കുതിരാസു വധക്കേസ്: പ്രതികള്‍ രണ്ടര വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

By Web TeamFirst Published Jul 12, 2020, 1:07 AM IST
Highlights

നഗരത്തില്‍ രണ്ടരക്കൊല്ലം മുന്‍പ് നടന്ന കുതിരാസു കൊലക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. കേസില്‍ രണ്ട് പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

കോഴിക്കോട്: നഗരത്തില്‍ രണ്ടരക്കൊല്ലം മുന്‍പ് നടന്ന കുതിരാസു കൊലക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. കേസില്‍ രണ്ട് പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കഞ്ചാവ് വിറ്റ പണം സംബന്ധിച്ച തര്‍ക്കമാണ് കൊലക്ക് കാരണമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

രണ്ടായിരത്തി പതിനെട്ട് ഫെബ്രുവരി ഇരുപത്തിരണ്ടിന് രാത്രിയാണ്  കോഴിക്കോട് സൗത്ത് ബീച്ചിലെ പീടിക വരാന്തയില്‍ അസീസ് എന്ന കുതിരാസു കൊല്ലപ്പെട്ടത്. തലക്ക് കല്ലുകൊണ്ടേറ്റ മുറിവാണ് മരണ കാരണമെന്ന് കണ്ടെത്തിയിരുന്നെങ്കിലും പ്രതികളെ കുറിച്ച് അന്ന് സൂചനയില്ലായിരുന്നു.

ലോക്കല്‍ പൊലീസില്‍ നിന്ന് ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം പുരോഗമിക്കുകയായിരുന്നു. ഇതിനിടെയാണ് മറ്റൊരു കേസില്‍ അമീര്‍ അലി എന്ന സ്ഥിരം കുറ്റവാളി പിടിയിലാവുന്നത്. അമീര്‍ അലിയെ ചോദ്യംചെയ്തപ്പോഴാണ് കുതിരാസു വധത്തിന്‍റെ ചുരുളഴിഞ്ഞത്.

അമീര്‍ അലിയില്‍ നിന്ന് കിട്ടിയ വിവര പ്രകാരമാണ് കൂട്ടു പ്രതിയായ സിറാജ തങ്ങളെ കാസര്‍ഗോഡ് നിന്ന് പിടികൂടിയത്. അമീര്‍ അലിയും സിറാജ് തങ്ങളും പോസ്കോ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചവരാണ്.അമീര്‍ അലിക്കെതിരെ മറ്റൊരു കൊലപാതക കേസുമുണ്ട്. പ്രതികളും കൊല്ലപ്പെട്ട കുതിരാസുവും കഞ്ചാവ് വില്‍പ്പനക്കാരും ലഹരി ഉപയോഗിക്കുന്നവരും സ്ഥിരം കുറ്റവാളി കളുമാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

click me!