കോഴിക്കോട്ടെ തട്ടിക്കൊണ്ടുപോകൽ; സംശയിച്ചെത്തിയ പൊലീസിന് മുന്നിൽ യുവാവിന്‍റെ 'ജീവനൊടുക്കൽ നാടകം'

By Web TeamFirst Published Jul 29, 2022, 10:50 PM IST
Highlights

പ്രതിയെന്ന് സംശയിക്കുന്ന സമീർ ഗ്യാസ് തുറന്നുവിട്ട് ആത്മഹത്യ ഭീഷണി മുഴക്കി. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. സമീര്‍ ഉപയോഗിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കോഴിക്കോട്: കോഴിക്കോട് പന്തിരിക്കരയിൽ യുവാവിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ സ്വർണ്ണക്കടത്ത് സംഘം ഇർഷാദിനെ കെട്ടിയിട്ടിരിക്കുന്ന ഫോട്ടോ ബന്ധുക്കൾക്ക് അയച്ച് കൊടുക്കുകയും ചെയ്തു. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷിച്ചെത്തിയപ്പോൾ വലിയ നാടകീയ രംഗങ്ങളാണുണ്ടായത്. പ്രതിയെന്ന് സംശയിക്കുന്ന സമീർ ഗ്യാസ് തുറന്നുവിട്ട് ആത്മഹത്യ ഭീഷണി മുഴക്കി. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. സമീര്‍ ഉപയോഗിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ദുബായിൽ നിന്ന് ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ഇർഷാദ് നാട്ടിലെത്തുന്നത്. പിന്നെ കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി വീട്ടിൽ വിളിച്ചത്. പിന്നീട് ഒരു വിവരവും ഇല്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനിടെ, വിദേശത്തുള്ള സഹോദരന്‍റെ ഫോണിലേക്ക് വാട്സ്ആപ് വഴി ഭീഷണി സന്ദേശമെത്തി. ഇർഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം ബന്ധുകള്‍ക്ക് അയച്ച് കൊടുത്തു.  ദുബായിൽ നിന്ന് വന്ന ഇർഷാദിന്‍റെ കയ്യിൽ കൊടുത്ത് വിട്ട സ്വർണം കൈമാറിയില്ലെന്ന് കാട്ടി ചിലർ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ബന്ധുക്കൾ പറയുന്നു. പൊലീസിൽ അറിയിച്ചാൽ വകവരുത്തുമെന്ന ഭീഷണി ഉള്ളതിനാലാണ് പരാതി നൽകാൻ വൈകിയതെന്ന് ബന്ധുക്കൾ പറയുന്നു. സ്വർണ്ണക്കടത്ത് സംഘം തന്നെയാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന സൂചനയാണ് പൊലീസിനുള്ളത്. ഇർഷാദിനായും കേസിലെ പ്രതികള്‍ക്കുമായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.

Also Read: ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി; പോക്സോ കേസില്‍ യുവാക്കള്‍ പിടിയില്‍

 

തിരുവനന്തപുരത്ത് കാറിലെത്തിയ സംഘം സ്ത്രീയെ തട്ടിക്കൊണ്ടു പോയി ആഭരണങ്ങൾ കവര്‍ന്നു

തിരുവനന്തപുരം നേമം മണലിവിളയിൽ കാറിലെത്തിയ സംഘം സ്ത്രീയെ തട്ടിക്കൊണ്ട് പോയി ആഭരണങ്ങൾ കവർന്നതായി പരാതി. ഇടക്കോട് സ്വദേശി പത്മകുമാരിയെയാണ് കാറിൽ കയറ്റിക്കൊണ്ട് പോയി ആഭരണങ്ങൾ കവർന്ന് വഴിയിൽ ഉപേക്ഷിച്ചത്.  

ഇന്ന് വൈകിട്ട് ആറരയ്ക്കാണ് സംഭവം. വെളുത്ത സൈലോ കാറിലെത്തിയ നാലംഗം സംഘം കാറിൽക്കയറ്റി കൊണ്ട് പോയി കാട്ടാക്കട പൂവച്ചൽ ഭാഗത്ത് ഉപേക്ഷിച്ചു എന്നാണ് പരാതി. പത്മകുമാരിയെ തട്ടിക്കൊണ്ട് പോകുന്നത് കണ്ട നാട്ടുകാർ പൊലീസിനെ അറിയിച്ചതോടെയാണ് കാറിനെ പിന്തുടർന്ന് പൊലീസ് അന്വേഷിച്ചത്. സിസിടിവികളിൽ കാറിന്‍റെ ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്. അന്വേഷണത്തിനൊടുവിൽ വഴിയിൽ കണ്ടെത്തിയ ഇവരെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ദേഹത്ത് മയക്കുമരുന്ന് കുത്തിവെച്ചതായി ഇവർ പൊലീസിനോട് പറഞ്ഞു. കാറിനെ പിന്തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

click me!