കുമ്പള യുവാവിൻ്റെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ, രണ്ട് സുഹൃത്തുക്കള്‍ ആത്മഹത്യ ചെയ്ത നിലയില്‍

By Web TeamFirst Published Aug 18, 2020, 11:49 PM IST
Highlights

മുഖ്യപ്രതിയുടെ സുഹൃത്തുക്കളായ രണ്ട് യുവാക്കൾ വീടിന് സമീപത്തെ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ. ഇവർക്ക് കൊലപാതകത്തിൽ പങ്കുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് പറ‍ഞ്ഞു.

കാസർകോട്: കാസര്‍കോട് കുമ്പളയിൽ യുവാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി പിടിയില്‍. ശാന്തിപ്പള്ളം സ്വദേശി ശ്രീകുമാർ ആണ് പിടിയിലായത്. കൊല്ലപ്പെട്ട ഹരീഷ് ജോലി ചെയ്തിരുന്ന മില്ലിലെ ഡ്രൈവറായിരുന്നു ശ്രീകുമാര്‍. ശ്രീകുമാറിന്‍റെ രണ്ട് സുഹൃത്തുകളെ ഇന്ന് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

വീടിന് സമീപത്തെ പറമ്പിലാണ് ശ്രീകുമാറിന്‍റെ സുഹൃത്തുകളായ റോഷനെയും മണിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്ക് കൊലപാതകത്തിൽ പങ്കുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് പറ‍ഞ്ഞു. ഇന്നലെ രാത്രിയാണ് നായ്ക്കാപ്പ് സ്വദേശി ഹരീഷിനെ വീട്ടിലേക്കുള്ള വഴിയിൽ വച്ച് വെട്ടിക്കൊന്നത്. ഫ്ലോർ മിൽ ജീവനക്കാരനായ ഹരീഷിനെ കൊലപ്പെടുത്തിയത് മില്ലിലെ ഡ്രൈവറായ ശാന്തിപ്പള്ളം സ്വദേശി ശ്രീകുമാറാണെന്ന് പൊലീസ് പറയുന്നു. ഒളിവിൽ പോയ ഇയാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ്  പ്രാഥമിക നിഗമനം. 

ഹരീഷി‍ന്‍റെ തലയിലും കഴുത്തിലും ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. ശരീരത്തിൽ പത്തിലേറെ വെട്ടുകളേറ്റെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. ബൈക്കിൽ വീട്ടിലേക്ക് വരും വഴി തടഞ്ഞ് നിർത്തിയായിരുന്നു ആക്രമണം. ഇതിന് പിന്നാലെയാണ് ഇന്ന് വൈകിട്ട് ഏഴ് മണിയോടെ പ്രതിയുടെ സുഹൃത്തുക്കളായ ശാന്തിപ്പള്ളത്തെ റോഷൻ, മണികണ്ഠൻ എന്നിവരെ വീടിനടുത്തുള്ള പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. 

അന്വേഷണം തങ്ങളിലേക്ക് എത്തുമെന്ന ഭയത്തിൽ യുവാക്കൾ ആത്മഹത്യ ചെയ്തെന്നാണ് സൂചന. ഇന്നലെ രാത്രി മുഖ്യപ്രതി ശ്രീകുമാറിനൊപ്പം രണ്ടുപേരും കാറിൽ സഞ്ചരിച്ചതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇരുവരുടേയും മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഹരീഷ് കൊല്ലപ്പെട്ട സ്ഥലത്ത് നിന്ന് ഒരു കത്തി കണ്ടെടുത്തിട്ടുണ്ട് . ഇതിൽ രക്തക്കറയുണ്ട്.

എന്നാൽ മുറിവുകൾ പരിശോധിച്ചതിൽ നിന്ന് കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കത്തിയല്ലെന്നാണ് പൊലീസ് കണ്ടെത്തൽ. ആറ് മാസം മുമ്പാണ് ഹരീഷ് വിവാഹിതനായത്. ഇരുപത്തിനാല് മണിക്കൂറിനിടെ ഒരു യുവാവ് കൊല്ലപ്പെടുകയും രണ്ട് പേരെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയും സാഹചര്യത്തിൽ ഊർജ്ജിതമായ അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

click me!