ജോളി ആദ്യം കൊന്നത് ഒരു കള്ളം മറയ്ക്കാന്‍; അവസാനിച്ചത് കൂട്ടക്കൊലയില്‍, കുറ്റപത്രം

By Web TeamFirst Published Feb 11, 2020, 11:15 AM IST
Highlights

വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ജോളി പറഞ്ഞ കള്ളത്തരങ്ങളാണ് കൂടത്തായി കൊലപാതക പരമ്പരയ്ക്ക് കാരണമെന്ന് അന്വേഷണ സംഘം.

കോഴിക്കോട്: വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ജോളി പറഞ്ഞ കള്ളത്തരങ്ങളാണ് കൂടത്തായി കൊലപാതക പരമ്പരയ്ക്ക് കാരണമെന്ന് അന്വേഷണ സംഘം. പ്രീഡിഗ്രി മാത്രമേ വിദ്യഭ്യാസമുള്ളൂവെന്ന സത്യം പുറത്താവാതിരിക്കാന്‍ ആദ്യം അന്നമ്മയെ കൊല്ലുകയായിരുന്നു. 14 വര്‍ഷങ്ങളുടെ ഇടവേളയില്‍ ജോളി നടത്തിയത് ആറ് കൊലപാതകങ്ങള്‍.

ബിരുദാനന്തര ബിരുദവും യുജിസി നെറ്റും തനിക്കുണ്ടെന്നാണ് ജോളി വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ പ്രീഡിഗ്രി മാത്രമായിരുന്നു വിദ്യാഭ്യാസം. ഇത്രയും വിദ്യാഭ്യാസമുണ്ടായിട്ടും വീട്ടിലിരിക്കരുതെന്നും ജോലിക്ക് പോകണമെന്നും അന്നമ്മ നിരന്തരം ജോളിയോട് ആവശ്യപ്പെടുമായിരുന്നു. കള്ളംപൊളിയുമോ എന്ന ഭയത്തില്‍ അന്നമ്മയെ തന്നെ ആദ്യം കൊന്നു.

ബികോം, എംകോം, യുജിസി സര്‍ട്ടിഫിക്കറ്റുകള്‍ ജോളി വ്യാജമായി ഉണ്ടാക്കി. ടോം തോമസ് നടത്തിയിരുന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ നിന്ന് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ച് ഫോട്ടോസ്റ്റാറ്റ് എടുത്ത് തിരുത്തല്‍ വരുത്തിയായിരുന്നു ഇത്. അന്നമ്മയെ കൊന്നശേഷം ഭര്‍തൃപിതാവ് ടോം തോമസിനെ ജോളി കൊന്നത് 2008 ഓഗസ്റ്റ് 26 ന്. മൂന്ന് വര്‍ഷത്തിന് ശേഷം 2011 സെപ്റ്റംബര്‍ 30 ന് ഭര്‍ത്താവ് റോയ് തോമസിനെ കൊന്നു. 

അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മാത്യു മ‍ഞ്ചാടിയില്‍ കൊല്ലപ്പെടുന്നത് 2014 ഫെബ്രുവരി 24ന്. 2014 മെയ് മൂന്നിന് ആല്‍ഫൈനേയും 2016 ജനുവരി 11 ന് സിലിയേയും ജോളി കൊന്നു. കള്ളംമറയ്ക്കാന്‍ നടത്തിയ കൊലപാതകം അങ്ങനെ കൂട്ടക്കൊലയില്‍ കലാശിക്കുകയായിരുന്നു. 

click me!