പുല്ലേപ്പടിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ

Web Desk   | Asianet News
Published : Jan 28, 2021, 08:53 AM ISTUpdated : Jan 28, 2021, 11:13 AM IST
പുല്ലേപ്പടിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ

Synopsis

മാനാശ്ശേരി സ്വദേശി ഡിനോയ്‌ ആണ് പിടിയിലായത്. ഇയാളുടെ സുഹൃത്തായ ജോബി ആണ് കൊല്ലപ്പെട്ടത്. കൊച്ചിയിൽ പുതുവത്സരരാത്രിയിൽ നടന്ന സ്വർണക്കവർച്ചക്കേസിലെ പ്രതികളാണ് ഡിനോയിയും ജോബിയും.

കൊച്ചി: കൊച്ചി പുല്ലേപ്പടിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായി. മാനാശ്ശേരി സ്വദേശി ഡിനോയ്‌ ആണ് പിടിയിലായത്. ഇയാളുടെ സുഹൃത്തായ ജോബി ആണ് കൊല്ലപ്പെട്ടത്.

മോഷണ മുതൽ പങ്ക് വയ്ക്കുന്നതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം. പുതുവത്സരദിനത്തിൽ എളമക്കരയിലെ വീട്ടിൽ മോഷണം നടത്തിയവരാണ് കൊല്ലപ്പെട്ട ജോബിയും കൊലപാതകം നടത്തിയ ഡിനോയിയും. ഡിനോയിയുടെ അച്ഛൻ്റെ ജ്യേഷ്ഠൻ്റെ വീട്ടിലാണ് ഇവർ മോഷണം നടത്തിയത്. ഈ മോഷണത്തിൽ, കൊല്ലപ്പെട്ട ജോബിയുടെ വിരലടയാളം പൊലീസിന് ലഭിച്ചിരുന്നു. ഇത് മോഷണക്കേസ് തെളിയിക്കുന്നതിലേക്ക് നയിക്കുമെന്ന് ഭയന്നാണ് ഡിനോയ് ജോബിയെ കൊന്നതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം കത്തിക്കാൻ സഹായിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹാരിസ്, മണിലാൽ, പ്രദീപ് എന്നിവരാണ് പിടിയിലായത്.

കൊലപാതകം ആസൂത്രിതമാണെന്ന് പൊലീസ് പറയുന്നു.  കൊല്ലപ്പെട്ട ജോബിയും പ്രതി ഡിനോയിയും നന്നായി മദ്യപിച്ചിരുന്നു, മദ്യലഹരിയിൽ ജോബി റെയിൽവേ ട്രാക്കിൽ കയറി കിടന്നു. ഈ സമയം ഡിനോയി കൈയിൽ കരുതിയിരുന്ന ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. മൃതദേഹം തിരിച്ചറിയാതിരിക്കാനാണ് കത്തിച്ചത്. ഇതിനായി പെട്രോളും നേരത്തെ വാങ്ങിയിരുന്നു. ജോബിയെ എങ്ങനെയും ഒഴിവാക്കാനായിരുന്നു ഡിനോയിയുടെ തീരുമാനം, ദൂരെ എവിടേക്കെങ്കിലും തൽക്കാലം മാറി നിൽക്കാം എന്ന് പറഞ്ഞാണ് റെയിൽവേ സ്‌റ്റേഷൻ ഭാഗത്തേക്ക് ഡിനോയി ജോബിയെ എത്തിച്ചതെന്നും പൊലീസ് പറയുന്നു.

ഇന്നലെ റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞ നിലയിലാണ് ജോബിയുടെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ നാട്ടുകാരാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. ഉടൻ പൊലീസിനെ വിവരമറിയിച്ചു. ട്രാക്കിലേക്ക് തല വച്ച് പൂർണമായും കത്തിയ നിലയിലായിരുന്നു മൃതദേഹം. സമീപത്ത് നിന്നും കത്തിക്കാൻ ഉപയോഗിച്ച ലൈറ്ററും പെട്രോൾ നിറച്ചിരുന്ന കുപ്പിയും കണ്ടെടുത്തിരുന്നു. 

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും