'കൊലയ്ക്ക് ശേഷം ശരീരം വെട്ടി നുറുക്കി, ഹീനമായ കുറ്റകൃത്യം'; മുൻ ഡിവൈഎസ്പിയുടെ മോചന ഹർജി എതിർത്ത് സർക്കാർ

By Web TeamFirst Published Mar 24, 2023, 10:47 AM IST
Highlights

കൊലപാതകം, ബലാത്സംഗം, കുട്ടികൾക്കെതിരായ അതിക്രമം എന്നിവയിൽ ശിക്ഷിക്കപ്പെട്ടവർക്ക് ഇളവ് നൽകില്ലെന്നാണ് സർക്കാര്‍ നയമാണെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു.

ദില്ലി: പ്രവീണ്‍ വധക്കേസില്‍ പ്രതിയായ മുൻ ഡിവൈഎസ്പി ആര്‍ ഷാജിയുടെ ജയിൽ മോചന ഹർജിയെ എതിർത്ത് സംസ്ഥാനം സുപ്രീംകോടതിയിൽ. കൊലപാതകം, ബലാത്സംഗം, കുട്ടികൾക്കെതിരായ അതിക്രമം എന്നിവയിൽ ശിക്ഷിക്കപ്പെട്ടവർക്ക് ഇളവ് നൽകില്ലെന്നാണ് സർക്കാര്‍ നയമാണെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു. ഹർജിയില്‍ അഞ്ച് ആഴ്ച്ചയ്ക്കം തീരുമാനം എടുക്കാൻ സുപ്രീംകോടതി നിർദ്ദേശം നല്‍കി. സംസ്ഥാന ജയിൽ ഉപദേശക സമിതിക്കാണ് സുപ്രീംകോടതി  നിർദ്ദേശം നല്‍കിയത്. ഷാജിയുടെ അപേക്ഷ നിലവിൽ ജയിൽ ഉപദേശക സമിതിക്ക് മുൻപിലാണ്.

ഷാജി നടത്തിയത് ഹീനമായ കുറ്റകൃത്യമാണ്. കൊലപാതകം നടത്തി ശരീര ഭാഗം വെട്ടി നുറുക്കി ഉപേക്ഷിച്ചു. ജനത്തിന് സുരക്ഷ നൽകേണ്ട ഉദ്യോഗസ്ഥനിൽ നിന്നുണ്ടായത് ക്രൂരമായ പ്രവൃത്തിയാണ്. ഷാജിയുടെ ഒന്നാം ഭാര്യയും ജയിൽ മോചനത്തെ എതിർത്തു. ഷാജിയിൽ നിന്ന് ഭീഷണയുണ്ടെന്ന് ആദ്യ ഭാര്യ പരാതി നൽകിയിട്ടുണ്ട്. കൊലപാതകം, ബലാത്സംഗം, കുട്ടികൾക്കെതിരായ അതിക്രമം എന്നിവയിൽ ശിക്ഷിക്കപ്പെട്ടവർക്ക് ശിക്ഷ ഇളവ് നൽകില്ല എന്നത് സർക്കാരിന്‍റെ നയമാണെന്നും സംസ്ഥാനം കോടതിയില്‍ സമര്‍പ്പിച്ച് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദാണ് സത്യവാങ്മൂലം സമർപ്പിച്ചത്.

ഷാജി ക്ഷയരോഗ ബാധിതൻ ആണെന്ന് അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാല്‍, മോചനത്തെ സം‌സ്ഥാന സർക്കാർ ശക്തമായി എതിർത്തു. ഷാജിക്കായി മുതിർന്ന അഭിഭാഷകൻ എസ് നാഗമുത്തു, അഭിഭാഷകരായ സുഭാഷ് ചന്ദ്രൻ, കവിത സുഭാഷ് ചന്ദ്രൻ, സംസ്ഥാനായി സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദ് എന്നിവർ ഹാജരായി.

പതിനേഴ് വർഷമായി താൻ ജയിലാണെന്നും വിട്ടയ്ക്കണമെന്നുമാണ് പ്രവീണ്‍ വധക്കേസിലെ പ്രതിയായ ഷാജി നല്‍കിയ ഹർജിയിലെ ആവശ്യം. കഴിഞ്ഞ തവണ ജയിൽ മോചനത്തിനായുള്ള ശുപാർശ പട്ടികയിൽ ഷാജിയെ ഉൾപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഒഴിവാക്കിയിരുന്നു. ശിക്ഷ വിധിയെക്കാൾ കൂടുതൽ കാലം ജയിലിൽ കഴിഞ്ഞ സാഹചര്യത്തിൽ തനിക്ക് മോചനത്തിന് അവകാശമുണ്ടെന്നും ഹർജിയിൽ പറയുന്നു. നേരത്തെ ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.

click me!