കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്; പ്രോസിക്യൂഷന്‍ സാക്ഷി കൂറുമാറി

Published : Jun 08, 2022, 09:58 PM IST
കോവളത്ത്  വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്; പ്രോസിക്യൂഷന്‍ സാക്ഷി കൂറുമാറി

Synopsis

ലൈസൻസില്ലാതെയാണ് കട നടത്തിയതെന്ന് വിചാരണ വേളയിൽ സാക്ഷി കോടതിയിൽ പറഞ്ഞു. ഇതുകേട്ട കോടതി നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന സ്ഥലത്ത് എങ്ങനെയാണ് ലൈസൻസില്ലാതെ കടകള്‍ പ്രവർത്തിക്കുന്നതെന്ന് ചോദിച്ചു.   

തിരുവനന്തപുരം: കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസിൽ സാക്ഷി വിചാരണയ്ക്കിടെ കൂറുമാറി. കേസിലെ ഏഴാം സാക്ഷി ഉമ്മ‌ർഖാനാണ് കൂറുമാറിയത്. കൊല്ലപ്പെട്ട യുവതിയുടെ വസ്ത്രം രണ്ടാം പ്രതിയുടെ കയ്യിൽ കണ്ടുവെന്ന് പറഞ്ഞ സാക്ഷി ഉമ്മർ ഖാനാണ് കൂറുമാറിയത്. ഇതിനിടെ കോവളത്ത് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കടകൾക്കെതിരെ നടപടിയെടുക്കാൻ തിരുവനന്തപുരം നഗരസഭയ്ക്ക് കോടതി നിർദ്ദേശം നൽകി. 

കൊല്ലപ്പെട്ട വിദേശ വനിതയുടെ ജാക്കറ്റ് കേസിലെ രണ്ടാം പ്രതിയായ ഉമേഷ് കോവളത്തുള്ള തന്‍റെ തുണിക്കടയിൽ കൊണ്ടുവന്നിരുന്നുവെന്നാണ് ഉമ്മർ ഖാൻ പൊലീസിൽ കൊടുത്തിരുന്ന മൊഴി. എന്നാൽ പൊലീസിന് നൽകിയ മൊഴി കോടതിയിൽ മാറ്റി പറഞ്ഞു. കോവളത്ത് കട നടത്തുന്നയാളാണ് ഉമ്മർഖാൻ. കോർപ്പറേഷന്‍റെ ലൈസൻസ് ഇല്ലാതെയാണ് താൻ കട നടത്തുന്നതെന്നും വിചാരണ വേളയിൽ ഉമ്മർ ഖാൻ  കോടതിയെ അറിയിച്ചു. ഇതിൽ ക്ഷുഭിതനായ ജഡ്ജി  നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന പ്രദേശത്ത് ലൈസൻസ് ഇല്ലാത്ത കടകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ചോദിച്ചു. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ  കർശന നടപടി സ്വീകരിക്കുവാൻ കോർപറേഷൻ അധികാരികൾക്ക് കോടതി നിർദ്ദേശവും നൽകി.
 
അതേസമയം വിദേശ വനിതയുടെ മൃദദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം അഴുകിയതും ശിരസ്സറ്റ നിലയിലും ആയിരുന്നുവെന്ന് എട്ടാം സാക്ഷി ചിത്രകാരനായ കർട്ടൻ ബിനു മൊഴി നൽകി. എന്നാൽ ശരീരത്തിൽ വസ്ത്രം ഉണ്ടായിരുന്നുവെന്നും ബിനു പറഞ്ഞു. 2018 മാർച്ച് 14 ന് കോവളത്ത് നിന്ന് ലാത്വിയൻ സ്വദേശിനിയായ യുവതിയെ സമീപത്തുള്ള കുറ്റികാട്ടിൽ കൂട്ടികൊണ്ടുപോയി ലഹരി വസ്‌തു നൽകി പീഡിപ്പിച്ചെന്നാണ്  കേസ്. ഉദയൻ, ഉമേഷ് എന്നിവരാണ് കേസിലെ പ്രതികൾ. കേസിന്‍റെ വിചാരണ ജൂൺ 21ന് സമാപിക്കും.

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം