കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്‍റെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. റോയ് കൊലപാതകവുമായി ബന്ധപ്പെട്ടാണ് രഹസ്യമൊഴിയെടുത്തത്. ആല്‍ഫൈന്‍ കൊലപാതക കേസില്‍ എംഎസ് മാത്യുവിന്‍റെ അറസ്റ്റും ഇന്ന് രേഖപ്പെടുത്തി.
കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തിയാണ് ജോളിയുടെ ഭര്‍ത്താവ് ഷാജു രഹസ്യമൊഴി നല്‍കിയത്. റോയ് കൊലപാതകവുമായി ബന്ധപ്പെട്ടാണിത്. ഒരു മണിക്കൂറിലധികം സമയമെടുത്താണ് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്. റോയ് കേസില്‍ നേരത്തെ ജോളിയുടെ രണ്ട് മക്കളുടേയും മരിച്ച സിലിയുടെ സഹോദരന്‍ സിജോയുടേയും രഹസ്യമൊഴികള്‍ രേഖപ്പെടുത്തിയിരുന്നു.
ഇപ്പോള്‍ ജയിലില്‍ കഴിയുന്ന എംഎസ് മാത്യുവിനെ അറസ്റ്റ് ചെയ്തു. ആല്‍ഫൈന്‍ കൊലപാതക കേസിലാണിത്. തിരുവമ്പാടി സിഐ കോഴിക്കോട് ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി അടുത്ത ദിവസം തന്നെ മാത്യുവിനെ കസ്റ്റഡിയില്‍ വാങ്ങും.
അതേസമയം മാത്യു മഞ്ചാടിയിലിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിയെ ചോദ്യം ചെയ്തതില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. തിങ്കളാഴ്ച രാവിലെ 11 ന് മുമ്പ് ജോളിയെ താമരശേരി കോടതിയില്‍ ഹാജറാക്കണം. ഇതിന് മുമ്പ് പരമാവധി വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
സിലി കൊലപാതക കേസില്‍ കസ്റ്റഡിയിലുള്ള പ്രജികുമാറിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. താന്‍ പല തവണ മാത്യുവിന് സയനൈഡ് കൈമാറിയിട്ടുണ്ടെന്നാണ് പ്രജികുമാര്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തി അന്വേഷണസംഘം സിലിയെ ചികിത്സിച്ച രേഖകളും പരിശോധിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam