കെവിൻ വധക്കേസ് വിചാരണ തുടങ്ങി; ഏഴ് പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞു

By Web TeamFirst Published Apr 24, 2019, 2:16 PM IST
Highlights

ഏഴ് പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും അഞ്ചാം പ്രതി ചാക്കോ ഉൾപ്പടെ മൂന്ന് പേരെ സാക്ഷി അനീഷ് തിരിച്ചറിഞ്ഞില്ല. പ്രതികളെല്ലാം ഒരു പോലെ വെള്ള വസ്ത്രം ധരിച്ചാണ് വിചാരണയ്ക്ക് എത്തിയത്. പ്രതികൾ രൂപമാറ്റം വരുത്തിയതിനാൽ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് അനീഷ് കോടതിയിൽ മൊഴി നൽകി.

കോട്ടയം: കെവിൻ വധക്കേസിൽ വിചാരണ തുടങ്ങി. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മുഖ്യ സാക്ഷി അനീഷിന്‍റെ വിസ്താരമാണ് ആദ്യ ദിവസം നടന്നത്. മുഖ്യ പ്രതി ഷാനു ചാക്കോ ഉൾപ്പടെ ഏഴ് പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞു. കെവിൻ വധക്കേസ് ദുരഭിമാനക്കൊലയായി പരിഗണിച്ച് വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി നേരത്തേ അംഗീകരിച്ചിരുന്നു.

ഏഴ് പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും അഞ്ചാം പ്രതി ചാക്കോ ഉൾപ്പടെ മൂന്ന് പേരെ സാക്ഷി അനീഷ് തിരിച്ചറിഞ്ഞില്ല. പ്രതികളെല്ലാം ഒരു പോലെ വെള്ള വസ്ത്രം ധരിച്ചാണ് വിചാരണയ്ക്ക് എത്തിയത്. പ്രതികൾ രൂപമാറ്റം വരുത്തിയതിനാൽ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് അനീഷ് കോടതിയിൽ മൊഴി നൽകി. നീനുവിന്‍റെ അച്ഛൻ ചാക്കോ, സഹോദരൻ സാനു ചാക്കോ എന്നിവർ ഉൾപ്പെടെ 14 പേരാണ് കേസിലെ പ്രതികൾ.  ദലിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കെവിൻ നീനുവിനെ വിവാഹം ചെയ്തതിലുള്ള നീനുവിന്‍റെ ബന്ധുക്കളുടെ ദുരഭിമാനമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം. കൊലക്കുറ്റം ഉൾപ്പെടെ പത്ത് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ജൂൺ ആറ് വരെ തുടർച്ചയായി വിചാരണ നടത്താനാണ് കോടതിയുടെ തീരുമാനം.

click me!