കൂടത്തായി: ജോളി സീരിയൽ കില്ലറല്ല; കാരണം വിശദീകരിച്ച് ജെയിംസ് വടക്കുംചേരി

Published : Oct 10, 2019, 12:25 PM ISTUpdated : Oct 10, 2019, 12:31 PM IST
കൂടത്തായി: ജോളി സീരിയൽ കില്ലറല്ല; കാരണം വിശദീകരിച്ച് ജെയിംസ് വടക്കുംചേരി

Synopsis

സീരിയൽ കില്ലർമാർക്ക് പ്രത്യേകിച്ച് ലക്ഷ്യങ്ങൾ കാണില്ല. സ്വന്തം ആനന്ദത്തിന് അവർ ആരെ വേണമെങ്കിലും കൊലപ്പെടുത്തുമെന്നും ജെയിംസ് വടക്കുംചേരി

കോഴിക്കോട്: കൂടത്തായിയിലെ ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിയായ ജോളിയെ സീരിയൽ കില്ലറെന്ന് വിശേഷിപ്പിക്കാനാവില്ലെന്ന് കേരള പൊലീസിലെ മുൻ ക്രിമിനോളജിസ്റ്റ് ഡോ ജെയിംസ് വടക്കുംചേരി. കൊലപാതകത്തിൽ ആനന്ദം കണ്ടെത്തുന്നവരാണ് സീരിയൽ കില്ലർമാരെന്നും അവർക്ക് മറ്റ് ലക്ഷ്യങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

"രാമൻ രാഘവനോ, റിപ്പർ ചന്ദ്രനെയോ നോക്കൂ. അവർക്ക് ഇന്നയാൾ എന്നൊന്നും ഇല്ല. കടത്തിണ്ണയിൽ കിടക്കുന്ന ഒരാളെ കണ്ടാലും അവർ വെറുതെ കൊന്നിട്ട് പോകും. കൊലപാതകങ്ങളിൽ ആനന്ദം കണ്ടെത്തുന്നവരാണ് അവർ. അത് പോലെയല്ല, കൂടത്തായി കേസ്. ഇത് തെളിയിക്കപ്പെടുകയും ജോളി ശിക്ഷിക്കപ്പെടുകയും ചെയ്‌താൽ അതിനെ മഹാത്ഭുതം എന്ന് പറയാം," അദ്ദേഹം പറഞ്ഞു.

"പൊലീസ് പറയുന്നത് വിശ്വാസത്തിലെടുത്താൽ, ജോളിയ്ക്ക് കൊലപാതകങ്ങൾ ചെയ്യാൻ മറ്റൊരു ലക്ഷ്യം ഉണ്ടായിരുന്നു. അതിലേക്കുള്ള വഴി മാത്രമായിരുന്നു ആ കൊലപാതകങ്ങൾ. സമർത്ഥമായി പ്ലാൻ ചെയ്ത് അവരത് നടപ്പിലാക്കി. വളരെയധികം ചിന്തിച്ച് കണക്കുകൂട്ടി പിഴവില്ലാതെ നടപ്പിലാക്കിയതാവണം അത്."

"സയനൈഡ് കഴിച്ചാൽ നുരയും പതയും വരും. ഛർദ്ദിക്കില്ല. ശരീരത്തിലെ പേശികൾ പ്രവർത്തിക്കില്ല. കിട്ടിയ തലയോട്ടികളും അസ്ഥികളും വച്ച് കേസ് എങ്ങനെ തെളിയിക്കുമെന്നാണ് എന്റെ സംശയം. അന്നമ്മ ടീച്ചർ മരിച്ചത് സയനൈഡ് കഴിച്ചാണെങ്കിൽ തന്നെ അത് ജോളിയാണ് കൊടുത്തതെന്ന് എങ്ങനെ തെളിയിക്കും? തലയോട്ടി അമേരിക്കയിലേക്ക് അയക്കുമെന്നാണ് അറിഞ്ഞത്. അയച്ചാലും അതിൽ നിന്ന് മരണകാരണം സയനൈഡാണെന്നും അത് ജോളി നൽകിയതാണെന്നും തെളിയിക്കേണ്ടതുണ്ട്. അത് സാധിച്ചാൽ ലോകചരിത്രത്തിലെ തന്നെ അപൂർവ്വം കേസായി ഇത് മാറും," അദ്ദേഹം പറഞ്ഞു.

"കേസന്വേഷണത്തിൽ 17 സ്റ്റെപ്പുകളാണ് ഉള്ളത്. 14 ഉം ഇവർക്ക് തെളിയിക്കാൻ സാധിക്കില്ല. പിന്നെയുള്ളത് ചോദ്യം ചെയ്യലാണ്. റോയ് മരിച്ച കേസെടുക്കുക. അതിൽ പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഇന്നില്ല. പിന്നെ, അന്ന് കേസ് അന്വേഷിച്ച് ആത്മഹത്യയാണെന്ന് കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണം. അവർ അവരുടെ മൊഴിയിൽ ഉറച്ചുനിൽക്കില്ലേ. അല്ലെങ്കിൽ അവരുടെ വിശ്വാസ്യത നഷ്ടപ്പെടില്ലേ. ജോളിയെ ചോദ്യം ചെയ്താലും എന്താണ് അവർ പറയുകയെന്ന് നമുക്ക് ഊഹിക്കാം. കോടതിയുടെ പരിഗണനയിൽ കേസ് എത്തുമ്പോൾ അവർക്ക് ഇന്നത്തെ പൊലീസുകാരും അന്നത്തെ പൊലീസുകാരും ഒരുപോലെയാണ്. ശാസ്ത്രീയമായ തെളിവുകളില്ലാതെ ആരെയെങ്കിലും വിശ്വസിക്കാൻ കോടതി തയ്യാറാവില്ല. അതിനാൽ തന്നെ കൂടത്തായി കേസിൽ ജോളിക്ക് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം," ഡോ ജെയിംസ് വടക്കുംചേരി വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

‘മാസ വാടക 40000, നൽകാതിരുന്നത് 2 വർഷം’, ഒഴിപ്പിക്കാനെത്തിയ പൊലീസ് കണ്ടത് കൂട്ട ആത്മഹത്യ
'ട്രംപ് മാത്രമല്ല ക്ലിന്റണും ബിൽ ഗേറ്റ്സും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്, ട്രംപിനെ ലക്ഷ്യമിടുന്നുവെന്ന് അനുയായികൾ