
കോഴിക്കോട്: കുറ്റ്യാടിയിൽ രോഗികളോട് അപമര്യാദയായി പെരുമാറിയതിന് ഡോക്ടർ ക്കെതിരെ കേസ്. കുറ്റിയാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടറെ ഇന്നുതന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ഇന്ന് അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ വിപിനെതിരെയാണ് പരാതി.
ഡോക്ടർ സ്ത്രീകളായ രോഗികളോട് അപമര്യാദയായി പെരുമാറിയെന്ന് രോഗികൾ പൊലീസിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ 354 വകുപ്പ് പ്രകാരം ഡോക്ടർ ക്കെതിരെ പൊലീസ് കേസ് എടുത്തു. ഡോക്ടറുടെ അറസ്റ്റും രേഖപ്പെടുത്തി. ഉച്ചയോടെയാണ് സംഭവം.
ബാലുശേരി സ്വദേശിയായ ഡോക്ടർ വിപിൻ അത്യാഹിത വിഭാഗത്തിൽ രോഗികളെ പരിശോധിക്കുന്നതിനിടെ അപമര്യാദയായി പെരുമാറിയെന്ന് രോഗികൾ പരാതിപ്പെട്ടു. ഇതറിഞ്ഞ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ സ്ഥലത്തെത്തി. പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അതേസമയം ഡ്യൂട്ടി സമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായും രോഗികളും കൂടെ വന്നവരും ആരോപിച്ചു.
അതേസമയം, തിരുവനന്തപുരം തിരുവല്ലം പുഞ്ചക്കരിയിൽ വീട്ടുമുറ്റത്തുനിന്ന എസ് ഐ യെയും ഭാര്യയെയും ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിടികൂടി. തിരുവല്ലം മേനിലം ചെമ്മണ്ണുവിള ശിവോദയത്തിൽ അഭിറാം (21) നെയാണ് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മാർച്ച് ഏഴിന് രാവിലെയാണ് കേസിനാസ്പദമായ സംഭവം.
വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ് ഐ തിരുവല്ലം പുഞ്ചക്കരി ഗോകുലത്തിൽ ഗിരീഷ് കുമാർ, ഭാര്യ ശ്രീകല എന്നിവർക്കു നേരെയാണ് ബൈക്കിൽ എത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തിയത്. വീട്ടിൽ പൊങ്കാല അർപ്പിക്കാൻ മുറ്റം തൂത്തു വൃത്തിയാക്കുകയായിരുന്ന ശ്രീകലയെ ബൈക്കിൽ എത്തിയ സംഘം അസഭ്യം പറഞ്ഞു കൈയിൽ പിടിച്ചു തിരിക്കുകയും ഇതു കണ്ട് ഓടിയെത്തിയ ഗിരീഷിനെ ഹോളോബ്രിക്സ് കട്ട കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഹോളോബ്രിക്സ് കട്ട കൊണ്ട് ഗിരീഷിന്റെ മുഖത്തും നെഞ്ചിലും ഗുരുതര പരിക്കേറ്റിരുന്നു. അക്രമികളിലൊരാളായ രാഹുലിനെ സംഭവ ദിവസം തന്നെ പിടികൂടിയിരുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam