Robbery : 'സ്വർണം മോഷ്ടിക്കാൻ കാർ ചേസ്, റിഹേഴ്സൽ', കോഴിക്കോട്ടെ കവർച്ച ഇങ്ങനെ

By Web TeamFirst Published Dec 3, 2021, 8:30 PM IST
Highlights

കവർച്ച നടത്തുന്നതിന് ദിവസങ്ങൾക്ക് മുന്‍പ് നഗരത്തില്‍ റിഹേഴ്സലടക്കം നടത്തിയിരുന്നെന്നും, സിസിടിവി ക്യാമറകളില്ലാത്ത സ്ഥലമായതിനാലാണ് കണ്ടംകുളം കവർച്ചയ്ക്കായി തിരഞ്ഞെടുത്തതെന്നും പ്രതികൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്. 

കോഴിക്കോട്: കോഴിക്കോട്ടെ പാളയത്ത് ഒന്നേകാൽ കിലോയോളം വരുന്ന സ്വർണക്കട്ടികൾ വ്യാപാരിയെ ആക്രമിച്ച് മോഷ്ടിച്ച പ്രതികൾ ആക്രമണം ആസൂത്രണം ചെയ്തത് മുൻപ് റിഹേഴ്സലടക്കം നടത്തിയാണെന്ന് പൊലീസിനോട് സമ്മതിച്ചു. കവർച്ച നടത്തുന്നതിന് ദിവസങ്ങൾക്ക് മുന്‍പ് നഗരത്തില്‍ പല തവണ റിഹേഴ്സലടക്കം നടത്തിയിരുന്നെന്നും, സിസിടിവി ക്യാമറകളില്ലാത്ത സ്ഥലമായതിനാലാണ് കണ്ടംകുളം കവർച്ചയ്ക്കായി തിരഞ്ഞെടുത്തതെന്നും പ്രതികൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്.

കവർച്ചയുടെ സൂത്രധാരനും ക്വട്ടേഷന്‍ നേതാവുമായ എന്‍ പി ഷിബിയും തൊണ്ടയാട് കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘത്തിലുള്ളവരുമാണ് കേസിലെ പ്രതികൾ. കേസിൽ ഇതുവരെ ഏഴ് പേർ അറസ്റ്റിലായിട്ടുണ്ട്. കേസിൽ പ്രതികൾക്ക് വിവരം നൽകിയവർ അടക്കം ഇനിയും ഏഴ് പേർ പിടിയിലാവാനുണ്ട്. 

എന്നാൽ കവർച്ച ചെയ്യപ്പെട്ട സ്വർണത്തിൽ വെറും 109 ഗ്രാം മാത്രമാണ് പൊലീസിന് കണ്ടെടുക്കാനായത് എന്നതാണ് വിചിത്രമായ കാര്യം. പ്രതികൾ സ്വർണം വില്‍ക്കാനേല്‍പിച്ച കുറ്റിയാടി സ്വദേശിയ്ക്കായും തിരച്ചില്‍ തുടരുകയാണ്. 

സെപ്റ്റംബർ 20-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നഗരത്തില്‍ സ്വർണ ഉരുക്കുശാല നടത്തുന്ന ബംഗാൾ സ്വദേശിയായ റംസാന്‍ അലിയില്‍നിന്നും ഒന്നേകാല്‍ കിലോയോളംതൂക്കമുള്ള സ്വർണക്കട്ടികളാണ് സംഘം ആക്രമിച്ച് കവർന്നത്. കേസിൽ വിവിധ ഘട്ടങ്ങളിലായി ഏഴ് പേർ പൊലീസ് പിടിയിലാവുകയായിരുന്നു. ഇവരെയും കൊണ്ട് പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തിയപ്പോഴാണ് കവർച്ച നടത്തിയ രീതികൾ പ്രതികൾ പൊലീസിനോട് വിവരിച്ചത്. 

ലിങ്ക് റോഡിലെ സ്വർണ ഉരുക്കുശാലയില്‍നിന്നും മാങ്കാവിലേക്ക്  സ്വർണവുമായി പോയ വ്യാപാരിയെ പിന്തുടർന്നത് മുതലുള്ള വിവരങ്ങളാണ് കവർച്ചാസംഘം പോലീസിനോട് വിവരിച്ചത്. ലിങ്ക് റോഡിലും വ്യാപാരിയെ ആക്രമിച്ച കണ്ടംകുളത്തും പ്രതികളെ എത്തിച്ചായിരുന്നു തെളിവെടുപ്പ്. 

click me!