ഗോഡ്സെയുടെ കോലം കെട്ടിത്തൂക്കി, ആര്‍എസ്എസിനെതിരെ ബാനര്‍; അജ്ഞാതനെതിരെ കേസ്

By Web TeamFirst Published Feb 8, 2020, 10:38 AM IST
Highlights

ബാനർ സ്ഥാപിച്ച അജ്ഞാതന്റെ പേരിൽ മലപ്പുറം പോലീസ് ആണ് സ്വമേധയാ കേസെടുത്തത്. കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കാണിച്ച് ശിക്ഷാനിയമം 153 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

മലപ്പുറം: ഗോഡ്സെയുടെ  കോലം കെട്ടിത്തൂക്കി ഗാന്ധിയെ കൊന്നത് ആർ എസ് എസ് എന്നെഴുതി ബാനര്‍ വച്ചതിന് പൊലീസ് കേസ്. മലപ്പുറം കുന്നുമ്മൽ സർക്കിളിലായിരുന്നു ബാനര്‍ വച്ചത്. ബാനറിലെ പരാമർശം ഇരുവിഭാഗങ്ങൾ തമ്മിൽ  സ്പർദ്ധ ഉണ്ടാക്കുമെന്നാണ് സംഭവത്തില്‍ കേസെടുത്ത പോലീസിന്‍റെ വിശദീകരണം. ബാനർ സ്ഥാപിച്ച അജ്ഞാതന്റെ പേരിൽ മലപ്പുറം പോലീസ് ആണ് സ്വമേധയാ കേസെടുത്തത്.

കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കാണിച്ച് ശിക്ഷാനിയമം 153 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുന്നുമ്മല്‍ സര്‍ക്കിളില്‍ സ്ഥാപിച്ച ബാനറും ഗോഡ്‌സെയുടെ കോലവും പോലീസ് കസ്റ്റഡിയിൽ എടുത്തു. നേരത്തെ ഹിറ്റ്‌ലറുടെയും മോദിയുടെയും മുഖങ്ങള്‍ ഒന്നാക്കി ചേര്‍ത്ത് ബോര്‍ഡ് സ്ഥാപിച്ചതിന് മലപ്പുറത്ത് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രിയെ അവഹേളിക്കുന്നതാണ് പോസ്റ്റ് എന്ന് കാണിച്ചാണ് മങ്കട വെള്ളില പറക്കോട് പുലത്ത് മുഹമ്മദിന്റെ മകന്‍ അനസിനെയാണ് മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്.

ബിജെപി മങ്കട പ്രാദേശിക നേതാവിന്റെ പരാതിയിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. ബോര്‍ഡ് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് പൊലീസ് വിശദീകരണം. അറസ്റ്റിന് പിന്നാലെ പ്രതിയെ ജാമ്യത്തില്‍ വിട്ടിരുന്നു.

click me!