കോന്നിയിലെ മൂന്ന് പെൺകുട്ടികളുടെ ദുരൂഹ മരണം; അഞ്ച് വര്‍ഷമായിട്ടും എങ്ങുമെത്താതെ അന്വേഷണം

By Web TeamFirst Published Jul 14, 2020, 12:48 AM IST
Highlights

പെണ്‍കുട്ടികളുടെ ദുരൂഹത നിറഞ്ഞ മരണത്തിന് ഓട്ടേറെ ചോദ്യങ്ങൾ ബാക്കിയാക്കി ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും അന്വേഷണം മതിയാക്കി. 

പത്തനംതിട്ട: കോന്നിയിലെ മൂന്ന് പെൺകുട്ടികളുടെ ദുരൂഹ മരണത്തിന് അഞ്ച് വയസ് തികഞ്ഞിട്ടും അന്വേഷണം എങ്ങും എത്തിയില്ല. വീട് വിട്ടിറങ്ങിയ രാജി, ആര്യ, ആതിര എന്നീ പെൺകുട്ടികൾ ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് നിഗമനം. എന്നാൽ മരണ കാരണം കണ്ടെത്താൻ പൊലീസ് പരാജയപ്പെട്ടെന്നാണ് ബന്ധുക്കൾ ഇപ്പോഴും ആക്ഷേപിക്കുന്നത്.

ഒറ്റപ്പാലത്തെ മങ്കരക്ക് സമീപത്തെ  റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെയും ജീവിതം ഒടുങ്ങിയിട്ട് അഞ്ച് വർഷം കഴിഞ്ഞുവെങ്കിലും ദുരൂഹത നിറഞ്ഞ മരണത്തിന് ഓട്ടേറെ ചോദ്യങ്ങൾ ബാക്കിയാക്കി ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും അന്വേഷണം മതിയാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള  ബന്ധുക്കളുടെ നിവേദനം സർക്കാർ തള്ളാത്തത് മാത്രമാണ് ഈ കേസിലെ ഏക പ്രതീക്ഷ. 

2015 ജൂലൈ ഒൻപതിനാണ് കോന്നി ഗവണ്‍മെന്‍റ് ഹയർ സെക്കന്ററി സ്കൂളില വിദ്യാർത്ഥികളായിരുന്ന പെണ്‍കുട്ടികളെ കാണാതായത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ ബെംഗ്ലൂരുവിൽ എത്തിയെന്ന് ആദ്യം കണ്ടെത്തിയിരുന്നു. പക്ഷെ മൂന്നാം ദിവസം റെയിൽ വേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദ്യം കോന്നി സിഐയുടെ നേതൃത്തിലാണ് അന്വേഷണം. 

നാട്ടുകാരുടെ പ്രതിഷധത്തെ തുട‍‍ർന്ന് അന്ന് ഐജി ആയിരുന്ന ബി സന്ധ്യയും റേഞ്ച് ഐജിആയിരുന്ന് മനോജ്എബ്രഹാമും കേസ് ഏറ്റെടുത്തു. പക്ഷെ ഫൊറൻസിക് പോസ്റ്റ് മോർട്ടം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന് പൊലീസ് വിധി എഴുതി. 

വീട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നുമെല്ലാം പൊലീസ് മൊഴി എടുത്തു. ബാഹ്യ ഇടപെടലും ലൈംഗിക അതിക്രമവും ഇല്ലെന്ന കാരണത്താലാണ് അന്വേഷണം അവസാനിപ്പിച്ചത്. പക്ഷെ നാട്ടുകാ‍ർക്ക് ഇതിൽ തൃപ്തി ഉണ്ടായിരുന്നില്ല. അങ്ങനെ കേസ് ഹൈക്കോടതിയിലെത്തി. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയെങ്കിലും പക്ഷെ പ്രതീക്ഷിച്ച പുരോഗതി ഉണ്ടായില്ല.

 

click me!