കോട്ടയം പഴയിടം ഇരട്ടക്കൊല: പ്രതി അരുൺ കുമാറിന് വധശിക്ഷ, 2 ലക്ഷം രൂപ പിഴയടക്കണം

By Web TeamFirst Published Mar 24, 2023, 11:56 AM IST
Highlights

കേസിന്റെ വിചാരണ ഘട്ടത്തിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ അരുൺശശിയെ മൂന്നൂവർഷത്തിനു ശേഷം ചെന്നൈയിൽ നിന്നാണ് പിടികൂടിയത്

കോട്ടയം: വിവാദമായ പഴയിടം ഇരട്ടക്കൊല കേസിൽ പ്രതി അരുൺ കുമാറിനെ കോടതി ശിക്ഷിച്ചു. വധശിക്ഷയാണ് വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണം. സംരക്ഷിക്കേണ്ട ആൾ തന്നെ ക്രൂരമായ കൊല നടത്തിയെന്ന് കോടതിയുടെ നിരീക്ഷിച്ചു. കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി 2 ആണ് വിധി പുറപ്പെടുവിച്ചത്.

2013 ആഗസ്റ്റ് 28നു രാത്രിയിലാണ് പഴയിടം തീമ്പനാൽ വീട്ടിൽ തങ്കമ്മയെയും  ഭർത്താവ് ഭാസ്‌കരൻനായരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തങ്കമ്മയ്ക്ക് 68 ഉം ഭാസ്കരൻ നായർക്ക് 71 ഉം വയസായിരുന്നു പ്രായം. ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റായിരുന്നു ഇരുവരുടെയും മരണം . കൊല്ലപ്പെട്ട തങ്കമ്മയുടെ ബന്ധുവായിരുന്ന അരുൺ ശശിയാണ് കൊലപാതകം നടത്തിയതെന്ന് ഒരു മാസത്തിനു ശേഷമാണ് പൊലീസ് കണ്ടെത്തിയത്.

കൊല്ലപ്പെട്ട ദമ്പതികളുടെ സംസ്‌കാരചടങ്ങുകൾക്കും കേസ് അന്വേഷണത്തിന്റെ ആക്ഷൻ കൗൺസിൽ രൂപീകരണത്തിനുമെല്ലാം മുന്നിൽ നിന്നത് അരുൺ ശശിയായിരുന്നു. അതിനാൽ അരുണിനെ ആദ്യം സംശയിച്ചിരുന്നില്ല. പിന്നീട് മറ്റൊരു മാല മോഷണ കേസിൽ അറസ്റ്റിലായ അരുണിനെ വിശദമായി ചോദ്യം ചെയ്തു. അപ്പോഴാണ് കുറ്റകൃത്യം തെളിഞ്ഞത്. ആഡംബര ജീവിതത്തിന് പണം കണ്ടെത്താനായിരുന്നു കൊലപാതകം എന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി.

കേസിന്റെ വിചാരണ ഘട്ടത്തിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ അരുൺശശിയെ മൂന്നൂവർഷത്തിനു ശേഷം ചെന്നൈയിൽ നിന്നാണ് പിടികൂടിയത്. കോടതി റിമാന്റ് ചെയ്ത ഇയാൾക്ക് പിന്നീട് ജാമ്യം ലഭിച്ചിട്ടില്ല.  കൊലപാതകത്തിനു പുറമേ അരുണിനു മേൽ ചുമത്തിയ മോഷണവും ഭവനഭേദനവും നിലനിൽക്കുമെന്നും കോട്ടയം അഡീഷണൽ സെഷൻസ് കോടതി രണ്ട് ജഡ്ജി ജെ നാസർ വിധിച്ചു.
 

click me!