
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം യുവതി പൊലീസില്‍ കീഴടങ്ങി. ചൊവ്വാഴ്ച രാത്രിയായിരുന്നു നഗരത്തെ ഞെട്ടിച്ച സംഭവം. സംഘതി പോള്‍ എന്ന 32കാരിയാണ് പങ്കാളിയായ സാര്‍ത്ഥക് ദാസ് എന്ന 30കാരനെ കൊന്നക്കേസില്‍ അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറഞ്ഞത്: വിവാഹമോചിതയായ യുവതിയും കുഞ്ഞും യുവാവിനൊപ്പം മധുബനി റോഡിലെ ഒരു ഫ്‌ളാറ്റിലായിരുന്നു താമസം. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാവുകയും ഒന്നിച്ച് താമസിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഫോട്ടോഗ്രാഫറായ സാര്‍ത്ഥക്കിന്റെ അമിത മദ്യപാനത്തെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം സ്ഥിരമായിരുന്നു. സംഭവദിവസവും മദ്യപിച്ചെത്തിയ സാര്‍ത്ഥക്കും യുവതിയും തമ്മില്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നീടത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. യുവതി തന്നെയാണ് വിവരം വിളിച്ച് അറിയിച്ചത്. ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. യുവതി കുറ്റം സമ്മതിച്ചെന്നും കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.
ഒന്നര വര്‍ഷമായി ഇരുവരും ഒന്നിച്ചായിരുന്നു താമസമെന്നും സ്ഥിരമായി വഴക്കുണ്ടായിരുന്നുവെന്നും അയല്‍വാസി മൊഴി നല്‍കിയതായും അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംഘതി പോളിന്റെ കുഞ്ഞിനെ ബന്ധുക്കള്‍ക്കൊപ്പം അയച്ചെന്നും പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam