
കോട്ടയം: ഒരേസമയം നിരവധി സ്ത്രീകളെ കെണിയില്‍ വീഴ്ത്തിയ ഹണിട്രാപ്പ് വീരന്‍ പൊലീസിനോട് വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍. കോട്ടയം അരീപ്പറമ്പ് സ്വദേശി ഹരി എന്ന പ്രദീപ് കുമാറാണ് വെള്ളിയാഴ്ച ഏറ്റുമാനൂർ പൊലീസിന്‍റെ പിടിയിലായത്. നഗ്ന ചിത്രങ്ങൾ കൃത്രിമമായി സൃഷ്ടിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന ഒരു വീട്ടമ്മയുടെ പരാതിയിൽ തുടങ്ങിയ അന്വേഷണമാണ് പ്രദീപ് കുമാറെന്ന കുപ്രസിദ്ധ ഹണി ട്രാപ്പറിലേക്ക് ഏറ്റുമാനൂർ പൊലീസിനെ എത്തിച്ചത്. ഏറെ നാളായി നിരീക്ഷണത്തിലായിരുന്ന പ്രദീപിന്റെ ലാപ്ടോപ് പിടിച്ചെടുത്തതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ഇയാളുടെ പ്രവര്‍ത്തന രീതി ഇങ്ങനെ, താത്പര്യം തോന്നുന്ന സ്ത്രീകളെ പരിചയപ്പെട്ട് ഫോണ്‍നമ്പര്‍ വാങ്ങി കുടുംബപ്രശ്‌നങ്ങള്‍ അവരില്‍ നിന്നും അറിയും. പിന്നീട് അവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് മറ്റു സ്ത്രീകളുമായി അവിഹിതബന്ധമുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ സ്ത്രീകളുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി അവരുടെ ഭര്‍ത്താക്കന്മാരുമായി ചാറ്റ് ചെയ്യും. ഈ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഭാര്യയ്ക്ക് അയച്ചുനല്‍കും.
ഇതോടെ ഭര്‍ത്താവിന് പരസ്ത്രീബന്ധമുണ്ടെന്ന് മനസ്സിലാക്കുന്ന സ്ത്രീകള്‍ ഭര്‍ത്താവുമായി അകലുകയും ഇയാളുമായി ബന്ധം ദൃഢമാക്കുകയും ചെയ്യും. ഇത് മുതലെടുത്ത് വീഡിയോ ചാറ്റിങ്ങിലൂടെ സ്ത്രീകളുടെ ഫോട്ടോകള്‍ കൈക്കലാക്കും. തുടര്‍ന്ന് ഇത് നഗ്‌നഫോട്ടോകളാക്കി ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ചൂഷണം ചെയ്യും. സൗഹൃദം കെണിയായിരുന്നുവെന്ന് മനസ്സിലാക്കുമ്പോഴേക്കും ഇരകളായ സ്ത്രീകളുടെ ജീവിതനിയന്ത്രണം ഇയാള്‍ ഏറ്റെടുത്തിരിക്കും. പിന്നീട് ഇയാള്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും നിമിഷങ്ങള്‍ക്കകം പറയുന്ന സ്ഥലത്തെത്തണം. ഭര്‍ത്താവുമായി അധികം സഹകരണം പാടില്ല. വിളിക്കുന്ന സമയത്ത് ഫോണ്‍ എടുത്തിരിക്കണം. രാത്രി എത്ര വൈകിയാലും ചാറ്റും വീഡിയോകോളും ചെയ്യണം. ഇങ്ങനെ പോകുന്നു നിബന്ധനകള്‍.
ഒരു സ്ത്രീയോട് അറുപത്തിയെട്ടാമത്തെ ഇരയാണെന്നും 2021-നു മുന്പ് നൂറു തികയ്ക്കണമെന്നും പ്രതി പറഞ്ഞിരുന്നതായി പോലീസ് പറഞ്ഞു. ഇയാളുമൊത്തുള്ള മോര്‍ഫ് ചെയ്ത ഇയാളുടെ ലാപ് ടോപ്പില്‍ 58 സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ മോര്‍ഫ് ചെയ്തത് ഓരോ ഫോള്‍ഡറുകളിലായി സൂക്ഷിച്ചിട്ടുണ്ടെന്നും ഇവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു. ഏറ്റുമാനൂർ കോടതി റിമാൻഡ് ചെയ്ത പ്രതിയെ കൂടുതൽ അന്വേഷണത്തിനായി ഉടൻ കസ്റ്റഡിയിൽ വാങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam