
കോഴിക്കോട്: ബൈക്കില്‍ ചാരായം കടത്തവെ യുവാവ് എക്‌സൈസിന്റെ പിടിയിലായി. താമരശ്ശേരി കട്ടിപ്പാറ വില്ലേജില്‍ കേളന്‍മൂല ഭാഗത്തുള്ള വട്ടപ്പൊയില്‍ മനീഷ് ശിവന്‍ (35) ആണ് പിടിയിലായത്. അഞ്ച് ലിറ്റര്‍ ചാരായം പള്‍സര്‍ മോട്ടോര്‍ സൈക്കിളില്‍ കടത്തിക്കൊണ്ടു വരവെയാണ് മനീഷിനെ എക്‌സൈസ് പിടികൂടിയത്.
ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി താമരശ്ശേരി എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ചമല്‍ കേളന്‍മൂല ഭാഗത്ത് വച്ചാണ് ഇയാള്‍ പിടിയിലായത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സ്ഥിരം ചാരായ വാറ്റ് കേന്ദ്രമായ ചമല്‍ കേളന്‍മൂല ഭാഗങ്ങളില്‍ വാറ്റ് കേന്ദ്രം കണ്ടെത്തി എക്‌സൈസ് നശിപ്പിക്കാറുണ്ടെങ്കിലും വാറ്റ് സംഘത്തെ പിടികൂടാന്‍ സാധിക്കാറില്ലായിരുന്നു. പ്രിവന്റീവ് ഓഫീസര്‍ പ്രിയരഞ്ജന്‍ ദാസിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ സിഇഒ മാരായ മനീഷ്, ആഷ് കുമാര്‍, ഡ്രൈവര്‍ ഷിദിന്‍ എന്നിവര്‍ പങ്കെടുത്തു.
സ്‌കൂള്‍ ഓഫീസ് കുത്തിത്തുറന്ന് കവര്‍ച്ച; യുവാവ് അറസ്റ്റില്‍
കൊല്ലം: മോഷണക്കേസുകളിലെ പ്രതിയായ യുവാവിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കരിക്കോട് സ്വദേശി വിനോജ് കുമാറാണ് പിടിയിലായത്. ആയൂര്‍ ചെറുപുഷ്പ സ്‌കൂള്‍ ഓഫീസ് കുത്തിത്തുറന്ന് ഒരുലക്ഷത്തി എണ്‍പതിനായിരം രൂപ കവര്‍ന്ന കേസിലാണ് അറസ്റ്റ്.
ഈ മാസം നാലിനായിരുന്നു സ്‌കൂളിലെ മോഷണം. മോഷ്ടിച്ച പണം കൊണ്ട് ബൈക്ക് വാങ്ങി കൊല്ലത്ത് വാടക വീട്ടില്‍ കഴിയുമ്പോഴായിരുന്നു അറസ്റ്റ്. ബൈക്കും 68,000 രൂപയും പൊലീസ് പിടിച്ചെടുത്തു. മോഷണത്തിനായി ഉപയോഗിച്ച ആയുധവും കയ്യുറകളും കണ്ടെത്തി. പതിനഞ്ച് കേസുകളിലെ പ്രതിയാണ് പിടിയിലായ വിനോജ് കുമാര്‍. സമാനമായ രീതിയില്‍ മോഷണം നടത്തുന്ന 150 പേരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. ജനുവരിയില്‍ ജില്ലാ ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയ ശേഷമാണ് വിനോജ് വീണ്ടും മോഷണം തുടങ്ങിയത്. പ്രതിയെ സ്‌കൂളിലെത്തിച്ച് തെളിവെടുത്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam