാപിച്ചശേഷമാണ് ഷാലു കൊലപാതകം നടത്താനായി ഇയാളോട് ആവശ്യപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.

കൊലപാതകം നടക്കുമ്പോൾ ഷാലു നിശാപാർട്ടിയിൽ, ദൃശ്യങ്ങൾ പുറത്ത്...

സെപ്റ്റംബർ അഞ്ചിന് രാത്രി വിനീത് മിനോച്ചയെ ഫ്ളാറ്റിൽവെച്ച് കൊലപ്പെടുത്തുമ്പോൾ ഷാലുവും ഭർത്താവും ന​ഗരത്തിലെ ഹോട്ടലിലെ നിശാപാർട്ടിയിലായിരുന്നു. സംഭവത്തിന് പിന്നാലെ ഈ പാർട്ടിയിൽനിന്നുള്ള ഷാലുവിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പാട്ടിനൊപ്പം ഷാലു നൃത്തംചെയ്യുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മന്ത്രവാദം ചെയ്ത് പിടിയിലായി, മൂന്നുമാസം കൊണ്ട് കുറഞ്ഞത് 21 കിലോ, 59 കാരന് ജാമ്യം നൽകി ബോംബെ ഹൈക്കോടതി
ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കി, 13 വർഷത്തിനുശേഷം കോടതിവിധി, 4 പ്രതികളും കുറ്റക്കാർ