
കൊല്ലം: കടയ്ക്കല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തു പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഒരാഴ്ചയിലേറെ നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രതിയെ പൊലീസ് കുടുക്കിയത്.
ഈ മാസം പതിനെട്ടിന് കടയ്ക്കല്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ വ്യാപാര സ്ഥാപനത്തിന്‍റെ സിസിടിവിയില്‍ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ബിജുവിന്‍റെ ബൈക്ക് മോഷ്ടാവ് എടുത്തു കൊണ്ടു പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ ദൃശ്യങ്ങളെ പിന്തുടര്‍ന്ന് കടയ്ക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മോഷ്ടാവായ കാവനാട് സ്വദേശി അരുണ്‍ എന്ന ബ്ലാക്കി അരുണ്‍ പിടിയിലായത്.
ബൈക്കുമായി മോഷ്ടാവ് കൊല്ലം കരുകോണ്‍ വരെ പോയ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. എങ്കിലും മോഷ്ടാവിന്‍റെ മുഖം വ്യക്തമായിരുന്നില്ല. പിന്നീട് കരുകോണ്‍ മേഖല കേന്ദ്രീകരിച്ച് ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബൈക്ക് മെക്കാനിക് കൂടിയായ അരുണിനെ അറസ്റ്റ് ചെയ്തത്. വാഹനത്തിലുണ്ടായിരുന്ന രേഖകള്‍ കടലില്‍ എറിഞ്ഞു കളഞ്ഞെന്നാണ് അരുണ്‍ പൊലീസിന് നല്‍കിയ മൊഴി.
കൊല്ലം ഈസ്റ്റ്,വെസ്റ്റ് പൊലീസ് സ്റ്റേഷനുകളില്‍ അടിപിടി കേസുകളിലും അരുണ്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കടയ്ക്കല്‍ എസ്എച്ച്ഒ രാജേഷ്,എസ്ഐ അജുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സമീപകാലത്തെ കടയ്ക്കല്‍ മേഖലയിലുണ്ടായ പ്രധാന മോഷണ കേസുകളിലെല്ലാം തുമ്പുണ്ടാക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam