
കാസർകോട് : കാസർകോട്ടെ പ്രവാസി അബൂബക്കർ സിദീഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ സംഘത്തിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസിറക്കി. ക്വട്ടേഷൻ സംഘത്തിലെ ഏഴ് പേർക്കെതിരെയാണ് നോട്ടീസ്. പൈവളിഗ കേന്ദ്രീകരിച്ചുള്ള സംഘമാണ് ക്വട്ടേഷൻ ഏറ്റെടുത്തതെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. എന്നാൽ ഒരാഴ്ചയായിട്ടും ക്വട്ടേഷൻ സംഘത്തിലെ ആരെയും പിടികൂടാൻ ആയിട്ടില്ല. പ്രതികളിൽ രണ്ട് പേർ യുഎഇയിലേക്ക് കടക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ കൂടിയാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്. വിമാനത്താവളങ്ങൾ, സീപോർട്ടുകൾ എന്നിവ അടക്കമുള്ളവ വഴി കൂടുതൽ പ്രതികൾ രാജ്യം വിടുന്നത് തടയുകയാണ് ലക്ഷ്യം.
കഴിഞ്ഞ ഞായറാഴ്ചയാണ് മുഗു സ്വദേശിയായ പ്രവാസി, അബൂബക്കർ സിദ്ദീഖ് കൊല്ലപ്പെട്ടത്. പൈവളിഗയിലെ ആളൊഴിഞ്ഞ വീട്ടിൽ തലകീഴായി കെട്ടിതൂക്കി ക്രൂരമായി മർദ്ദിച്ചായിരുന്നു കൊലപാതകം. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേരാണ് അറസ്റ്റിലായത്. ക്വട്ടേഷൻ നൽകിയവരും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരുമാണ് ഇവർ. എന്നാൽ ക്വട്ടേഷന്‍ ഏറ്റെടുത്ത് സിദീഖിനെ മര്‍ദ്ദിച്ച് കൊന്നവരെ പിടികൂടാന്‍ ഒരാഴ്ചയായിട്ടും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇവരെ കണ്ടെത്താൻ വ്യാപക പരിശോധന തുടരുന്നു എന്നാണ് പൊലീസ് പറയുന്നത്. മഹാരാഷ്ട്ര, കർണാടക, ഗോവ, തമിഴ്നാട് എന്നിവിടങ്ങളിൽ പൊലീസ് പരിശോധനയുണ്ടെന്നാണ് വിശദീകരണം. ഇതിനിടയിൽ ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേർ രാജ്യം വിടുകയും ചെയ്തു. യുഎഇയിലേക്കാണ് ഇവർ കടന്നത്. ക്വട്ടേഷൻ നൽകിയവരും ഏറ്റെടുത്തവരും പ്രതികളെ സഹായിച്ചവരും അടക്കം 15 പേരാണ് പ്രതികളെന്ന് പൊലീസ് വ്യക്തമാക്കുന്നു.
പാലക്കാട് 13കാരി പ്രസവിച്ചു, സഹോദരൻ അറസ്റ്റിൽ
ആറന്മുളയിൽ ഗർഭിണിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
പത്തനംതിട്ട : ആറന്മുളയിൽ ഗർഭിണിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കുറുന്താർ സ്വദേശി ജോതിഷാണ് പിടിയിലായത്. മരണത്തിൽ അസ്വാഭാവികത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ജൂൺ 27 നാണ് കുഴിക്കാല സെറ്റിൽമെന്റ് കോളനിയിൽ താമസിക്കുന്ന ജ്യോതിഷിന്റെ ഭാര്യ അനിത മരിച്ചത്. ആറ് മാസം ഗർഭിണിയായിരിക്കെയായിരുന്നു മരണം. വയറ്റിലുണ്ടായ അണുബാധയാണ് മരണ കാരണം. വയറു വേദന മൂലം മെയ് 19 നാണ് അനിതയെ തിരുവന്തപുരം എസ്എടി ആശുപത്രിയിലെത്തിച്ചത്.
യുവതിയെ ആശുപത്രിയിലെത്തിച്ച ശേഷം പ്രതി അവിടെ നിന്നും മുങ്ങി. ഭാര്യയുടെ ചികിത്സക്കെന്ന പേരിൽ പലരോടും പണം വാങ്ങിയെങ്കിലും അതൊന്നും ചികിത്സയ്ക്കായി വിനിയോഗിച്ചില്ല. ഗർഭിണിയായിരിക്കെ ഭർത്താവ് ജ്യോതിഷ് യുവതിക്ക് വേണ്ട ചികിത്സ നൽകിയില്ലെന്നുമാണ് ബന്ധുക്കളുടെ പരാതി. പല തവണ ആശുപത്രിയിലെത്തിച്ചപ്പോഴും ഡോക്ടർമാർ നിർദേശിച്ച കാര്യങ്ങളിലെല്ലാം വീഴ്ച വരുത്തിയതാണ് അനിതക്ക് അണുബാധയുണ്ടാകാൻ കാരണമെന്നും ബന്ധുക്കൾ പറയുന്നു.
മൂന്ന് വർഷം മുമ്പാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം പ്രതി ജോലിക്കൊന്നും പോകാതെ യുവതിയുടെ വീട്ടിൽ തന്നെയായിരുന്നു ജോതിഷിന്റെ താമസം. ഇയാൾക്കെതിരെ ഗാർഹിക പീഡനം ജുവനൈൽ ജസ്റ്റിസ് നിയത്തിലെ വകുപ്പുകൾ എന്നിവയാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ പത്തനംതിട്ട ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
പീഡനക്കേസ്: പിസി ജോർജ്ജിൻ്റെ ജാമ്യം റദ്ദാക്കാൻ പരാതിക്കാരി കോടതിയിലേക്ക്