ഒറ്റപ്പാലത്ത് വയോധിക കൊല്ലപ്പെട്ട സംഭവം; പ്രതികൾ കുറ്റം സമ്മതിച്ചു, കൊലപ്പെടുത്തിയത് സഹോദരി പുത്രിയും മകനും

By Web TeamFirst Published Sep 10, 2021, 3:40 PM IST
Highlights

സ്വർണ്ണം മോഷ്ടിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് ഖദീജയെ കൊലപ്പെടുത്തയതെന്നാണ് പ്രതിയായ ഷീജ നൽകിയ മൊഴി. 

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റം സമ്മതിച്ചു. മരിച്ച ഖദീജയുടെ സഹോദരി പുത്രി ഷീജ,  ഷീജയുടെ മകൻ യാസിർ എന്നിവരാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാനാണ് ഖദീജയുടെ കൈയിലെ ഞരമ്പ് മുറിച്ചതെന്നും പ്രതികൾ പൊലീസിന് മൊഴി നൽകി.

സ്വർണ്ണം മോഷ്ടിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് ഖദീജയെ കൊലപ്പെടുത്തയതെന്നാണ് പ്രതിയായ ഷീജ നൽകിയ മൊഴി. 
ഇന്നലെ ഉച്ചയോടെ ഷീജയും മക്കളും ഖദീജയുടെ പത്ത് പവന്‍റെ സ്വര്‍ണ്ണമാല ഒറ്റപ്പാലത്തെ ജ്വല്ലറിയില്‍ വില്‍ക്കാനെത്തി. സംശയം തോന്നിയ ജ്വല്ലറി ഉടമ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സഹോദരിയുടെ മകളായതിനാല്‍ പരാതിയില്ലെന്ന് ഖദീജ പൊലീസിനെ അറിയിച്ചു. 

വൈകിട്ടോടെ ഇതിന്റെ പേരിൽ വീട്ടിൽ തർക്കം നടന്നു. തർക്കത്തിനൊടുവിലാണ് പ്രതികൾ ശ്വാസം മുട്ടിച്ച് ഖദീജയെ കൊലപ്പെടുത്തിയത്. ഇത് ആത്മഹത്യയാണെന്ന് വരുത്തി തീർക്കാനാണ് കൈഞരമ്പ് മുറിച്ചത്. രാത്രിയോടെ വീണ്ടും സ്വർണ്ണം വിൽക്കാൻ ജ്വല്ലറിയിലെത്തിയ യാസിറിനെ കടയുടമ തടഞ്ഞുവച്ചു. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. കൈ ഞരമ്പ് മുറിക്കാന്‍ പ്രതികൾ ഉപയോഗിച്ച ബ്ലേഡ് വീടിനടുത്തുള്ള റോഡില്‍ നിന്ന് കണ്ടെത്തി. പണത്തിന്റെ പേരിൽ നേരത്തെയും ഖദീജയും ഷീജയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി അയൽവാസികളും പറഞ്ഞു. കൊലപാതകത്തിന് ശേഷം മുംബൈയിലേക്ക് കടക്കാനായിരുന്നു ഷീജ ലക്ഷ്യമിട്ടിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

click me!