കുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റ് മാതാപിതാക്കൾ; പിന്നാലെ ബൈക്കും മൊബൈലും വാങ്ങി, അറസ്റ്റ്

By Web TeamFirst Published Aug 30, 2020, 4:56 PM IST
Highlights

നിലവിൽ ജില്ലയിലെ ശിശുസംരക്ഷണ കേന്ദ്രത്തിലാണ് കുഞ്ഞുള്ളത്. തന്നെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് കുഞ്ഞിനെ വില്‍ക്കാന്‍ സമ്മതം നല്‍കേണ്ടിവന്നതെന്നാണ് അമ്മയുടെ മൊഴി. 

ബാം​ഗ്ലൂർ: മൂന്ന് മാസം പ്രായമുള്ള പെൺ കുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റ് മാതാപിതാക്കൾ. കര്‍ണാടകയിലെ ചിക്കബല്ലപൂര്‍ ജില്ലയിലെ തിനക്കലിലാണ് സംഭവം. സംഭവം പുറത്തുവന്നതിന് പിന്നാലെ ശിശു ക്ഷേമ വകുപ്പ് ഇടപെട്ട് കുട്ടിയെ മോചിപ്പിച്ചു. മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ജനിച്ച സമയത്ത് ആശുപത്രിയില്‍ വെച്ചുതന്നെ കുഞ്ഞിനെ വില്‍ക്കാനുള്ള ശ്രമം ഇവർ ആരംഭിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. ദമ്പതികളുടെ പ്രവര്‍ത്തിയില്‍ സംശയം തോന്നിയ ആശുപത്രി അധികൃതരുടെ ഇടപെടല്‍ കാരണം അന്ന് വില്പന നടന്നില്ല. 

കുഞ്ഞിനെ വിൽക്കാനുള്ള ദമ്പതികളുടെ താല്പര്യം മനസിലാക്കിയ ഒരു വ്യക്തി പിന്നീട് ഇവരെ സമീപിക്കുകയും, കുഞ്ഞുങ്ങളില്ലാത്ത ദമ്പതികളെ പരിചയപ്പെടുത്തി കൊടുക്കുകയുമായിരുന്നു. ഒരുലക്ഷം രൂപയ്ക്കാണ് ഇവര്‍ കുഞ്ഞിനെ വിറ്റതെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. 

കുഞ്ഞിനെ വിറ്റ് കിട്ടിയ പണത്തില്‍ നിന്നും 50,000 രൂപയ്ക്ക് ബൈക്കും 15,000രൂപയ്ക്ക് ഒരു മൊബൈല്‍ ഫോണും യുവാവ് വാങ്ങിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. യുവാവിന്റെ പെട്ടെന്നുള്ള ആഢംബരജീവിതം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ദമ്പതികളുടെ കുഞ്ഞ് വീട്ടിലില്ലെന്ന് മനസ്സിലായത്. പിന്നാലെ ഇവർ ശിശുക്ഷേമസമിതിയെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ മാതാപിതാക്കള്‍ വിറ്റതായി തെളിഞ്ഞതും മാതാപിതാക്കളെ അറസ്റ്റ് ചെയ്തതും.

നിലവിൽ ജില്ലയിലെ ശിശുസംരക്ഷണ കേന്ദ്രത്തിലാണ് കുഞ്ഞുള്ളത്. തന്നെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് കുഞ്ഞിനെ വില്‍ക്കാന്‍ സമ്മതം നല്‍കേണ്ടിവന്നതെന്നാണ് അമ്മയുടെ മൊഴി. കുഞ്ഞിനെ തനിക്ക് തിരിച്ച് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 

click me!