
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്തുകേസിൽ നിർണായക വെളിപ്പെടുത്തലുമായി എൻ.ഐ.എ. സ്വർണം കടത്താൻ പ്രതികൾ യുഎഇ എംബസിയുടെ എംബ്ലവും സീലും വ്യാജമായി ഉപയോഗിച്ചെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെക്കെതിരെ അന്വേഷണം വേണമെന്ന് പ്രതി സന്ദീപ് നായർ കോടതിമുറിയിൽ ആവശ്യപ്പെട്ടു. ജ്വല്ലറികൾക്കല്ല തീവ്രവാദപ്രവർത്തനത്തിനാണ് സ്വർണം കടത്തിയതെന്നാണ് എന്‍ഐഎ യുടെ കണ്ടെത്തൽ.
കളളക്കടത്തുകേസിലെ മുഖ്യകണ്ണികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും ഏഴുദിവസത്തെ കസ്റ്റഡിയിൽ വാങ്ങുന്ന ഘട്ടത്തിലാണ് നിർണായക കണ്ടെത്തലുകൾ എൻ ഐ എ അറിയിച്ചത്. സംഭവത്തിന് പിന്നിൽ രാജ്യാന്തര ഗൂഡാലോചനയുണ്ട്. യുഎ ഇ എംബസിയുടെ എംബ്ലവും സീലും വ്യാജമായി നിർമിച്ചാണ് പ്രതികൾ സ്വർണം കടത്തിയത്. നയതന്ത്ര പരിരക്ഷയോടെ ബാഗ് അയക്കുന്നതിനാണ് വ്യാജ രേഖകൾ ചമച്ചത്. ജ്വല്ലറികൾക്കായല്ല തീവ്രവാദ പ്രവർത്തനത്തിന് പണം കണ്ടെത്താനായിരുന്നു കളളക്കടത്ത് നടത്തിയത്.
എന്നാൽ എന്തുകൊണ്ടാണ് കോൺസുലേറ്റിലെ അറ്റാഷെയെ പ്രതിയാക്കാത്തതെന്ന് പ്രതി സന്ദീപ് നായർ കോടതി മുറിയിൽചോദിച്ചു. അറ്റാഷെയുടെ ഐ ഡി കാർഡില്ലാതെ സ്വർണം ഉൾപ്പെട്ട ബാഗ് അയക്കാനാകില്ല.ക്ലിയറിങ് ഏജന്‍റിനേയും പ്രതിയാക്കണമെന്നായിരുന്നു സന്ദീപിന്‍റെ ആവശ്യം. ഇതിനിടെ ബംഗലൂരുവിൽവെച്ച് സന്ദീപിനെ പിടികൂടുന്പോൾ കൈവശമുണ്ടായിരുന്ന ബാഗ് കോടതി മുന്പാകെ നാളെ തുറന്നു പരിശോധിക്കും.
കളളക്കടത്തിന്‍റെ സുപ്രധാന വിവരങ്ങളും രേഖകളും ബാഗിലുണ്ടെന്ന് എൻ ഐ എ അറിയിച്ചു. ഇതിനിടെ കസ്റ്റംസ് അറസ്റ്റുചെയ്ത ഇടനിലക്കാരൻ മലപ്പുറം സ്വദേശി റമീസിനെ റിമാൻഡ് ചെയ്തു റമീസിനെ രണ്ടാം പ്രതിയും സ്വപ്നയെ മൂന്നാം പ്രതിയാക്കിയുമാണ് കസ്റ്റംസ് എഫ് ഐ ആർ സമർപ്പിച്ചിരിക്കുന്നത്. സന്ദീപ് നാലാം പ്രതിയാണ്. റമീസാണ് നയതന്ത്ര ചാനലിലൂടെ സ്വർണം കടത്താനുളള തന്ത്രം ആസൂത്രണം ചെയ്തതെന്നും കസ്റ്റംസ് തിരിച്ചറിഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam