Dalit Killed : ഉയർന്ന ജാതിക്കാർക്കൊപ്പം ഭക്ഷണം കഴിച്ചതിന് മർദ്ദനമേറ്റ ദളിതൻ മരിച്ചു

By Web TeamFirst Published Dec 3, 2021, 2:16 PM IST
Highlights

യർന്ന ജാതിക്കാരായ പുരുഷന്മാർക്കൊപ്പം ഇരുന്ന് അത്താഴം കഴിച്ചതിന് അവർ തന്റെ ഭർത്താവിനെ മർദ്ദിച്ചുവെന്ന് റാമിന്റെ ഭാര്യ തുളസീ ദേവി ആരോപിച്ചു

നൈനിറ്റാൾ: വിവാഹച്ചടങ്ങിൽ ഉയർന്ന ജാതിക്കാർക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചതിന് ആളുകളുടെ മർദ്ദനമേറ്റ ദളിതൻ (Dalit) മരിച്ചു (Death). 45കാരനായ രമേഷ് റാം ആണ് മരിച്ചത്. ചമ്പാവത്ത് പതി ബ്ലോക്കിൽ തയ്യൽക്കട നടത്തിയിരുന്ന റാമിനെ ചൊവ്വാഴ്ച രാവിലെയാണ് വിവാഹത്തിന് പോയതിന് ശേഷം തലയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മുറിവേറ്റ പാടുകളോടെ കണ്ടെത്തിയത്. ഉത്തരാഖണ്ഡിലെ (Uttarakhand) നൈനിറ്റാളിലാണ് സംഭവം. 

റാമിനെ ഗ്രാമവാസികൾ ചമ്പാവത്തിലെ ലോഹഘട്ട് ടൗണിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് ഹൽദ്‌വാനിയിലെ ഡോ.സുശീല തിവാരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് റാം മരണത്തിന് കീഴടങ്ങിയത്. ഉയർന്ന ജാതിക്കാരായ പുരുഷന്മാർക്കൊപ്പം ഇരുന്ന് അത്താഴം കഴിച്ചതിന് അവർ തന്റെ ഭർത്താവിനെ മർദ്ദിച്ചുവെന്ന് റാമിന്റെ ഭാര്യ തുളസീ ദേവി ആരോപിച്ചു. തുളസീ ദേവിയുടെ പരാതി പ്രകാരം ഐപിസി 302 വകുപ്പ് (കൊലപാതകക്കുറ്റം), എസ് സി എസ് ടി ആക്ട് എന്നിവ ഉൾപ്പെടുത്തി പൊലീസ് കേസെടുത്തു.  

അജ്ഞാതരായ ആളുകൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പതി പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ഹരി പ്രസാദ് പറഞ്ഞു. സർക്കിൾ ഓഫീസറുടെ നേതൃത്വത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥരടങ്ങിയ സംഘം മരണം അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. അതേസമയം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ, എല്ലാ കോണുകളിൽ നിന്നും കേസ് അന്വേഷിക്കുന്നുണ്ടെന്നും ചമ്പാവത്ത് എസ്പി ദേവേന്ദ്ര സിംഗ് പിഞ്ച പറഞ്ഞു.

click me!