സ്വപ്നയെ തള്ളി യൂസഫലി, എസ്എഫ്ഐ പൂട്ടിയിട്ടെന്ന് കെഎസ്യു സ്ഥാനാര്‍ത്ഥി, സ്പീക്കറും ഷാഫിയും തമ്മിൽ - 10 വാര്‍ത്ത

1- ബ്രഹ്മപുരത്ത് അഗ്നിരക്ഷാസേനക്ക് ഹൈക്കോടതിയുടെ അഭിനന്ദനം; സോൺടയുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന് കോർപ്പറേഷൻ

ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്റിലുണ്ടായ തീയണയ്ക്കാൻ അക്ഷീണം പ്രവർത്തിച്ച് അഗ്നിശമന സേനക്ക് ഹൈക്കോടതിയുടെ അഭിനന്ദനം. മാലിന്യ പ്ലാന്റിലെ തീപിടിത്തവും ഇതുമൂലമുണ്ടായ വിഷപ്പുകയും കൊച്ചിയെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ, സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് തീയണക്കാൻ ദിവസങ്ങളോളം പ്രവർത്തിച്ച ഉദ്യോഗസ്ഥരെ ഹൈക്കോടതി പ്രശംസിച്ചത്.

2-'മുഖ്യമന്ത്രിയുടെ മൗനം സംശയാസ്പദം,നഗരങ്ങളിലെ മാലിന്യനിർമാർജ്ജനം സോൻഡക്ക് നൽകിയത് എന്ത് ഡീലില്‍ ? '

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിന് തീവെച്ചത് 12 ദിവസം കൊണ്ട് കെടുത്തിയത് സർക്കാരിന്‍റെ വലിയ നേട്ടമാണെന്ന രീതിയിലുള്ള മന്ത്രിമാരുടെ പരാമർശങ്ങൾ ഇരകളായ കൊച്ചിയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്ല്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.

3- വോട്ട് ചോദിക്കാൻ എത്തിയ കെഎസ്‍യു ചെയർപേഴ്സണ്‍ സ്ഥാനാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ കാറിൽ പൂട്ടിയിട്ടു, പരാതി

വോട്ട് ചോദിക്കാൻ എത്തിയ കാലിക്കറ്റ് സ‍ർവകലാശാല കെഎസ്‍യു ചെയർപേഴ്സണ്‍ സ്ഥാനാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ കാറിൽ പൂട്ടിയിട്ടതായി പരാതി. തൃശ്ശൂർ പൊങ്ങണങ്ങാട് എലിംസ് കോളേജിൽ ആണ് സംഭവം. കോളേജിലെ അക്ഷയ് എന്ന യുയുസിയോട് വോട്ടഭർത്ഥിക്കാൻ എത്തിയപ്പോൾ പുറത്തു നിന്നെത്തിയ എസ്എഫ്ഐ പ്രവർത്തകർ കാറിന്‍റെ താക്കോൽ ഊരി വാങ്ങി അരമണിക്കൂറോളം പൂട്ടിയിട്ടെന്നാണ് ആരോപണം.

4- 'പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുമ്പോൾ പല ആരോപണങ്ങളും ഉയരും'; സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ തള്ളി എം എ യൂസഫലി 

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി വ്യവസായി എം എ യൂസഫലി. സമൂഹമാധ്യമങ്ങളിൽ വരുന്ന ആരോപണങ്ങളെ ഭയമില്ലെന്നും ഇത്തരം ആരോപണങ്ങളെ അവഗണിക്കുന്നുവെന്നും യൂസഫലി പറഞ്ഞു.

5-ഞാനല്ലെങ്കിൽ പിന്നെ ആര് ജയിക്കണം?, സ്പീക്ക‍‍റുടെ 'തോൽക്കും' പരാമര്‍ശത്തിൽ തിരിച്ചടിച്ച് ഷാഫി പറമ്പിൽ

നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ സ്പീക്ക‍ര്‍ നടത്തിയ വിവാദപരാമര്‍ശത്തിന് മറുപടിയുമായി ഷാഫ് പറമ്പിൽ എംഎൽഎ. ഷാഫി പറന്പിൽ അടുത്ത തവണ പാലക്കാട് തോൽക്കുമെന്നാണ് സ്പീക്കര്‍ എ എൻ ഷംസീര്‍ നൽകിയ മുന്നറിയിപ്പ്. എന്നാൽ താൻ തോറ്റാൽ പകരം പാലക്കാട് ആര് ജയിക്കണമെന്ന് സ്പീക്കര്‍ പറയണമെന്ന് ഷാഫി പറമ്പിൽ തിരിച്ചടിച്ചു.

6- അദാനി, രാഹുല്‍ വിഷയങ്ങളിൽ പാര്‍ലമെന്‍റ് പ്രക്ഷുബ്ധം, പരാമർശം പിൻവലിക്കും വരെ സഹകരിക്കില്ലെന്ന് കോൺഗ്രസ്

അദാനി, രാഹുല്‍ ഗാന്ധി വിഷയങ്ങളെ ചൊല്ലി പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ധം. രാഹുല്‍ ഗാന്ധിക്കെതിരായ ഭരണപക്ഷ പരാമര്‍ശം പിന്‍വലിക്കും വരെ നടപടികളോട് സഹകരിക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും പിരിഞ്ഞു.

7- പട്ടയഭൂമി നിലവില്‍ കാർഷിക ഗാർഹിക ആവശ്യത്തിന് മാത്രം,ഹൈക്കോടതിയിൽ പുനപരിശോധന നൽകാൻ ക്വാറി ഉടമകളോട് സപ്രീംകോടതി

പട്ടയഭൂമി മറ്റ്‌ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന ഹൈക്കോടതി വിധിക്ക് എതിരെ ക്വാറി ഉടമകൾ സുപ്രീം കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചുഹർജി കോടതി തള്ളുമെന്ന സാഹചര്യത്തിലാണ് പിൻവലിച്ചത്. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

8-ഭോപ്പാൽ വാതക ദുരന്തം: ഇരകളുടെ നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ഭോപ്പാൽ വാതക ദുരന്തത്തിലെ ഇരകളുടെ നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി ഭരണഘടന ബെഞ്ച് തള്ളി. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേന്ദ്ര സർക്കാർ നൽകിയ തിരുത്തൽ ഹർജി തള്ളിയത്.

9- സുരേഷ് ​ഗോപി കണ്ണൂരിലേക്ക് വരട്ടെ, മുഖം നോക്കാൻ കഴിയാത്ത വിധം തോൽക്കുമെന്ന് എം വി ജയരാജൻ

സുരേഷ് ഗോപി കണ്ണൂരിൽ മത്സരിക്കാൻ വരുന്നത് നല്ലതെന്ന് എം വി ജയരാജൻ. കണ്ണൂരിൽ മത്സരിച്ചാൽ സ്വന്തം മുഖം നോക്കാൻ കഴിയാത്ത വിധം സുരേഷ് ഗോപി തോൽക്കും. തലശ്ശേരിയിൽ നേരത്തെ ഷംസീറിനെ തോൽപ്പിക്കുമെന്ന് പ്രഖ്യാപിച്ച ആളാണ് സുരേഷ് ഗോപിയെന്നും എം വി ജയരാജൻ പരിഹസിച്ചു.

10- വയറുവേദനയ്ക്ക് ആശുപത്രിയിലെത്തി, ഒരു വർഷത്തിനിടെ 7 ശസ്ത്രക്രിയ നടത്തി; കൊല്ലത്ത് 47കാരിക്ക് ദുരിത ജീവിതം

ഗർഭാശയം നീക്കം ചെയ്തതിന് പിന്നാലെ ഏഴ് തവണ ശസ്ത്രക്രിയ്ക്ക് വിധേയയായ യുവതി ദുരിതത്തിൽ. കൊല്ലം പത്തനാപുരം വാഴപ്പാറ സ്വദേശി ഷീബയ്ക്കാണ് ഈ ദുരവസ്ഥ. ഡോക്ടർമാരുടെ അനാസ്ഥയാണ് ഷീബയുടെ ദുരിതത്തിന് കാരണമെന്ന് കെബി ഗണേഷ്കുമാർ എംഎൽഎ കഴിഞ്ഞ ദിവസം നിയമസഭയിൽ ഉന്നയിച്ചിരുന്നു.