
കെവിൻ വധക്കേസിൽ നീനുവിന്‍റെ സഹോദരൻ സാനു ചാക്കോ അടക്കം 10 പേർ കുറ്റക്കാരാണെന്നും ഇത് ദുരഭിമാനക്കൊല തന്നെയാണെന്നും കോടതി വിധിച്ചിരിക്കുകയാണ് കേസിന്‍റെ നാൾ വഴി പരിശോധിക്കാം..
2018 മെയ് 27 നാണ് കോട്ടയം നട്ടാശേരി സ്വദേശി കെവിൻ ജോസഫിനെ കാണിനില്ലെന്ന് അച്ഛൻ ജോസഫ് ഗാന്ധി നഗര്‍ പൊലീസില്‍ പരാതി നല്‍കുന്നത്. മുഖ്യമന്ത്രിക്ക് അകമ്പടി പോകണമെന്ന് പറഞ്ഞ് പൊലീസ് പരാതി അവഗണിച്ചു. മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും വിഷയം വിവാദമാകുകയും ചെയ്തപ്പോൾ നീനുവിന്‍റെ സഹോദരൻ ഷാനു ചാക്കോയടക്കം 13 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
കെവിന്‍റെ സുഹൃത്തായ അനീഷിനെ ഷാനുവും കൂട്ടരും മര്‍ദ്ദിച്ചവശനാക്കി കോട്ടയത്തിനു സമീപം ക്രാന്തിക്കവലയിൽ ഉപേക്ഷിച്ചിട്ട് കടന്നു. അനീഷ് പോലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചുവെങ്കിലും ദ്രുതഗതിയിൽ നടപടിയുണ്ടായില്ല. അന്ന് തന്നെ മകളെ കാണാനില്ലെന്ന് നീനുവിന്‍റെ പിതാവ് ചാക്കോ പരാതിപെട്ടു. കെവിനൊപ്പം പോകണമെന്ന് നീനു പറഞ്ഞതിനാൽ കോടതി നീനുവിനെ കെവിന്‍റെ മാതാപിതാക്കൾക്കൊപ്പം വിട്ടു.
2018 മെയ് 28ന് പുലർച്ചെ തെന്മലയിൽ ചാലിയക്കര തോട്ടിൽ നിന്നാണ് കെവിന്‍റെ മൃതദേഹം കണ്ടെത്തിയത്. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന നിയാസും റിയാസുമാണ് ആദ്യം അറസ്റ്റിലായത്. 2018 മേയ് 29ന് ഷാനു ചാക്കോയെയും അച്ഛൻ ചാക്കോ ജോണിനെയും അറസ്റ്റ് ചെയ്തു. കെവിനെ കടത്തിക്കൊണ്ടുപോയ വാഹനം ഓടിച്ച മനുവും പോലീസ് പിടിയിലായി. പോസ്റ്റ്മോർട്ടത്തിന് ശേഷം കെവിന്‍റെ മൃതദേഹം സംസ്കരിച്ചു.
കെവിന്‍റെ മൃതദേഹം അന്ന് വീട്ടിലെത്തിച്ചപ്പോൾ
കെവിനെ ഓടിച്ച് ആറ്റിൽ ചാടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്. സസ്പെന്‍ഷനിലായിരുന്ന ഗാന്ധിനഗർ എ എസ് ഐ പി എം ബിജുവിനെയും ഡ്രൈവർ അജയകുമാറിനെയും 2018 മേയ് 30ന് അറസ്റ്റു ചെയ്തു.
കെവിന്‍റേത് മുങ്ങിമരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കെവിനെ ബലമായി വെള്ളത്തിൽ മുക്കിക്കൊന്നതെന്ന് ഫോറൻസിക് റിപ്പോർട്ടും പിന്നാലെ വന്നു.
കെവിന്‍റെ കുടുംബത്തിന് പത്തു ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. 2018 ഓഗസ്റ്റ് 21ന് 12 പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ 2019 ഏപ്രില്‍ 24 ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങി. വിചാരണയ്ക്കിടെ അഞ്ച് സാക്ഷികള്‍ കൂറ് മാറി. സസ്പെൻഷനിലായിരുന്നു എസ്ഐ എം എസ് ഷിബുവിനെ സർവീസിൽ തിരിച്ചെടുത്തെങ്കിലും കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് ഈ നടപടി മരവിപ്പിച്ചു. കെവിൻ മുങ്ങിമരിച്ചതല്ല, മുക്കിക്കൊന്നതാണെന്ന് വിചാരണയ്ക്കിടെ പൊലീസ് സർജൻമാർ കോടതിയിൽ മൊഴി നൽകി.
2019 ജൂലൈ 30 നാണ് കെവിന്‍ വധക്കേസിൽ വിചാരണ പൂർത്തിയായത്. 113 സാക്ഷികളെ വിസ്തരിച്ച കേസിൽ. 238 രേഖകളും, അന്‍പതിലേറെ തെളിവുകളും കോടതി പരിശോധിച്ചു.
"
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam