
മാന്നാർ: പ്രവാസി വ്യവസായിയുടെ വീട്ടിലെ കവർച്ച നടത്തിയ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പ്രവാസി വ്യവസായിയുടെ വീട്ടിൽ നിന്ന് വജ്രാഭരണങ്ങൾ ഉൾപ്പെടെ അരക്കോടി രൂപയിലേറെ വിലവരുന്ന ആഭരണങ്ങളും മറ്റും കവർന്ന കേസിൽ കഴിഞ്ഞ ദിവസം പിടിയിലായ നാലാമത്തെ പ്രതിയുമായാണ് മാന്നാർ പൊലീസ് കവർച്ച നടന്ന വീടുകളിലും ആയുധങ്ങൾ ഉപേക്ഷിച്ച ഇടങ്ങളിലും തെളിവെടുപ്പിനായെത്തിയത്.
ബഹ്റിനിൽ ബിസിനസ് നടത്തുന്ന പ്രവാസി വ്യവസായി മാന്നാർ കുട്ടമ്പേരൂർ രാജശ്രീയിൽ രാജശേഖരൻ പിള്ളയുടെയും ദീപ്തിയിൽ ഡോക്ടർ ദിലീപ് കുമാറിന്റെയും വീടുകളിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് അവസാനം പിടിയിലായ പ്രതി ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് അസ്ഹറിനെ(21)യും കൊണ്ടാണ് പൊലീസ് തെളിവെടുപ്പിനെത്തിയത്. ചെന്നിത്തല തൃപ്പെരുന്തുറ ആറാട്ടുമുക്കിന് സമീപത്തെ പൊന്തക്കാട്ടിൽ നിന്നും മോഷണത്തിനുപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. സെപ്തംബർ 23 ന് രാത്രിയിലായിരുന്നു മോഷണം നടന്നത്. ഈ കേസുമായി ബന്ധപ്പെട്ട് അന്തർ സംസ്ഥാന ക്രിമിനൽ സംഘത്തിൽപ്പെട്ട ഉത്തർപ്രദേശ് സ്വദേശികളായ മുഹമ്മദ് സൽമാൻ (34), ആരിഫ് (30), റിസ്വാൻ സൈഫി (27) എന്നിവരെ മാന്നാർ ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെയും എസ്. ഐ അഭിരാമിന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘം അതിസാഹസികമായി നേരത്തേ അറസ്റ്റ് ചെയ്ത് തെളിവെടുപ്പ് നടത്തിയിരുന്നു.
മുഹമ്മദ് അഹ്സർ മറ്റൊരു കേസിൽ ഉത്തർപ്രദേശിൽ പിടിയിലായതറിഞ്ഞ് എസ്. ഐ. അഭിരാമിന്റെ നേതൃത്തിലുള്ള പൊലീസ് സംഘം രണ്ടാഴ്ചമുമ്പാണ് മാന്നാറിൽ നിന്നും പുറപ്പെട്ടത്. അവിടെയെത്തിയപ്പോഴേക്കും ഇയാൾ ജാമ്യത്തിലറങ്ങി രക്ഷപെട്ടിരുന്നു. ഉത്തർ പ്രദേശിൽ നിന്നു കൊണ്ട് സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ച് മറ്റൊരു ജില്ലയിൽ ഒളിവിൽ കഴിയുന്ന ഇയാളെ പിടികൂടി കേരളത്തിലെത്തിക്കുകയായിരുന്നു.
കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്ത മുഹമ്മദ് അസ്ഹറിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെട്ടിപ്പിനായി എത്തിക്കുകയായിരുന്നു. കേസിൽ ഉത്തർ പ്രദേശ് സ്വദേശിയായ റിയാസത്ത് അലിയെ ആണ് ഇനി പിടികൂടാനുള്ളത്. ഇയാൾക്കായുള്ള അന്വേഷണവും ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam