
തൃശ്ശൂര്‍; കൊടകര കുഴൽപ്പണ കവർച്ചാക്കേസിലെ രണ്ട് മുഖ്യ പ്രതികൾ പിടിയിൽ. കവർച്ച ആസൂത്രണം ചെയ്ത മുഹമ്മദ് അലിയും പണം കടത്തുന്ന വിവരം ചോർത്തിയ റഷീദുമാണ് കണ്ണൂരിൽ നിന്ന് പിടിയിലായത്. അഞ്ച് ലക്ഷം രൂപ വീതം പ്രതിഫലം കിട്ടിയതായി ഇരുവരും പൊലീസിനോട് സമ്മതിച്ചു. ഇതിനിടെ ശരിയായ അന്വേഷണം നടന്നാൽ ബിജെപിയുടെ പങ്ക് വ്യക്തമാകുമെന്ന് സിപിഎമ്മും കോൺഗ്രസ്സും വ്യക്തമാക്കി
കവർച്ച ആസൂത്രണം ചെയ്യുന്നതിൽ പ്രധാനിയായിരുന്നു മുഹമ്മദ് അലി. പ്രതിയായ രഞ്ജിത്തിനൊപ്പം അലിയാണ് പദ്ധതിക്ക് രൂപം നൽകിയത്. പണവുമായി സഞ്ചരിക്കുന്പോൾ ജിപിഎസ് ഓൺചെയ്ത് വിവരം ചോർത്തുകയായിരുന്നു റഷീദ്. മൂന്ന് ദിവസത്തെ തിരച്ചിലിന് ശേഷമാണ് ഇരുവരേയും കണ്ണൂരിൽ നിന്ന് പിടികൂടിയത്. അഞ്ച് ലക്ഷം രൂപ പ്രതിഫലം കിട്ടിയതായി ഇരുവരും വെളിപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി ഇരുവരേയും ചോദ്യം ചെയ്ത് വരികയാണ്. ഇതിനിടെ കേസിൽ കൃത്യമായി അന്വേഷണം നടന്നാൽ കേസിൽ ബിജെപിയുടെ പങ്ക് തെളിയുമെന്ന് ആവർത്തിച്ച് സിപിഎം ആക്ടിംഗ് സെക്രട്ടറി വിജയരാഘവൻ വീണ്ടും രംഗത്തെത്തി തെരഞ്ഞെടുപ്പിൽ ബിജെപി കള്ളപ്പണം വ്യപാകമായി ഉപയോഗിച്ചുവെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം
വാഹന ഉടമയായ ധർമ്മരാജനേയും യുവമോർച്ച നേതാവ് സുനിൽ നായിക്കിനേയും വീണ്ടും ചോദ്യംചെയ്യാനും അന്വേഷമം സംഘം ആലോചിക്കുന്നുണ്ട്.ധർമാരാജനുമായി ബിസിനസ്സ് ബന്ധം മാത്രമാണ് ഉള്ളത് എന്നാണ് സുനിൽ നയ്ക്കിന്റെ നിലപാട്. ഇത് പൂർണമായി പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam