കാസർകോട് സ്വദേശിയുടെ വധം: സയനൈഡ് മോഹന് 15ാം കൊലപാതക കേസിലും ജീവപര്യന്തം

By Web TeamFirst Published Jul 20, 2019, 6:37 PM IST
Highlights

കായികാദ്ധ്യാപകനായിരിക്കെ പല നാടുകളിൽ പല പേരുകളിൽ 20 അവിവാഹിതകളായ യുവതികളെ പ്രണയിച്ച് കൊലപ്പെടുത്തിയ സീരിയൽ കില്ലറാണ് സയനൈഡ് മോഹൻ

മംഗലുരു: ദക്ഷിണേന്ത്യയെ ഞെട്ടിച്ച അതിക്രൂരനായ ഒരു പരമ്പര കൊലയാളി, അതാണ് സയനൈഡ് മോഹൻ. കേരളത്തിലെയും കർണ്ണാടകത്തിലെയും 20 യുവതികളെ തന്റെ മോഹവലയത്തിൽ പെടുത്തി നാടുകടത്തിയ ശേഷം സയനൈഡ് ചേർത്ത മരുന്ന് നൽകി കൊലപ്പെടുത്തി കടന്നുകളയുന്നയാൾ. കാസര്‍കോട് പൈവളിഗെ സ്വദേശിനിയായ യുവതിയെ കര്‍ണാടകയിലെ മടിക്കേരിയിലെത്തിച്ച് സ്വര്‍ണാഭരണം കവര്‍ന്ന് കൊലപ്പെടുത്തിയ കേസിൽ ഇയാൾക്ക് വീണ്ടുമൊരു ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു. മംഗലുരു ആറാം നമ്പർ അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്.

അഞ്ച് കേസുകൾ വിചാരണയിലിരിക്കെ പ്രതിക്ക് വധശിക്ഷയടക്കമുള്ള ശിക്ഷ ഇതിനോടകം ലഭിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാള്‍ കന്യാന സ്വദേശിയാണ് മോഹൻകുമാർ. പൈവളിഗെ സ്വദേശിനിയായ വിജയലക്ഷ്‌മിയെന്ന 26 കാരിയെ മടിക്കേരിയില്‍ എത്തിച്ച് സയനൈഡ് നൽകി കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ കവർന്നതായി കോടതിക്ക് ബോധ്യമായി. യുവതി പീഡിപ്പിക്കപ്പെട്ടു, ഇവരെ തട്ടിക്കൊണ്ടുപോയതാണ് തുടങ്ങിയ ആരോപണങ്ങൾ കോടതി തെളിവുകളുടെ അഭാവത്തിൽ തള്ളി.

ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരനായ സുധാകര്‍ എന്ന് പരിചയപ്പെടുത്തിയാണ് മോഹന്‍കുമാര്‍ യുവതിയുമായി ചങ്ങാത്തത്തിലായത്. ഒരു വീട്ടിൽ വേലക്കാരിയായി ജോലി ചെയ്യുകയായിരുന്നു യുവതി. മടിക്കേരിയില്‍ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞ് 2006 മാര്‍ച്ച് 20-ന് യുവതിയെ മംഗളൂരുവിലേക്കു വിളിച്ചുവരുത്തി. യുവതിക്കൊപ്പം വന്ന ബന്ധുവായ സ്ത്രീയെ മടക്കി അയച്ച ശേഷം ആ രാത്രി ഇരുവരും ഹോട്ടൽ മുറിയിൽ ഒരുമിച്ച് താമസിച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ. പിറ്റേന്ന് ക്ഷേത്രത്തിൽ പോകാമെന്ന് പറഞ്ഞ് യുവതിയുമായി മടിക്കേരി ബസ് സ്റ്റാന്റിലെത്തിയ മോഹൻ കുമാർ, ഗർഭനിരോധന ഗുളികയെന്ന് തെറ്റിദ്ധരിപ്പിച്ച് സയനൈഡ് നൽകുകയായിരുന്നു. ബസ് സ്റ്റാന്റിലെ ശുചിമുറിയിൽ പോയി ആരും കാണാതെ ഗുളിക കഴിക്കാനായിരുന്നു മോഹൻ ആവശ്യപ്പെട്ടത്. ഇതനുസരിച്ച യുവതി ശുചിമുറിയിൽ രക്തം ഛർദ്ദിച്ച് മരിച്ചുവീണു. ഇതിന് പിന്നാലെ ഹോട്ടൽ മുറിയിലെത്തിയ മോഹൻ, യുവതിയുടെ സ്വർണ്ണാഭരണങ്ങളും പണവും അപഹരിച്ച് കടന്നുകളഞ്ഞു.

മറ്റ് 19 കേസുകളിലും സമാനമായ രീതിയിലാണ് പ്രതി കൊലപാതകം നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ആദ്യമായി പിടിക്കപ്പെട്ടപ്പോൾ തന്നെ മോഹൻ, അയാൾ കൊലപ്പെടുത്തിയ 18 കേസുകളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിനോട് പറഞ്ഞിരുന്നു. പൊലീസ് അന്വേഷണത്തിൽ മറ്റ് രണ്ട് കേസുകൾ കൂടി തെളിഞ്ഞു. ഇതുവരെ വധശിക്ഷയടക്കം ആയുസ്സിൽ അനുഭവിച്ചുതീർക്കാൻ സാധിക്കാത്തത്ര ജീവപര്യന്തം തടവിന് ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അതേസമയം മോഹൻ കുമാർ കൂടുതൽ കൊലപാതകം നടത്തിയിട്ടുണ്ടെന്നാണ് കർണ്ണാടക പൊലീസ് ഇപ്പോഴും സംശയിക്കുന്നത്.

