പ്രണയവിവാഹവും ദുരഭിമാനക്കൊലയും; ഉപതെരഞ്ഞെടുപ്പ് ദിവസം കേരളത്തെ ഞെട്ടിച്ച അരുംകൊല വിചാരണക്കോടതിയില്‍

By Web TeamFirst Published Apr 24, 2019, 5:10 PM IST
Highlights

വിവാഹം കഴിഞ്ഞതിനു പിന്നാലെയാണ് വധുവിന്‍റെ സഹോദരനും സംഘവും കെവിന്‍ പി ജോസഫിനെ കോട്ടയത്ത് നിന്നും തട്ടിക്കൊണ്ട് പോയത്.  ദിവസങ്ങള്‍ക്കിപ്പുറം കൊല്ലം തെന്മല ചാലിയക്കര തോട്ടില്‍ നിന്ന് കെവിന്‍റെ മൃതശരീരം കണ്ടെടുത്തപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കേരളം ഞെട്ടുകയായിരുന്നു

കോട്ടയം: ദുരഭിമാനക്കൊല എന്ന് കേള്‍ക്കുമ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കണ്ണോടിക്കുന്നതായിരുന്നു മലയാളികളുടെ ശീലം. എന്നാല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ദിവസം കേരളം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു. കെവിന്‍-നീനു  പ്രണയ വിവാഹത്തിന്‍റെ പേരില്‍ നീനുവിന്‍റെ വീട്ടുകാര്‍ക്ക് തോന്നിയ ദുരഭിമാനമായിരുന്നു അരുംകൊലയില്‍ കലാശിച്ചത്. ഒന്നിച്ച് ജീവിക്കാനുള്ള 23 കാരന്‍റെ സ്വപ്നത്തെ കൊലക്കത്തിയില്‍ അവസാനിപ്പിക്കുകയായിരുന്നു നീനുവിന്‍റെ വീട്ടുകാര്‍.

വിവാഹം കഴിഞ്ഞതിനു പിന്നാലെയാണ് വധുവിന്‍റെ സഹോദരനും സംഘവും കെവിന്‍ പി ജോസഫിനെ കോട്ടയത്ത് നിന്നും തട്ടിക്കൊണ്ട് പോയത്. പരാതിയുമായി നീനു പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ദിവസങ്ങള്‍ക്കിപ്പുറം കൊല്ലം തെന്മല ചാലിയക്കര തോട്ടില്‍ നിന്ന് കെവിന്‍റെ മൃതശരീരം കണ്ടെടുത്തപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കേരളം ഞെട്ടുകയായിരുന്നു. തട്ടികൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന ഇഷാന്‍റെ മൊഴിയായിരുന്നു കേസന്വേഷണത്തില്‍ വെളിച്ചമായത്. 

കൊല്ലം തെന്മല ഒറ്റക്കൽ സാനു ഭവനിൽ നീനു ചാക്കോ (20)യെ പ്രണയിച്ചു വിവാഹം കഴിച്ചതിലുള്ള വിരോധം കൊലയില്‍ കലാശിക്കുകയായിരുന്നെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. നീനു പരാതി നല്‍കിയിട്ടും അന്വേഷണത്തില്‍ ജാഗ്രതയുണ്ടായില്ലെന്ന വിമര്‍ശനം ശക്തമായതോടെ സര്‍ക്കാര്‍ മറുപടി പറയാന്‍ ബാധ്യസ്ഥമായി.  മുഖ്യമന്ത്രി ജില്ലയിലുള്ളവതിനാൽ സുരക്ഷ ചുമതലയുള്ളതിനാൽ മറ്റ് കാര്യങ്ങളിൽ ഇടപെടാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചെന്നാണ് നീനുവും കെവിന്റെ ബന്ധുക്കളും പറഞ്ഞത്. കെവിന്റെ ഭാര്യയുടെ പരാതിയിൽ നടപടി വൈകിപ്പിച്ച കോട്ടയം ​ഗാന്ധി ന​ഗർ സ്റ്റേഷനിലെ എസ് ഐ ഷിബുവിനേയും, എ എസ്.ഐ സണ്ണിയേയും സസ്പെൻഡ് ചെയ്തും കോട്ടയം എസ്പി അബ്ദുൾ റഫീഖിനെ സ്ഥലം മാറ്റിയുമായിരുന്നു സര്‍ക്കാര്‍ മുഖം രക്ഷിച്ചത്.

ഡിവൈഎഫ്ഐ തെൻമല യൂണിറ്റ് സെക്രട്ടി നിയ‌‌‌ാസിന്‍റെ പേര് കേസില്‍ ഉയര്‍ന്ന് കേട്ടതോടെ കോണ്‍ഗ്രസും ബിജെപിയും ഹര്‍ത്താല്‍ അടക്കമുള്ള പ്രതിഷേധങ്ങളുമായി കളം നിറഞ്ഞു. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാനുള്ളതുകൊണ്ടാണ് കെവിന്‍റെ ഭാര്യയുടെ പരാതി പരിഗണിക്കാത്തതെന്ന വാർത്തയെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയോട് പിണറായി കലിതുള്ളിയതായിരുന്നു പിന്നീട് കേരളം കണ്ടത്.

കെവിന്‍റേത് ജാതി കൊലയെന്ന് വ്യക്തമായതോടെ ദേശീയപട്ടിക ജാതി കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും കര്‍ശന നടപടി വേണമെന്ന ആവശ്യവുമായി രംഗത്തെത്തി. പെണ്‍കുട്ടിയുടെ പരാതി അവഗണിച്ചതെന്തുകൊണ്ടെന്ന് കാട്ടി ഡിജിപിയോട് ദേശീയ പട്ടിക ജാതി കമ്മീഷന്‍ വിശദീകരണം തേടുകയും ചെയ്തു. പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട്  ഇഷാന്‍, നിയാസ്, റിയാസ് എന്നിവര്‍ പിടിയിലായി. കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ നീനുവിന്‍റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്ന സൂചനകളാണ് പിന്നീട് പുറത്തുവന്നത്. അറസ്റ്റിലായ നിയാസിന്‍റെ അമ്മയുടെ മൊഴിയാണ് ഇക്കാര്യത്തിലേക്ക് വിരല്‍ചൂണ്ടിയത്. കെവിന്‍റെ മരണത്തില്‍ 14 പേരെ പ്രതികളാക്കിയതായി പിന്നാലെ പൊലീസ് അറിയിച്ചു. കെവിനെ കടത്തിക്കൊണ്ടു പോയ സംഘത്തില്‍ ഉള്‍പ്പെട്ട 13 പേരെ കൂടാതെ പദ്ധതി ആസൂത്രണം ചെയ്തുവെന്ന് കരുതുന്ന നീനുവിന്‍റെ പിതാവ് ചാക്കോയും പ്രതിപട്ടികയില്‍ ഇടം നേടി.

ദിവസങ്ങള്‍ക്കിപ്പുറം കെവിൻ വധക്കേസിലെ പ്രധാന പ്രതികളായ വധുവിന്റെ സഹോദരൻ ഷാനു ചാക്കോയും അച്ഛൻ ചാക്കോയും കണ്ണൂരില്‍ പിടിയിലായി. ഇതിനിടെ പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് എഎസ്ഐ ബിജു, ജീപ്പ് ഡ്രൈവർ അജയകുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയും കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തു. കെവിന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം നിയമസഭയിലും പ്രതിഷേധവുമായി നിലയുറപ്പിച്ചു.  കെവിൻ വധക്കേസിലെ ഏഴാം പ്രതി ഷെഫിൻ  പൊലീസ് വാഹനത്തിലിരുന്ന് ബന്ധുവിനോട് വീഡിയോ കോളിൽ സംസാരിച്ചതും അതിന്‍മേല്‍ അന്വേഷണം പ്രഖ്യാപിച്ചതും കേരളമാകെ ചര്‍ച്ചായി.


കെവിന്‍റെ കുടുംബത്തിന് വീട് വയ്ക്കാൻ 10 ലക്ഷം രൂപ സഹായം നൽകാനും ഭാര്യ നീനുവിന്‍റെ പഠനച്ചെലവ് ഏറ്റെടുക്കാനും തീരുമാനിച്ച് സര്‍ക്കാര്‍ കെവിനൊപ്പമാണെന്ന് പ്രഖ്യാപിച്ചു. അതിനിടെ കെവിന്‍റേത് മുങ്ങിമരണമെന്ന് സ്ഥിരീകരിച്ച്  രാസ പരിശോധനാഫലം പുറത്തുവന്നു.  ശരീരത്തില്‍ മദ്യത്തിന്‍റെ  അംശം  ഉണ്ടായിരുന്നതായും ഫോറൻസിക്  പരിശോധനയില്‍ വ്യക്തമായി. കെവിൻ വെള്ളം ചോദിച്ചപ്പോൾ പ്രതികൾ മദ്യം നൽകിയെന്ന  മൊഴികള്‍ ശരിയാണെന്ന് വ്യക്തമാകുകയായിരുന്നു ഇതിലൂടെ. കോട്ടയം ഗാന്ധിനഗർ എസ്.ഐ ആയിരുന്ന എം.എസ് ഷിബുവിനെതിരെ കോടതി രൂക്ഷ വിമര്‍ശനം നടത്തുന്നതിനും കേരളം സാക്ഷ്യം വഹിച്ചു. നീനുവിനെ കാണാനില്ലെന്ന അച്ഛന്റെ പരാതിയിന്മേല്‍ എസ്.ഐ നിയമലംഘനം നടത്തിയെന്നാണ് ഏറ്റുമാനൂർ കോടതി കണ്ടെത്തിയത്.

നീനുവിനെ മാനസികരോഗിയാക്കി ചിത്രീകരിക്കാനുള്ള പിതാവ് ചാക്കോ ശ്രമങ്ങളും ഇതിനിടെ വെറുതെയായി. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദ ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നീനുവിന് അനുകൂലമായി മൊഴി നല്കി. നീനുവിന് യാതൊരു മാനസിക പ്രശ്‌നങ്ങളും ഇല്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

ഓഗസ്റ്റ് മാസം 21 ാം തിയതി കെവിന്‍ വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു,. കെവിന്‍റെ ഭാര്യാപിതാവ് ചാക്കോയ്ക്കെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 12 പേർക്കെതിരെ കൊലപാതകക്കുറ്റവും ചുമത്തി. കെവിനെ ഓടിച്ച്  പുഴയിൽ വീഴ്ത്തുകയായിരുന്നുവെന്ന് കുറ്റപത്രം വ്യക്തമാക്കി. നീനുവിന്‍റെ സഹോദരന്‍ ഷാനു ചാക്കോയാണ് മുഖ്യസൂത്രധാരന്‍ എന്നും കെവിനും നീനുവുമായുള്ള പ്രണയം  വൈരാഗ്യത്തിന് കാരണമായെന്നും കുറ്റപത്രം ചൂണ്ടികാട്ടി. 186 സാക്ഷി മൊഴികളും 118 രേഖകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചു. നവംബര്‍ മാസത്തില്‍ കെവിൻ കേസിലെ മുഖ്യപ്രതിയായ ഷാനുവിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന കുറ്റത്തിന് എഎസ്ഐ ടി.എം ബിജുവിനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കി കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ ഉത്തരവ് ഇറക്കി. 

2019 ജനുവരി മാസം 24ാം തിയതി കെവിന്‍ വധക്കേസില്‍ കോട്ടയം  ജില്ലാ അഡീഷണൽ സെഷൻസ് കോടതിയില്‍ പ്രാഥമിക വാദം ആരംഭിച്ചു.  കെവിന്‍റെ  കൊലപാതകം കരുതിക്കൂട്ടിയുള്ളതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. കെവിൻ കേസിൽ കൊലപാതകം നടത്തിയിട്ടില്ലെന്ന് ഒന്നാം പ്രതി സാനു ചാക്കോ കോടതിയില്‍ വാദിച്ചു.  മനപൂർവ്വമായി തള്ളിയിട്ടതിന് തെളിവില്ലെന്നും കൊലപാതകക്കുറ്റം പിൻവലിക്കണമെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ കെവിൻ കൊലക്കേസിലെ കുറ്റപത്രം കോട്ടയം സെഷൻസ് കോടതി അംഗീകരിക്കുകയായിരുന്നു. മാര്‍ച്ച് 14 ന് നരഹത്യയെന്ന വകുപ്പ് തള്ളണമെന്ന മുഖ്യ പ്രതികളുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു.

കെവിന്‍റെ അരുംകൊല നടന്ന് പതിനൊന്ന് മാസം പിന്നിടുമ്പോഴാണ് ഇന്ന് കോടതിയില്‍ വിചാരണ ആരംഭിച്ചത്. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മുഖ്യ സാക്ഷി അനീഷിന്‍റെ വിസ്താരമാണ് ഇന്ന് നടന്നത്. മുഖ്യ പ്രതി ഷാനു ചാക്കോ ഉൾപ്പടെ ഏഴ് പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞു. കെവിൻ വധക്കേസ് ദുരഭിമാനക്കൊലയായി പരിഗണിച്ച് വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി നേരത്തേ അംഗീകരിച്ചിരുന്നു. ഏഴ് പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും അഞ്ചാം പ്രതി ചാക്കോ ഉൾപ്പടെ മൂന്ന് പേരെ സാക്ഷി അനീഷ് തിരിച്ചറിഞ്ഞില്ല. 

പ്രതികളെല്ലാം ഒരു പോലെ വെള്ള വസ്ത്രം ധരിച്ചാണ് വിചാരണയ്ക്ക് എത്തിയത്. പ്രതികൾ രൂപമാറ്റം വരുത്തിയതിനാൽ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് അനീഷ് കോടതിയിൽ മൊഴി നൽകി. നീനുവിന്‍റെ അച്ഛൻ ചാക്കോ, സഹോദരൻ സാനു ചാക്കോ എന്നിവർ ഉൾപ്പെടെ 14 പേരാണ് കേസിലെ പ്രതികൾ.  ദലിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കെവിൻ നീനുവിനെ വിവാഹം ചെയ്തതിലുള്ള നീനുവിന്‍റെ ബന്ധുക്കളുടെ ദുരഭിമാനമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം. കൊലക്കുറ്റം ഉൾപ്പെടെ പത്ത് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ജൂൺ ആറ് വരെ തുടർച്ചയായി വിചാരണ നടത്താനാണ് കോടതിയുടെ തീരുമാനം.

click me!