
ബെംഗളൂരു: കര്‍ണാടക ശ്രീനിവാസ സാഗര്‍ അണക്കെട്ടിന്‍റെ മതില്‍ക്കെട്ടിലൂടെ വലിഞ്ഞ് കയറിയ യുവാവ് കാല്‍തെറ്റി താഴെ വീണ് ഗുരുതരമായി പരിക്കേറ്റു. വെള്ളച്ചാട്ടത്തിനിടയിലൂടെ വലിഞ്ഞുകയറിയ യുവാവ് 30 അടി ഉയരത്തില്‍ നിന്നാണ് താഴേക്ക് വീണത്. കാലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റു. ചിക്കബെല്ലാപുരില്‍ നിന്ന് കൂട്ടുകാര്‍ക്കൊപ്പം അണക്കെട്ട് കാണാന്‍ എത്തിയതായിരുന്നു യുവാവ്. സമീപത്തുണ്ടായിരുന്നവരുടെ എതിര്‍പ്പ് അവഗണിച്ചാണ് മതില്‍കെട്ടിലൂടെ മുകളിലേക്ക് കയറിയത്. യുവാവിനെതിരെ പൊലീസ് കേസെടുത്തു.
ശ്രീനിവാസ സാഗര അണക്കെട്ടിന്റെ ഭിത്തിയിൽ മുന്നറിയിപ്പുകൾ അവഗണിച്ച് യുവാക്കൾ കയറിയെന്നാണ് റിപ്പോർട്ടുകൾ. അണക്കെട്ടിന്റെ അധികൃതര്‍ അരുതെന്ന് അദ്ദേഹത്തിന് വ്യക്തമായി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ യുവാവ് ഇത് ധിക്കരിച്ച് തന്റെ സാഹസിക പ്രകടനവുമായി മുന്നോട്ട് പോവുകയായിരുന്നു.
50 അടിയോളം ഉയരത്തിലാണ് അണക്കെട്ടിന്റെ ഭിത്തിയുള്ളത്. സോഷ്യൽ മീഡിയയിൽ വൈറലായ സംഭവത്തിന്റെ വീഡിയോയിൽ, ചുറ്റുമുള്ള ആളുകൾ അദ്ദേഹത്തോട് താഴെയിറങ്ങാൻ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇത് വകവയ്ക്കാതെ യുവാവ് കയറുന്നത് വീഡിയോയിൽ കാണാം. അണക്കെട്ടിന്റെ ഭിത്തി പകുതിയോളം കയറിയ ശേഷമാണ് കാൽ വഴുതി താഴേക്ക് പതിച്ചത്. നട്ടെല്ലിനും കാലിനും പരിക്കേറ്റ യുവാവ് ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
മയക്കുമരുന്ന് കേസ് പ്രതി പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു; കൈവിലങ്ങോടെ രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം
കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്നും കാസർകോട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ റിമാൻഡ് പ്രതി പൊലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടു. ആലമ്പാടി സ്വദേശി അമീർ അലി (23) ആണ് കാസർകോട് വച്ച് പൊലീസുകാരെ തള്ളിമാറ്റി രക്ഷപ്പെട്ടത്. മെയ് 12ന് ബദിയടുക്കയിൽ വച്ച് നമ്പർ പ്ലേറ്റ് ഇല്ലാത്ത കാറിൽ കടത്തുകയായിരുന്ന 8 ഗ്രാം എംഡിഎംഎയുമായാണ് അമീർ അലി പിടിയിലായത്. ഈ വാഹനത്തിൽ നിന്ന് രണ്ട് കൈത്തോക്കുകളും ബദിയടുക്ക പൊലീസ് കണ്ടെടുത്തിരുന്നു.
കേസിൽ റിമാൻഡിലായി കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന ഇയാളെ ഇന്ന് രാവിലെയാണ് കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കൊണ്ടുപോയത്. കണ്ണൂർ എആർ ക്യാംപിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ സുരക്ഷയ്ക്ക് ഉണ്ടായിരുന്നു. കാസർകോട് എത്തിയപ്പോൾ പൊലീസിനെ തള്ളിമാറ്റുകയും വിലങ്ങോടെ ഓടി രക്ഷപ്പെടുകയുമായിരുന്നു.കാസർകോട് ടൗൺ, വിദ്യാ നഗർ, ബദിയടുക്ക സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥർ പ്രതിക്കായി തെരച്ചിൽ തുടങ്ങി. സുരക്ഷാ വീഴ്ച സംബന്ധിച്ച് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടും പരിശോധന ആരംഭിച്ചു. അമീർ അലി വേറെയും ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam