ഓട്ടോയിലെ സീറ്റിനെച്ചൊല്ലി തര്‍ക്കം; ജയ്പൂരില്‍ സഹപ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് കശ്മീരി യുവാവിന് ദാരുണാന്ത്യം

By Web TeamFirst Published Feb 8, 2020, 11:51 AM IST
Highlights

മുംബൈയില്‍ നിന്നുള്ള മറ്റൊരു കാറ്ററിംഗ് സംഘത്തിലെ ആളുകളാണ് ഇവരെ മര്‍ദിച്ചതെന്നാണ് വിവരം. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു കശ്മീരി യുവാവിനും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ യുവാവിനെ സഹപ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുകൊന്നു. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഓട്ടോയിലെ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയിലെത്തിച്ചത്. ഫെബ്രുവരി അഞ്ചിനാണ് തലയ്ക്ക് അടിയേറ്റ് ബോധംക്ഷയിച്ച നിലയിലാണ് കശ്മീരിലെ കുപ്‍വാര സ്വദേശിയായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. 

ജയ്പൂരിലെ സവായ് മന്‍ സിംഗ് ആശുപത്രിയില്‍ വച്ചാണ് യുവാവ് മരിച്ചത്. കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനും പതിനെട്ടുകാരനുമായ ബസിത് ഖാനാണ് കൊല്ലപ്പെട്ടത്. ഓട്ടോയില്‍ കയറിയ ശേഷം സഹപ്രവര്‍ത്തകര്‍ക്കിടയില്‍ സീറ്റിനെച്ചൊല്ലിയുണ്ടായ കയ്യാങ്കളിക്കിടെ ബസിത് ഖാന്‍റെ തലയ്ക്ക് അടിയേറ്റിരുന്നു. ബസിതിനൊപ്പമുണ്ടായിരുന്ന മറ്റൊരു കശ്മീരി യുവാവിനും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

മുംബൈയില്‍ നിന്നുള്ള മറ്റൊരു കാറ്ററിംഗ് സംഘത്തിലെ ആളുകളാണ് ഇവരെ മര്‍ദിച്ചതെന്നാണ് വിവരം. റൂമിലെത്തിയ ബസിത് തലവേദനിക്കുന്നുവെന്ന് പരാതിപ്പെട്ടതിന് പിന്നാലെ ബോധം കെട്ട് വീഴുകയായിരുന്നു. ഉടന്‍ തന്നെ ബസിതിനെ ആശുപത്രിയില്‍  എത്തിച്ചെങ്കിലും വ്യാഴാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു.

ആശുപത്രിയിലെത്തിച്ച ഇയാള്‍ക്ക് ഭക്ഷ്യവിഷബാധയാണെന്നായിരുന്നു ആദ്യം ആശുപത്രി അധികൃതര്‍ പറഞ്ഞത്. എന്നാല്‍ വിശദമായ പരിശോധനയില്‍ തലയ്ക്കേറ്റ പരിക്ക് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ദില്ലി സ്വദേശിയായ ആദിത്യയെയാണ് പൊലീസ്  കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. എന്നാല്‍ ബസിതിനെ ഗുണ്ടകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

click me!