Lakewood Mass Shooting : ഉദരത്തിൽ വെടിയേറ്റിട്ടും അഞ്ച് പേരെ കൊന്ന പ്രതിയെ വെടിവച്ചിട്ട് പൊലീസ് ഉദ്യോഗസ്ഥ

By Web TeamFirst Published Jan 1, 2022, 6:33 PM IST
Highlights

വിവിധ ഇടങ്ങളിലായി നാല് പേരെ വെടിവച്ച് കൊന്ന ശേഷം അഞ്ചാമതൊരാളെക്കൂടി കൊന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് 47കാരനായ ലിന്‍ഡന്‍ മെക്ക്‌ലിങ്കോഡിയെ വെടിവച്ച് കീഴ്പ്പെടുത്തിയത്.

ന്യൂയോർക്ക്: ഡിസംബർ 27 ന് അമേരിക്കയിലെ ഡൽവയിൽ അഞ്ച് പേരെ കൊലപ്പെടുത്തിയ (Lakewood Mass Shooting) പ്രതിയെ വെടിവച്ച് വീഴ്ത്തിയ പൊലീസ് ഉദ്യോഗസ്ഥയെ (Lakewood Police Officer) തിരിച്ചറിഞ്ഞു.  ലേക്ക് വുഡിലെ പൊലീസ് ഉദ്യോഗസ്ഥയായ ആഷ്‌ലി ഫെറിസാണ് (Ashley Ferris) വയറ്റിൽ വെടിയേറ്റിടും പിന്മാറാതെ പ്രതിയെ കീഴ്പ്പെടുത്തിയത്. പിന്നാലെ ആഷ്ലിക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്. 

വിവിധ ഇടങ്ങളിലായി നാല് പേരെ വെടിവച്ച് കൊന്ന ശേഷം അഞ്ചാമതൊരാളെക്കൂടി കൊന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് 47കാരനായ ലിന്‍ഡന്‍ മെക്ക്‌ലിങ്കോഡിയെ വെടിവച്ച് കീഴ്പ്പെടുത്തിയത്. തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് ലേക്ക് വുഡ് പൊലീസ് പുറത്തുവിട്ടത്. പ്രതിയെ വെടിവച്ച് കൊന്നത്  ആഷ്‌ലി ഫെറിസാണെന്നും അതോടെയാണ് പുറംലോകമറിഞ്ഞത്. വയറ്റിൽ വെടിയേറ്റ ആഷ്ലി ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു. 

വയറ്റിൽ വെടിയേറ്റിട്ടും ആഷ്ലി പിന്മാറിയില്ല. പ്രതിയെ അതിസാഹസികമായി കീഴടക്കുകയായിരുന്നു. ഇതിന് ശേഷമാണ് ആഷ്ലി വൈദ്യസഹായം തേടിയത്. ആഷ്ലി കൃത്യസമയത്ത് എത്തിയില്ലായിരുന്നുവെങ്കിൽ ഇനിയുമെത്രയോ പേർ ലിന്‍ഡന്‍റെ തോക്കിന് ഇരയായേനെ എന്ന് ലേക്ക് വുഡ് പൊലീസ് വക്താവ് പറഞ്ഞു. കൊല്ലപ്പെട്ട അഞ്ച് പേരിൽ നാല് പേരും ടാറ്റു ജീവനക്കാരായിരുന്നു. മരിച്ച ഹോട്ടൽ തൊഴിലാളിയെ പ്രതിക്ക് നേരത്തേ അറിയാമായിരുന്നുവെന്നുമാണ് വിവരം. അതിനാൽ തന്നെ പ്രതി ലക്ഷ്യമിട്ടിരുന്നത് സമീപത്തെ ടാറ്റൂ സ്ഥാപനത്തെയാണെന്നാണ് പൊലീസ് നിഗമനം. 

click me!