ആനന്ദയെന്നും ഭാസ്‌കരയെന്നും പേരുകളുള്ള മോഹൻകുമാറെന്ന സയനൈഡ് മോഹൻ എന്തുകൊണ്ട് ഒരു സീരിയൽ കൊലപാതകിയായി മാറിയെന്നത് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഭിന്ന മാനസിക ശേഷിയുള്ളയാളെന്ന് ഒരു ഘട്ടത്തിൽ സംശയമുയർന്നിരുന്നു. പ്രതിയുടെ ജീവിതവും കുറ്റകൃത്യം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത് വരെയുള്ള രീതികളും ഈ വാദത്തെ എതിർക്കുന്നതായിരുന്നു. 

ദക്ഷിണ കന്നഡ ജില്ലയിലെ ബന്ത്‌വൽ സ്വദേശിയാണ് മോഹൻ കുമാർ. കർണ്ണാടക പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫിസിക്കൽ എഡുക്കേഷൻ അദ്ധ്യപകനുമായിരുന്നു. പിന്നീടാണ് പല പേരുകളിൽ പല നാടുകളിൽ പല ജോലിക്കാരനായി കൊലപാതകങ്ങൾ നടപ്പിലാക്കിയത്. ബരിമാരു ഗ്രാമവാസിയായിരുന്ന 22കാരിയായ അനിതയെ കാണാതായ കേസിലെ അന്വേഷണമാണ് പൊലീസിനെ പ്രതിയിലേക്ക് എത്തിച്ചത്. അനിതയുടെ ഫോണിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, ഇത് മുൻപ് ഉപയോഗിച്ചിരുന്നത് മോഹനാണെന്ന് കണ്ടെത്തി. ഇരുവരും തമ്മിൽ നിരവധി തവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്ന് വ്യക്തമായതോടെ മോഹനെ  കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. രണ്ട് ദിവസം നീണ്ട ചോദ്യം ചെയ്യലിൽ പ്രതി നടത്തിയ വെളിപ്പെടുത്തലുകൾ കേട്ട് പൊലീസ് ഞെട്ടി.

താൻ കൊലപ്പെടുത്തിയെന്ന് സയനൈഡ് മോഹൻ സമ്മതിച്ച, 18 യുവതികളിൽ നാല് പേർ പ്രതിയുടെ നാടായ ബന്ത്‌വൽ താലൂക്കിൽ നിന്നുള്ളവരാണ്. രണ്ട് പേർ സുള്ള്യയിലെയും മൂന്ന് പേർ പുത്തൂറിലെയും ഒരാൾ മൂഡബിദ്രിയിലെയും രണ്ട് പേർ ബൽത്തങ്ങാടിയിലെയും ഒരാൾ മംഗലുരുവിലെയും നിവാസികളായിരുന്നു. പത്ത് കൊലപാതകം നടന്നത് മൈസുരു ബസ് സ്റ്റാന്റിലാണ്. മൂന്ന് പേരെ മടിക്കേരി ബസ് സ്റ്റാന്റിലും രണ്ട് പേരെ ഹാസ്സൻ ബസ് സ്റ്റാന്റിലും രണ്ട് പേരെ ബെംഗലുരുവിലെ ബസ് സ്റ്റാന്റിലും മറ്റൊരാളെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന് സമീപത്തും വച്ചാണ് കൊലപ്പെടുത്തിയത്. 

മോഷണവും ചെറുപ്പക്കാരിയായ യുവതികളോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും വേണ്ടി മാത്രമാണ് താൻ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. മൂന്ന് തവണ വിവാഹിതനായിട്ടുള്ള പ്രതി, തന്റെ ആദ്യഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയിരുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും ഭാര്യമാർ വ്യത്യസ്ത വീടുകളിലാണ് താമസിക്കുന്നത്.

മോഷണവും ലൈംഗിക താത്‌പര്യവും മാത്രം ലക്ഷ്യമാക്കി യുവതികളെ പ്രണയിച്ച് വശത്താക്കുകയാണ് ഇയാൾ ചെയ്ത് വന്നിരുന്നത്. പിന്നീട് വിശദമായി കൊലപാതകത്തിന്റെ സാഹചര്യങ്ങൾ ആസൂത്രണം ചെയ്യും. യുവതികളെ ഈ കൊലക്കെണിയിലേക്ക് സ്വയമേ എത്തിക്കുകയായിരുന്നു പ്രതിയുടെ ശീലം. കാസർകോട് മുള്ളേരിയ സ്വദേശിനി പുഷ്‌പ എന്ന 26 കാരിയെ കൊലപ്പെടുത്തിയ കേസിലും പ്രതി ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ബേബി നായക്(25), ശാരദ (24), കാവേരി (30), പുഷ്‌പ(26), വിനുത(24), ഹേമ (24), അനിത (22), യശോദ (26), സരോജിനി(27), ശശികല(28), സുനന്ദ (25), ലീലാവതി (32), ശാന്ത (35), വനിത (22), സുജാത (28) എന്നിവരടക്കം 18 കർണ്ണാടക സ്വദേശിനികളെ കൂടിയാണ് സയനൈഡ് മോഹൻ കൊലപ്പെടുത്തിയത്. 

click me!