മുന്‍ വൈരാഗ്യം; മധ്യപ്രദേശില്‍ കര്‍ണിസേനാ നേതാവിനെ പൊതുസ്ഥലത്ത് കുത്തിക്കൊന്നു- VIDEO

Published : Sep 04, 2022, 08:46 PM ISTUpdated : Sep 04, 2022, 08:47 PM IST
മുന്‍ വൈരാഗ്യം; മധ്യപ്രദേശില്‍ കര്‍ണിസേനാ നേതാവിനെ പൊതുസ്ഥലത്ത് കുത്തിക്കൊന്നു- VIDEO

Synopsis

രോഹിത്തിനെ കുത്തുന്നത് തടയാന്‍ ശ്രമിച്ച ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സച്ചിന്‍ പട്ടേലിനും കുത്തേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഭോപ്പാല്‍: മധ്യപ്രദേശില്‍ നടുറോഡില്‍ കര്‍ണിസേനാ നേതാവിനെ കുത്തിക്കൊന്നു. കര്‍ണിസേനയുടെ ഇട്ടാര്‍സിയിലെ സെക്രട്ടറി രോഹിത് സിങ് രജ്പുത്(28) ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ രോഹിത്തിനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നഗരസഭാ ഓഫീസിന് മുന്‍വശത്തുവെച്ച് മൂവര്‍സംഘമാണ് രോഹിത്തിനെ ആക്രമിച്ചത്. മുന്‍വൈരഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. 

രോഹിത്തിനെ കുത്തുന്നത് തടയാന്‍ ശ്രമിച്ച ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സച്ചിന്‍ പട്ടേലിനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സച്ചിന്‍റെ നില ഗുരതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അക്രമിസംഘവും രോഹിത്തും തമ്മില്‍ നേരത്തേ തര്‍ക്കം നിലനിന്നിരുന്നു. ഇതാണ്  കൊലപാതകത്തിലേക്ക് നയിച്ചതെന്ന്  ഇട്ടാര്‍സി പോലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് ആര്‍. എസ്. ചൗഹാന്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

രോഹിത്തും സുഹൃത്തും പ്രദേശത്തെ ചായക്കടയ്ക്ക് സമീപം നില്‍ക്കുമ്പോഴാണ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ സംഘം ഇവരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. സംസാരിച്ച് കൊണ്ടിരിക്കെ സംഘത്തിലൊരാള്‍ പെട്ടന്ന്  കത്തിയെടുത്ത് രോഹിത്തിനെ തുടരെത്തുടരെ കുത്തി വീഴ്ത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ രോഹിത്തിനെ കുത്തിയ മൂന്ന് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.  രാഹുല്‍ രജ്പുത്, അങ്കിത് ഭട്ട്, ഇഷു മാളവ്യ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരാളെ കൂടി പിടികൂടാനുണ്ടെന്നും ഇയാള്‍ക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായ മൂന്നുപേരെയും കോടതിയില്‍ ഹാജരാക്കി. അതിനിടെ പ്രതികളിലൊരാളായ അങ്കിത് ഭട്ടിന്റെ വീട് ഒരു സംഘം അടിച്ച് തകര്‍ത്തു. കര്‍ണിസേനാ  പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഉയരുന്ന ആരോപണം.  സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പൊലീസ് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Read More :  മര്‍ദ്ദിച്ചതിന് പ്രതികാരം; പത്താംക്ലാസുകാരിയെ കുത്തിക്കൊന്നു, മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച് മുങ്ങി

PREV
Read more Articles on
click me!

Recommended Stories

ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം