
തമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യൂ മഞ്ചാടിയുടെ വധകേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതക പരമ്പരയിലെ നാലാമത്തെ കേസിലാണ് തമരശ്ശേരി മുന്‍സിഫ്-മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. കൊയിലാണ്ടി സിഐ ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. നേരത്തെ റോയ് തോമസ്, സിലി, അല്‍ഫൈന്‍ കൊലപാതകങ്ങളില്‍ പൊലീസ് കുറ്റപത്രം നല്‍കിയിരുന്നു.
2014 ഏപ്രില്‍ 24നാണ് ടോം തോമസിന്‍റെ ഭാര്യസഹോദരനായ മാത്യു മഞ്ചാടി കൊല്ലപ്പെടുന്നത്. മുന്‍പ് ജോളിയാല്‍ കൊല ചെയ്യപ്പെട്ട റോയ് തോമസിന്‍റെ മരണത്തില്‍ മാത്യു മഞ്ചാടി സംശയം പ്രകടിപ്പിച്ച് രംഗത്ത് എത്തിയതിനെ തുടര്‍ന്നാണ് മദ്യത്തില്‍ സൈനേഡ് നല്‍കി മാത്യുവിനെ ജോളി കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. റോയിയുടെ മരണത്തില്‍ സംശയമുള്ളവര്‍ ആരും അവശേഷിക്കരുതെന്ന് ജോളി കരുതിയിരുന്നതായി പൊലീസ് പറയുന്നു.
റോയിയുടെ മരണത്തില്‍ ജോളിക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി മാത്യു പലരോടും പറഞ്ഞതായി ജോളി അറിയാന്‍ ഇടയായി. സ്വത്തിന്‍റെ കാര്യത്തിലടക്കം മാത്യുവിന്‍റെ വാക്കിന് വീട്ടുകാര്‍ വില കൊടുക്കുന്നതും ജോളിയെ പ്രകോപിപ്പിച്ചു. ഇതോടെ മാത്യുവിനെ അവസാനിപ്പിക്കാന്‍ തീരുമാനിച്ച ജോളി മാത്യുവിന്‍റെ മദ്യപാന ശീലവും, തന്നോടുള്ള അടുപ്പവും മുതലെടുക്കുകയായിരുന്നു.
2014 ഫെബ്രുവരി 24ന് മാത്യുവിന്‍റെ ഭാര്യ ഉള്‍പ്പടെയുള്ളവര്‍ കട്ടപ്പനയില്‍ ഒരു വിവാഹത്തിന് പോയ സമയം കൊലപാതകത്തിനായി തിരഞ്ഞെടുത്തു. മാത്യുവിന്‍റെ വീട്ടിലെത്തിയ ജോളി, മാത്യുവിന് മദ്യം നല്‍കിയ ശേഷം അവിടുന്ന് തിരിച്ചുപോയി. മരണം ഉറപ്പിക്കാന്‍ കുറച്ച് കഴിഞ്ഞ് തിരിച്ചുവന്നു. അപ്പോള്‍ ചര്‍ദ്ദിച്ച് അവശനായ മാത്യുവിനെ കണ്ടു. തളര്‍ന്ന് അവശനായ മാത്യു വെള്ളം ചോദിച്ചപ്പോള്‍ സയനൈഡ് കലക്കിയ വെള്ളമാണ് ജോളി നല്‍കിയത്. പിന്നീട് ആളുകളെ വിളിച്ചുകൂട്ടി ഓമശ്ശേരിയിലെ ആശുപത്രിയില്‍ എത്തിച്ചതും ജോളിയാണ്.
അതിന് പുറമേ മാത്യുവിന് ആന്‍ജിയോപ്ലാസ്റ്റി ചെയ്തിരുന്നുവെന്നും, ഹൃദ്രോഗിയാണെന്നും മെഡിക്കല്‍ രേഖകളില്‍ ഡോക്ടറെക്കൊണ്ട് ജോളി തെറ്റിദ്ധരിപ്പിച്ച എഴുതിചേര്‍ത്തു. എന്നാല്‍ ഇതില്‍ അന്വേഷണം നടത്തിയ പൊലീസ് അന്‍ജിയോഗ്രാം മാത്രമാണ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ മാത്യു ചെയ്തതെന്നും ആന്‍ജിയോ പ്ലാസ്റ്റിയല്ലെന്നും കണ്ടെത്തിയത് കേസില്‍ നിര്‍ണ്ണായകമായി. ഇത് സംബന്ധിച്ച് മാത്യുവിനെ പരിശോധിച്ച ഡോക്ടറുടെ മൊഴി നിര്‍ണ്ണായകമായി.
അതേ സമയം രണ്ടാമത് മാത്യുവിന്‍റെ വീട്ടിലെത്തുമ്പോള്‍ ജോളി ഇളയമകനെയും ഒപ്പം കൂട്ടിയിരുന്നു. മകന്‍റെ മൊഴിയും ജോളിക്കെതിരായിരുന്നു. ഒപ്പം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് നടത്തിയ വിലയിരുത്തലില്‍ മാത്യുവിന്‍റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതും പൊലീസ് കുറ്റപത്രത്തിലെ പ്രധാന തെളിവാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam